നമ്മളിൽ ഭൂരിഭാഗം ആളുകളും ആദ്യം ആരാധിച്ച നടൻ ഒരുപക്ഷെ സുരേഷ് ഗോപിയായിരിക്കും . ഒരു രാഷ്ട്രീയക്കാരൻ എന്നതുകൊണ്ടുതന്നെ രാഷ്ട്രീയപരമായ എതിർപ്പുകൾ സ്വാഭാവികമാണ്.എന്നാൽ, സുരേഷ് ഗോപി എന്ന വ്യക്തിക്കും നടനും ആരാധകർ ഒരുപോലെയാണ്.പണ്ട് ഭരത്ചന്ദ്രനും മാധവനും മുഹമ്മദ്ദ് സർക്കാരും ഒക്കെയായി വന്ന് ഒരു കുട്ടിക്കാലത്തെ മുഴുവൻ കളിതോക്കും പിടിപ്പിച്ചു പറമ്പ് മുഴുവൻ ഓടിച്ച നടൻ എന്ന് പറഞ്ഞാലും അത് അഭംഗി ആകില്ല.
മലയാളത്തിന്‍റെ സ്വന്തം ആക്ഷന്‍ കിങ് ആയി അറിയപ്പെടുന്ന സുരേഷ് ഗോപി ഇന്ന് 63-ാം പിറന്നാൾ ആഘോഷിക്കുകയാണ്. ഇപ്പോഴിതാ പിറന്നാളിന് മുന്നോടിയായി അദ്ദേഹത്തിന്‍റെ 251-ാമത് ചിത്രത്തിന്‍റെ ക്യാരക്ടർ ലുക്ക് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ് . മാസ് ലുക്കില്‍ നരച്ച താടിയുമായി ഒരു വാച്ച് മെക്കാനിക്കായാണ് പോസ്റ്ററിൽ സുരേഷ് ഗോപിയുള്ളത്. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞുപോലെയാണ് സുരേഷ് ഗോപി എന്ന നായകന്റെ അഭിനയം. ഓരോ പുതിയ സിനിമയിലും മികച്ചതായി മാത്രമേ സുരേഷ് ഗോപിയെ കാണാൻ സാധിക്കുകയുള്ളു.
തൊണ്ണൂറുകളില്‍ ഏറ്റവും അധികം ഡബ്ബ് ചെയ്ത് മറ്റ് ഭാഷകളില്‍ റിലീസ് ചെയ്ത സിനിമകളുടെ എണ്ണം നോക്കിയാല്‍ സുരേഷ് ഗോപി സിനിമകള്‍ മുന്നിട്ടു നില്‍ക്കും. ഒരു സമയം മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പോലെ തന്നെ ആഘോഷിക്കപ്പെട്ട നടനാണ് സുരേഷ് ഗോപിയും. സൂപ്പര്‍സ്റ്റാര്‍ ആയി മോഹന്‍ലാലും മെഗാസ്റ്റാര്‍ ആയി മമ്മൂട്ടിയും നിലനില്‍ക്കുമ്പോള്‍ ആക്ഷന്‍ കിങ് എന്ന വിശേഷണമാണ് സുരേഷ് ഗോപിയ്ക്ക് നല്‍കിയത്. സത്യത്തില്‍ ലാലിനെക്കാളും മമ്മൂട്ടിയെക്കാളും കേരളത്തിന് പുറത്ത് സ്വീകാര്യത ലഭിച്ച നടനും സുരേഷ് ഗോപിയായിരുന്നു.
പുതിയ താരങ്ങള്‍ക്ക് വേണ്ടി വഴി മാറിക്കൊടുത്ത സുരേഷ് ഗോപി ഇപ്പോഴും ലഭിയ്ക്കുന്ന വേഷങ്ങള്‍ ഏറ്റവും മികച്ചതാക്കി മാറ്റുമെന്നുള്ളതിൽ സംശയമില്ല . ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ചില പഴയകാല, അപൂര്‍വ്വ ചിത്രങ്ങളിലൂടെ സുരേഷ് ഗോപിയുടെ സുവര്‍ണ കാലം നമുക്കൊന്ന് ഓർത്തെടുക്കാം .
മലയാള സിനിമയില്‍ ഏറ്റവും നന്നായി പോലീസ് യൂണിഫോം ഇണങ്ങുന്നത് സുരേഷ് ഗോപിയ്ക്ക് ആണെന്ന് പറഞ്ഞാൽ തർക്കമുണ്ടാകില്ല.. കമ്മീഷണര്‍ ചിത്രത്തിലെ ഭരത് ചന്ദ്രന്‍ ഐ പി എസ് എന്ന ഒറ്റ കഥാപാത്രം മതി ആ തലയെടുപ്പ് കാണാൻ.
പോലീസ് വേഷം മാത്രമല്ല, അന്വേഷണാത്മകമായ ഏത് വേഷവും ചെയ്യാന്‍ സുരേഷ് ഗോപി തന്നെയാണ് മുന്നില്‍. ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിലെ അഡ്വ. ലാല്‍കൃഷ്ണ എന്ന കഥാപാത്രം അത്തരമൊരു മികച്ച വേഷമായിരുന്നു.
ഗംഗയെ അഗാധമായി പ്രണയിച്ച നകുലനെ മറക്കാന്‍ പറ്റുമോ. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ നഗുലന്‍ പ്രേക്ഷക മനസ്സ് കീഴടക്കിയതാണ്. മറ്റൊരു സത്യം, മണിച്ചിത്രത്താഴിന്റെ ക്ലൈമാക്‌സിലെ ടെക്‌നിക് സുരേഷ് ഗോപി പറഞ്ഞു തന്നതാണെന്ന് സംവിധായകന്‍ ഫാസില്‍ വെളിപ്പെടുത്തിയിരുന്നു.
സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രത്തിലെ ധനികനായ അനാഥന്‍ ആയിരുന്നു ഡെന്നീസ്. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം 1998 ല്‍ ആണ് റിലീസ് ആയത്. ജയറാമും മഞ്ജു വാര്യരും മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ അതിഥി താരമായി മോഹന്‍ലാലും എത്തി.
റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത തെങ്കാശിപ്പട്ടണം എന്ന ചിത്രത്തില്‍ കണ്ണന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. സുരേഷ് ഗോപിയ്‌ക്കൊപ്പം ലാല്‍, ദിലീപ്, കാവ്യ മാധവന്‍, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ് തുടങ്ങി ഒരു വലിയ താര നിര തന്നെയുണ്ടായിരുന്നു. മിണ്ടിയാല്‍ തല്ലുന്ന സ്വഭാവക്കാരനാണെങ്കിലും സുരേഷ് ഗോപിയുടെയും സംയുക്ത വർമ്മയുടെ പ്രണയ നിമിഷങ്ങൾ മലയാളികൾക്ക് മറക്കാൻ സാധിക്കാത്ത ഒന്നാണ്.
ഇനിയും പേരിട്ടിട്ടില്ലാത്ത 251-ാം ചിത്രത്തിലെ സുരേഷ് ഗോപിയുടെ ലുക്കാണ് ഇന്നലെ പുറത്തുവിട്ടത്. നിലവിൽ വർക്കിംഗ് ടൈറ്റിലായ SG251 എന്ന പേരാണ് നൽകിയിരിക്കുന്നത്. ഒരു വാച്ച് മെക്കാനിക്കിന്റെ റോൾ എന്ന സൂചന നൽകുന്നതാണ് പുതിയ പോസ്റ്റ്. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ മലയാളത്തിലെ മുൻനിര താരങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പുതിയ ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.
ചിത്രം ആരാധകരില്‍ വന്‍ ആവേശം ഉണ്ടാക്കും എന്ന് സൂചന സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചുകഴിഞ്ഞു. ചിത്രം മാസ് ആക്ഷൻ സിനിമയായിരിക്കുമെന്നുറപ്പാണ്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളോ അഭിനേതാക്കളുടെ പേരോ ഒന്നും വെളിപ്പെടുത്തിയട്ടില്ല. എത്തിറിയൽ എൻ്റർടെയിൻമെൻ്റ്സിൻ്റെ ബാനറിൽ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ രാമചന്ദ്രൻ ആണ്. സമീൻ സലീമാണ് ചിത്രത്തിൻ്റെ തിരക്കഥ തയ്യാറാക്കുന്നത്.
ABOUT SURESH GOPY