തന്റെ വീട്ടുജോലിക്കാരിയുടെ ഒമ്പതുവയസുള്ള മകളെ കാണാനില്ല, കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം; സഹായം അഭ്യര്‍ത്ഥിച്ച് സണ്ണി ലിയോണ്‍

നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കിടാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു സഹായം അഭ്യര്‍ത്ഥിച്ച് എത്തിയിരിക്കുകയാണ് സണ്ണി ലിയോണ്‍. തന്റെ വീട്ടുജോലിക്കാരിയുടെ ഒമ്പതുവയസുള്ള മകളെ കാണാനില്ലെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നുമാണ് നടി പറയുന്നത്.

കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികമായി നല്‍കുമെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്. മുംബൈയിലെ ജോഗേശ്വരി ഭാഗത്തുവെച്ച് ബുധനാഴ്ചയാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ പേരുവിവരങ്ങളും ചിത്രവും സണ്ണി ലിയോണ്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയെ അന്വേഷിച്ച് മാതാപിതാക്കള്‍ ഭ്രാന്തുപിടിച്ച അവസ്ഥയിലാണെന്നാണ് സണ്ണി ലിയോണ്‍ ഇന്‍സ്റ്റാഗ്രാം കുറിപ്പില്‍ പറയുന്നത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പേരും ഫോണ്‍നമ്പറുകളും താരം കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്. കുട്ടിയെ കണ്ടെത്തുന്നവര്‍ മാതാപിതാക്കളേയോ തന്നെയോ വിവരമറിയിക്കണമെന്നാണ് സണ്ണി ആവശ്യപ്പെടുന്നത്. കുട്ടിയെ തിരിച്ചെത്തിക്കുന്നവര്‍ക്കോ എന്തെങ്കിലും കുട്ടിയേക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്കോ പണമായി ഉടനടി 11,000 രൂപ നല്‍കും.

ഇതിനുപുറമേ തന്റെ കയ്യില്‍ നിന്ന് വ്യക്തിപരമായി 50,000 രൂപ കൂടി നല്‍കുമെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. എല്ലാവരും കണ്ണുകള്‍ തുറന്ന് പെണ്‍കുട്ടിക്കായി തിരച്ചില്‍ നടത്തണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. വിവിധ ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം മഹാരാഷ്ട്രയില്‍ ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെ 3594 പെണ്‍കുട്ടികളും സ്ത്രീകളുമാണ് കാണാതായത്.

16 മുതല്‍ 35 വയസുവരെയുള്ളവരാണ് ഇക്കൂട്ടത്തിലുള്ളത്. ഇതില്‍ 383 പേരെ കാണാതായത് മുംബൈയില്‍ നിന്നാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത കെന്നഡിയാണ് സണ്ണി ലിയോണ്‍ ഒടുവില്‍ ചെയ്ത ചിത്രം. ഈ വര്‍ഷം കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് വന്‍വരവേല്പാണ് ലഭിച്ചത്. ആസ്വാദകര്‍ ഏഴുമിനിറ്റ് എഴുന്നേറ്റ് നിന്ന് കരഘോഷത്തോടെയാണ് കെന്നഡിയെ സ്വീകരിച്ചത്.

Vijayasree Vijayasree :