ബിജെപി സംഘടനാതലത്തിലും കേന്ദ്രമന്ത്രിസഭയിലും അഴിച്ചുപണി; സുരേഷ് ഗോപി കേന്ദ്ര മന്ത്രി സഭയിലേയ്ക്ക്?

ബിജെപി സംഘടനാതലത്തിലും കേന്ദ്രമന്ത്രിസഭയിലും അഴിച്ചുപണിയ്ക്കു സാധ്യതയെന്ന സൂചനകള്‍ക്കിടെ സുരേഷ്‌ഗോപിയുടെ പേര് വീണ്ടും ചര്‍ച്ചയില്‍. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുമ്ബ് മന്ത്രിസഭാ പുനഃസംഘടനയുണ്ടായാല്‍ മുന്‍രാജ്യസഭാംഗമായ സുരേഷ്‌ഗോപിയെ പരിഗണിക്കാനുള്ള സാധ്യതയാണ് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നത്.

ഒമ്ബത് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പുകള്‍, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് എന്നിവയ്ക്കു മുന്നോടിയായാണു പുനഃസംഘടന ആലോചിക്കുന്നത്. ലോക്‌സഭയില്‍ എല്ലാ സംസ്ഥാനത്തുനിന്നുമുള്ള പ്രാതിനിധ്യമാണു ബി.ജെ.പി. കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നത്.

കേരളത്തിലാണ് ഏറ്റവും സാധ്യത കുറവെന്നതു കണക്കാക്കിയാണ് സുരേഷ്‌ഗോപിയെ വീണ്ടും കളത്തിലിറക്കാനുള്ള നീക്കം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ്‌ഗോപി തൃശൂരില്‍ മത്സരിച്ച് മുന്നേറ്റമുണ്ടാക്കിയിരുന്നു. തിരുവനന്തപുരം, തൃശൂര്‍ സീറ്റുകളില്‍ ബി.ജെ.പിക്കു നല്ല സാധ്യതയുണ്ടെന്നാണു കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.

ശശി തരൂര്‍ മത്സരിക്കാത്ത സാഹചര്യമുണ്ടായാല്‍ തലസ്ഥാനത്തു ജയസാധ്യതയേറും. തൃശൂരില്‍ സുരേഷ്‌ഗോപിക്കു പാര്‍ട്ടിക്കതീതമായ പിന്തുണയുണ്ട്. ഉത്സവാഘോഷങ്ങളില്‍ ആനകളെ പങ്കെടുപ്പിക്കാനുള്ള വഴിതുറന്നത് അദ്ദേഹത്തിന്റെ ഇടപെടലുകളേത്തുടര്‍ന്നാണ്. നഗരത്തിലെ പല പ്രശ്‌നങ്ങളിലും സുരേഷ്‌ഗോപി സജീവമായി ഇടപെടുന്നു.

നിലവില്‍ വി. മുരളീധരനും രാജീവ് ചന്ദ്രശേഖറുമാണു കേന്ദ്രമന്ത്രിസഭയിലെ മലയാളികള്‍. ബി.ജെ.പി. ദേശീയാധ്യക്ഷസ്ഥാനത്ത് ജെ.പി. നഡ്ഡയുടെ കാലാവധി 20ന് അവസാനിക്കും. കഴിഞ്ഞ ജൂണ്‍ എട്ടിനാണു രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യപുനഃസംഘടന നടന്നത്. അന്ന് 12 മന്ത്രിമാരെ പുതുതായി ഉള്‍പ്പെടുത്തിയപ്പോള്‍ മുതിര്‍ന്ന മന്ത്രിമാരായിരുന്ന രവിശങ്കര്‍പ്രസാദ്, പ്രകാശ് ജാവ്‌ദേക്കര്‍ എന്നിവര്‍ക്കു സ്ഥാനം നഷ്ടമായി.

Vijayasree Vijayasree :