മലയാളികള്‍ക്കേറെ ഇഷ്ടമുള്ള താരങ്ങളില്‍ ഒരാളാണ് സുരാജ് വെഞ്ഞാറമ്മൂട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റേ അഭിപ്രായങ്ങളെല്ലാം പങ്കുവെച്ച് എത്താറുണ്ട്. മിമിക്രി കലാകാരനായി വന്ന് മലയാളികളുടെ മനസിലിടം നേടിയ സുരാജ് ഇന്ന് ഒന്നിന് പിറകെ ഒന്നായി മികച്ച വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും, നാല് സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി സൂരാജ് കരിയറില്‍ മികച്ച വിജയം നേടുകയുമായാണ്. റിയാലിറ്റി ഷോ അവതാരകനായി മിനിസ്‌ക്രീനിലെ തിളങ്ങിയ സുരാജ് ഇപ്പോഴും ടെലിവിഷന്‍ ഷോകളില്‍ സജീവ സാന്നിധ്യമാണ്. സുരാജിന്റ ഏറ്റവും പുതിയ ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായിമാറുന്നത്.
നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ചോറ്റാനിക്കര ക്ഷേത്രത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംബന്ധിക്കവെയാണ് കാണികളെ സുരാജ് പൊട്ടിച്ചിരിപ്പിച്ചത്. അവാര്‍ഡ് കിട്ടിയതിനെക്കുറിച്ച് സംസാരിക്കവെ ആയിരുന്നു വേദിയില്‍ പൊട്ടിച്ചിരി മുഴങ്ങിയത്. താരത്തിന്റെ വാക്കുകള്‍. ‘എനിക്ക് ഈ അവാര്‍ഡുകള്‍ കിട്ടിയ കഥയൊക്കെ അറിയാമല്ലോ’, എന്ന് പറഞ്ഞുകൊണ്ടാണ് സുരാജ് സംസാരിക്കുന്നത്.
എനിക്ക് മൂന്നു കുഞ്ഞുങ്ങളാണ്, നിങ്ങള്‍ കാണുന്ന പോലെയൊന്നുമല്ല. ആദ്യത്തെ ആള് ജനിച്ചപ്പോള്‍ ആണ് എനിക്ക് ആദ്യത്തെ സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. കാശിനാഥ് എന്നാണ് പേര്. കൈയ്യടിക്ക് നിങ്ങള്‍, എന്റെ അച്ഛന്‍ പറഞ്ഞിട്ടുണ്ട് എന്ത് കാര്യവും ചോദിച്ചുവാങ്ങണം എന്ന്. നിങ്ങള്‍ കൈയ്യടിക്ക്. പിന്നാലെ എന്റെ രണ്ടാമത്തെ മകന്‍ ജനിച്ചു വാസുദേവ്. ആള് ജനിച്ചപ്പോള്‍ രണ്ടാമത്തെ സംസ്ഥാന അവാര്‍ഡും കിട്ടി.
അപ്പോള്‍ ഞാന്‍ കരുതി ഈ പരിപാടി കൊള്ളാമല്ലോ എന്ന്. അങ്ങനെ താന്‍ പാതി ദൈവം പാതി എന്നാണല്ലോ. മൂന്നാമത് ഒരു പെണ് കുഞ്ഞുവേണം എന്നാണ് ആഗ്രഹിച്ചത്. മൂന്നാമത് ഒരു പെണ്‍കുട്ടി ജനിച്ചു ഹൃദ്യ. ആള് ജനിച്ചപ്പോള്‍ എനിക്ക് സംസ്ഥാന അവാര്‍ഡും, ദേശീയ അവാര്‍ഡും കിട്ടി. ഇനിയുള്ളത് ഓസ്‌കാര്‍ ആണ്, അത് കിട്ടും എങ്കില്‍ നാലാമത്തെ കുഞ്ഞിനും ഞാന്‍ റെഡിയാണ്. നിങ്ങള്‍ എല്ലാവരും പ്രാര്‍ത്ഥിക്കണം, സഹകരണം വേണ്ട എന്നും സരസമായി സൂരജ് പറയുന്നു.
ഞാന്‍ ഇന്നീ കഥ ഇവിടെ പറയും എന്ന് പറഞ്ഞപ്പോള്‍ എന്റെ ഭാര്യ എന്നോട് ചോദിച്ചത് നാണമില്ലേ എന്നാണ്. മൂന്ന് അവാര്‍ഡും എന്റെയും കൂടി മിടുക്ക് കൊണ്ടാണ് എന്നാണ് അവള്‍ പറഞ്ഞത്. ഇനിയൊരു കാര്യം ചെയ്യ് നല്ലോണം അധ്വാനിച്ച് അഭിനയിച്ച് അവാര്‍ഡ് വാങ്ങാന്‍ ആണ് അവള്‍ പറയുന്നത് വേദിയെ പൊട്ടിചിരിപ്പിച്ചുകൊണ്ട് സുരാജ് പറഞ്ഞു. ഒരുപാട് സന്തോഷമുണ്ട് നവരാത്രി ആഘോഷത്തിന് തന്നെ ക്ഷണിച്ചതിലെന്നും താരം പറഞ്ഞു.
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് സുരാജ് വെഞ്ഞാറമൂട് അപമാനിച്ചെന്ന് ആരോപിച്ച് സംവിധായകന്‍ സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയത് ഏറെ വാര്‍ത്തയായിരുന്നു. ഇതില്‍ സന്തോഷ് പണ്ഡിറ്റ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. സ്വകാര്യ ടെലിവിഷന്‍ ചാനലിലെ മിമിക്രി പരിപാടിക്കിടെ തന്നെ അപമാനിച്ചെന്ന് ആരോപിച്ചാണ് സന്തോഷ് പണ്ഡിറ്റ് കോടതിയെ സമീപിച്ചത്. നടന്‍ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും വിലയിരുത്തി ജസ്റ്റിസ് എന്‍. നഗരേഷാണ് ഹര്‍ജി തള്ളിയത്.
2018ല്‍ സംപ്രേഷണം ചെയ്ത മിമിക്രി പരിപാടിയിലൂടെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ആരോപിച്ച് സന്തോഷ് പണ്ഡിറ്റ് ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍, സ്വകാര്യ അന്യായത്തില്‍ കേസ് എടുക്കാനാകില്ലെന്ന് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മജിസ്‌ട്രേറ്റ് കോടതി ഉത്തരവില്‍ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അനുകരണകല വ്യക്തിത്വത്തെ അപമാനിക്കുന്നതല്ല. സുരാജ് വെഞ്ഞാറമൂട് സ്വന്തം പേര് പറഞ്ഞാണ് പരിപാടി അവതരിപ്പിച്ചതെന്നും ഇതിനാല്‍ ആള്‍മാറാട്ടമാണെന്ന ആരോപണം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.
അതേസമയം, സുരാജിനെതിരെ അടുത്തിടെ കടുത്ത സൈബര്‍ ആക്രമണവും നടന്നിരുന്നു. പിന്നാലെ നടന്‍ കാക്കനാട് പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഫോണില്‍ വിളിച്ചു വധഭീഷണി മുഴക്കിയെന്നാണ് സുരാജ് പരാതിയില്‍ പറയുന്നത്. മാത്രമല്ല, വാട്‌സാപ്പില്‍ ഭീഷണി സന്ദേഷം അയച്ചുവെന്നും പറഞ്ഞിരുന്നു.
മണിപ്പൂര്‍ സംഭവത്തില്‍ പ്രതികരിച്ച താന്‍ എന്ത്‌കൊണ്ട് ആലുവയിലെ അഞ്ചുവയസുകാരിയുടെ മരണത്തില്‍ പ്രതികരിക്കുന്നില്ലെന്ന് ചോദിച്ചായിരുന്നു സൈബര്‍ ആക്രമണവും ഭീഷണിയുമെന്നായിരുന്നു നടന്‍ അന്ന് പറഞ്ഞിരുന്നത്. മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍, മണിപ്പൂര്‍ അസ്വസ്തഥയുണ്ടാക്കുന്നു. അപമാനം കൊണ്ട് തല താഴുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ എന്നാണ് സുരാജ് കുറിച്ചിരുന്നത്.