വരുമാനമുള്ള പദവിയല്ല, ശമ്പളമുള്ള ജോലിയല്ല, രാഷ്ട്രീയക്കാരനായി തുടരാന്‍ സാധിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ് കിട്ടി; സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അധ്യക്ഷസ്ഥാനത്തേയ്ക്ക് സുരേഷ് ഗോപിയെ തെരെഞ്ഞെടുത്തതായുള്ള വാര്‍ത്തകള്‍ പുറത്തെത്തിയത്. പിന്നാലെ അദ്ദേഹം ഈ സ്ഥാനം നിരസിച്ചേക്കുമെന്നായിരുന്നു പുറത്ത് വന്നിരുന്ന വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോഴിതാ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് അറിയിച്ചിരിക്കുകയാണ് നടനും മുന്‍ എംപിയുമായി സുരേഷ് ഗോപി.

കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായി സംസാരിച്ചുവെന്നും പദവിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ മാറിയെന്നും സുരേഷ് ഗോപി അറിയിച്ചു. സജീവ രാഷ്ട്രീയത്തില്‍ തുടരുന്നതില്‍ തടസം ഇല്ലെന്ന് കേന്ദ്രം അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു നടന്റെ പ്രതികരണം.

സുരേഷ് ഗോപിയുടെ പോസ്റ്റ് ഇങ്ങനെ

കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള ക്ഷണത്തിനും സ്ഥിരീകരണത്തിനും ഇന്ത്യന്‍ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, എന്റെ സുഹൃത്ത് കൂടിയായ കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍ എന്നിവരോട് നന്ദി അറിയിക്കുന്നു.

100% ഇത് വരുമാനമുള്ള പദവിയല്ലെന്നും ശമ്പളമുള്ള ജോലിയല്ലെന്നും എല്ലാ രീതിയിലും രാഷ്ട്രീയക്കാരനായി തുടരാന്‍ സാധിക്കുമെന്നുമുള്ള മന്ത്രിയുടെ ഉറപ്പ് ഉള്ളതിനാലാണ് ഞാന്‍ ഈ ചുമതല ഏറ്റെടുക്കുന്നത്. അതിനാല്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിര്‍ദ്ദേശിച്ച തീയതിയിലും സമയത്തും നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഞാന്‍ ചെയര്‍മാനായി ചുമതലയേല്‍ക്കും.

എനിക്ക് വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കണം, അതുവഴി ലോകപ്രശസ്തനായ ഇന്ത്യന്‍ സിനിമകളിലെ ഷേക്‌സ്പിയറുടെ പേരിന് സര്‍ഗാത്മതയിലൂടെ ഞാന്‍ തിളക്കം നല്‍കും.

P.s: കേരളത്തിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ജനവിഭാഗങ്ങള്‍ക്കു വേണ്ടിയുള്ള ഗാന്ധിജയന്തി റാലിക്ക് ഒരു തടസ്സവും ഉണ്ടാകില്ല. പ്രതിഷേധ മാര്‍ച്ചിനൊപ്പം ഞാനും ഉണ്ടാകും

അതേസമയം, മൂന്ന് വര്‍ഷത്തേക്ക് ആണ് സുരേഷ് ഗോപിയുടെ നിയമനം. സുരേഷ് ഗോപിയുടെ പരിച സമ്പത്ത് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരിക്കുമെന്ന് അനുരാഗ് താക്കൂര്‍ നേരത്തെ പറഞ്ഞിരുന്നു. ഒക്ടോബര്‍ 2ന് കരുവന്നൂരില്‍ പദയാത്ര നടക്കും. കരുവന്നൂര്‍ ബാങ്ക് മുതല്‍ തൃശൂര്‍ സഹകരണ ബാങ്ക് വരെ സുരേഷ് ഗോപി പദയാത്ര നടത്തും.

Vijayasree Vijayasree :