‘നിങ്ങള്‍ക്ക് നാണമില്ലേ?’ എന്ന് ബന്ധുക്കളോട് ചോദിക്കേണ്ടി വന്നു; മകന്റെ വിവാഹ ദിവസം ചിലരോട് രൂക്ഷമായി പെരുമാറേണ്ടി വന്നതിനെ കുറിച്ച് സണ്ണി ഡിയോള്‍

സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന ഒരാളാണ് നടന്‍ സണ്ണി ഡിയോള്‍. മാധ്യമങ്ങള്‍ക്ക് പോലും വളരെ ചുരുക്കമായാണ് അദ്ദേഹം അഭിമുഖങ്ങള്‍ നല്‍കുന്നത്. ഇപ്പോഴിതാ തന്റെ മകന്റെ വിവാഹ ദിവസം ബന്ധുക്കളില്‍ ചിലരോട് രൂക്ഷമായി പെരുമാറേണ്ടി വന്നതിന്റെ കാരണം തുറന്നു പറയുകയാണ് താരം.

ചടങ്ങിനെത്തിയ ബന്ധുക്കളില്‍ ചിലര്‍ വിഡിയോയും ചിത്രങ്ങളും എടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് കണ്ടപ്പോള്‍ ദേഷ്യം നിയന്ത്രിക്കാനായില്ലെന്ന് താരം പറഞ്ഞു. ‘നിങ്ങള്‍ക്ക് നാണമില്ലേ?’ എന്ന് അവരോട് ചോദിക്കേണ്ടി വന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ ജൂണിലായിരുന്നു കരണ്‍ ഡിയോളും ദൃശ്യ ആചാര്യയും വിവാഹിതരാകുന്നത്. വിവാഹത്തിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ‘കുറച്ചു പേരെ നിയന്ത്രിച്ചു. എന്നാല്‍ ചടങ്ങില്‍ വന്ന എല്ലാവരും ഇതുതന്നെയാണ് ചെയ്യുന്നത് എന്ന് കണ്ടപ്പോള്‍ എന്തെങ്കിലും ആകട്ടെ എന്ന് കരുതി ഒന്നും പറയാന്‍ പോയില്ല’ താരം പറഞ്ഞു.

മറ്റുള്ളവരുടെ വികാരത്തെ ബഹുമാനിക്കാത്ത അജ്ഞാതര്‍ ഉപയോഗിക്കുന്നതാണ് സമൂഹമാധ്യമങ്ങള്‍. സമൂഹമാധ്യമങ്ങള്‍ വന്നതോടെ ജോലിയില്ലാത്തവര്‍ക്ക് ഒരു ആയുധം കിട്ടിയപോലെയാണ്. അവര്‍ക്ക് എന്തും പറയാം. മറ്റുള്ളവരെ അത് വേദനിപ്പിക്കുമോ എന്നുപോലും അവര്‍ ചിന്തിക്കില്ലെന്നും താരം കുറ്റപ്പെടുത്തി. പിന്നീട് കരണ്‍ ഡിയോള്‍ ചടങ്ങുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

Vijayasree Vijayasree :