ഐപിഎല്ലില്‍ മിന്നും ഫോമിലാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്‍. മികച്ച ബാറ്റിങുമായി ടീമിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക സാന്നിധ്യമായി നില്‍ക്കുന്ന ശുഭ്മാന്‍ ഗില്‍ മറ്റൊരു ഇന്നിങ്‌സും തുറക്കാനൊരുങ്ങുന്നു. ഇത്തവണ പക്ഷേ ക്രിക്കറ്റലില്ല എന്നു മാത്രം. ഡബ്ബിങ് ആര്‍ട്ടിസ്റ്റായാണ് ശുഭ്മാന്റെ പുതിയ ഇന്നിങ്‌സ് തുറക്കുന്നത്.
സ്‌ക്രീനില്‍ സ്‌പൈഡര്‍മാന് ശബ്ദം നല്‍കുകയാണ് ശുഭ്മാന്‍ ഗില്‍. സ്‌പൈഡര്‍മാന്റെ ഇന്ത്യന്‍ അവതാരമായ പവിത്ര് പ്രഭാകറിനാണ് ശുഭ്മാന്‍ ഗില്‍ ശബ്ദം നല്‍കുന്നത്. ഹിന്ദി, പഞ്ചാബി സംഭാഷണങ്ങളായിരിക്കും ശുഭ്മാന്റെ ശബ്ദത്തില്‍ കേള്‍ക്കുക.
സ്‌പൈഡര്‍മാന്‍ എക്രോസ് ദി സ്‌പൈഡര്‍ വേര്‍സ് എന്ന ആനിമേഷന്‍ സിനിമയാണിത്. സോണി പിക്‌ചേഴ്‌സ് എന്‍ര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളമുള്‍പ്പെടെയുള്ള ഭാഷകളില്‍ ചിത്രം കാണാം. ജൂണ്‍ രണ്ടിന് രാജ്യത്തെ തിയേറ്ററുകള്‍ സിനിമ റിലീസ് ചെയ്യും. ഹിന്ദി, ഇംഗ്ലീഷ്, മലയാളം, പഞ്ചാബി, ബംഗാളി, തമിഴ്, കന്നഡ, തെലുഗു, മറാത്തി, ഗുജറാത്തി ഭാഷകളില്‍ ചിത്രം ഇറങ്ങും.
പുതിയ ഇന്നിങ്‌സിന്റെ ത്രില്ലിലാണ് താരം. താന്‍ ഇപ്പോള്‍ അതിമാനുഷനാണെന്ന തോന്നലിലാണെന്ന് ഗില്‍ പറയുന്നു. സ്‌പൈഡര്‍ മാനെ കണ്ടാണ് താനും വളര്‍ന്നത്. തന്റെയും സൂപ്പര്‍ ഹീറോ തന്നെ. അത്തരമൊരു കഥാപാത്രത്തിന് ശബ്ദം നല്‍കുന്ന വലിയ അനുഭവമാണ്. സിനിമ റിലീസ് ചെയ്യുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും താരം വ്യക്തമാക്കി.