നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ ഡല്‍ഹിയിലേയ്ക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രിയുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തും. കുടുംബസമേതമാകും സുരേഷ് ഗോപി പ്രധാനമന്ത്രിയെ കാണാനെത്തുക. കരുവന്നൂരിലെ പദയാത്രയ്ക്ക് പിന്നാലെയാണ് അദ്ദേഹത്തിന് പ്രധാനമന്ത്രിയുടെ ക്ഷണം വന്നിരിക്കുന്നത്.
സഹകരണ മേഖലയിലെ ക്രമക്കേടുകള്‍ക്കെതിരെ പദയാത്ര നടത്തിയതില്‍ തനിക്ക് രാഷ്ട്രീയം ഇല്ലെന്ന് സുരേഷ്ഗോപി വ്യക്തമാക്കിയിരുന്നു. സഹകരണ മേഖലയിലെ ദുരിതം ബാധിക്കപ്പെട്ടവര്‍ തന്നോടൊപ്പം കൂടിയെന്നും അവരുടെ കണ്ണീരിന്റെ വിലയ്ക്ക് സര്‍ക്കാര്‍ മറുപടി പറയേണ്ടിവരുമെന്നും സുരേഷ് ഗോപി പ്രസ്താവിച്ചിരുന്നു. പാവങ്ങളുടെ പ്രശ്നത്തില്‍ പരിഹാരം കണ്ടില്ലെങ്കില്‍ നിങ്ങളുടെ ഉറക്കം മാത്രമല്ല കിടക്ക തന്നെ നഷ്ടപ്പെടും.
മണിപ്പൂരും യുപിയും ഒന്നും നോക്കിയിരിക്കരുതെന്നും അത് നോക്കാന്‍ അവിടെ വേറെ ആണുങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം കരിവന്നൂര്‍ തട്ടിപ്പിന് ഇരയായി മരണപ്പെട്ട ശശിയുടെവീട്ടിലെത്തി സുരേഷ് ഗോപി കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ചു.
അംഗപരിമിതനായ നിക്ഷേപകന് ചികിത്സയ്ക്ക് ആവശ്യമുള്ള പണം നല്‍കിയില്ലെന്ന കുടുംബത്തിന്റെ പരാതി സംബന്ധിച്ച വിവാദമായതിന് പിന്നാലെയാണ് സുരേഷ് ഗോപി ശശിയുടെ വീട്ടിലെത്തിയത്. ശശിയുടെ മൂന്നു ലക്ഷത്തിന്റെ കടം വീട്ടാമെന്ന് സുരേഷ് ഗോപി കുടുംബാംഗങ്ങള്‍ക്ക് ഉറപ്പു നല്കി. ശശിയുടെ അമ്മയുമായും സഹോദരി മിനിയുമായും സുരേഷ് ഗോപി സംസാരിച്ചു. ആറുമാസം കൂടുമ്പോള്‍ അമ്മയ്ക്ക് മരുന്ന് എത്തിക്കാമെന്ന് സുരേഷ് ഗോപി ഉറപ്പുനല്‍കി.
