കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ സംഘങ്ങൾ ആദ്യം പിടിയിലായ കേസിൽ മാസങ്ങൾ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയർന്നു കേട്ടത്. അതേ വർഷം ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപിന് മൂന്ന് മാസത്തോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് ജാമ്യം ലഭിച്ചത്. വിചാരണ തുടങ്ങിയെങ്കിലും ഇടയ്ക്ക് പുതിയ വെളിപ്പെടുത്തലുണ്ടായി.
തുടർന്ന് ഹൈക്കോടതിയിൽ നിന്നും നടന് ജാമ്യം ലഭിക്കുകയായിരുന്നു. ഇപ്പോൾ വളരെ നിർണായക ഘട്ടങ്ങളിലൂടെയാണ് കേസ് കടന്നു പോകുന്നത്. അന്ന് മുതൽ ആരംഭിച്ച നടിയുടെ നിയമപോരാട്ടങ്ങൾ എട്ടാം വർഷത്തിലേയ്ക്ക് കടന്ന് പൊയ്ക്കൊണ്ടിരിക്കുകയാണ്. മലയാള സിനിമാ താരങ്ങളുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന പൾസർ സുനിയായിരുന്നു ആക്രമണത്തിന് പിന്നിൽ. എന്നാൽ മലയാള സിനിമയേയും ഇന്ത്യയെ തന്നെ നടുക്കിയ ഈ സംഭവത്തിന് ശേഷം മറ്റ് ചില നടിമാർക്കും ഇത്തരത്തിലുളള ക്രൂരത അനുഭവിക്കേണ്ടി വന്നിട്ടുളളതായുളള ചില സൂചനകളും പല കോണുകളിൽ നിന്നായി പുറത്ത് വന്നിരുന്നു.
എന്നാൽ ഇപ്പോഴിതാ ഒരു ചാനലിന്റെ സ്റ്റിംഗ് ഓപറേഷനിലൂടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് എത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി മുൻപും മറ്റ് നടിമാരെ ആക്രമിച്ചിട്ടുണ്ട് എന്നാണ് വെളിവാകുന്നത്. മുമ്പ് 5 പേർ ഇത് സബംന്ധിച്ച് പോലീസിന് മൊഴി കൊടുത്തിട്ടുണ്ടെന്നും എന്നാൽ ഇതെല്ലാം പറഞ്ഞ് സെറ്റിലാക്കിയെന്നുമാണ് പൾസർ സുനി വെളിപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ മറ്റ് നടിമാർക്കെതിരെയുളള അതിക്രമങ്ങൾക്ക് പിന്നിൽ ദിലീപ് അല്ലെന്നും അതൊന്നും ദിലീപ് പറഞ്ഞിട്ടല്ല ചെയ്തതെന്നുമാണ് പൾസർ സുനി പറയുന്നത്. മാത്രമല്ല, നടിയെ ആക്രമിക്കാൻ ദിലീപ് തനിക്ക് നൽകിയത് ഒന്നര കോടിയുടെ ക്വട്ടേഷൻ ആണെന്നും പൾസർ സുനി പറഞ്ഞിരുന്നു. കേസിൽ ഏറ്റവും നിർണായകമായേക്കാവുന്ന വെളിപ്പെടുത്തലിൽ ഇനി പോലീസ് എന്ത് നടപടി സ്വീകരിക്കുമെന്നാണ് അറിയേണ്ടത്. ഇപ്പോഴിതാ ഇത് സംബന്ധിച്ച് വിശദമായ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് അഭിഭാഷകനും നടനുമായ സി ഷുക്കൂർ.
കുറിപ്പ് ഇങ്ങനെ;
മലയാള മാധ്യമ ചരിത്രത്തിൽ മികച്ച ഒരേടാണ് ഇന്നത്തെ Reporter Live ബ്രേക്ക്. ആ കേസിലെ ഒന്നാം പ്രതി , പൾസർ സുനി ആ കുറ്റ കൃത്യത്തിലെ അയാളുടെ പങ്കാളിത്തം കൃത്യമായി ഒരു സ്റ്റിംഗ് ഓപ്പറേഷനിൽ പുറത്തു പറയുകയാണ്. ഈ വെളുപ്പെടുത്തൽ നിലവിലെ കേസിൽ എങ്ങിനെയാവും സ്വാധീനിക്കുക? ഇതൊരു പുതിയ വെളിപ്പെടുത്തലാണ്, അതും പൂർണ്ണ മനസ്സാലെ , പരപ്രേരണ കൂടാതെ ചെയ്ത കുറ്റ കൃത്യത്തിൽ അയാളുടെ പങ്കും മറ്റു പ്രതികളുടെയും പ്രതികൾ അല്ലാത്ത പലരുടെയും ഉൾപ്പെടലും അയാളിലൂടെ പുറത്തു വരികയാണ്.
പോലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ച്, വിചാരണ പൂർത്തീകരിച്ചു അന്തിമ വാദം നടക്കുന്ന ഒരു കേസിലാണ് ഒന്നാം പ്രതി ഇങ്ങിനെ extra Judicial confession നടത്തിയിരിക്കുന്നത്. ഈ വെളിപ്പെടുത്തലോടെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ, വാച്യമോ രേഖാമൂലമോ ആയ പുതിയ തെളിവ്(further evidence) ലഭിച്ചു എന്ന നിലയിൽ CrPC 173( പ്രകാരം അല്ലെങ്കിൽ BNSS 193(9) ബഹു കോടതി മുമ്പാകെ തുടർ അന്വേഷണത്തിനു ഒരു ഹർജി ഫയൽ ചെയ്ത്, കോടതിയുടെ അനുമതിയോടെ തുടർ അന്വേഷണം ഉത്തരവായാൽ, റിപ്പോർട്ടർ മുമ്പാകെ പ്രതി നടത്തിയ കുറ്റ സമ്മത വിഡിയോ ഫൂട്ടേജുകൾ നിയമം അനുശാസിക്കുന്ന രീതിയിൽ ആഷ് വാല്യൂ അടക്കം അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരാക്കണം.
ഒരു പ്രതി നടത്തുന്ന കുറ്റ സമ്മതം കൂട്ട പ്രതികൾക്ക് ബാധകമാണോ? അല്ല, എന്നാൽ ആ കുറ്റ സമ്മതത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ മറ്റു രേഖകൾ വഴിയും മൊഴികളും തെളിവുകളും വഴി സ്ഥാപിക്കാനായാൽ മറ്റു പ്രതികൾക്കും ആ വെളിപ്പെടുത്തലുകൾ ദോഷകരമായി ബാധിക്കും.
നേരത്തെ നരോദ് പാട്യ കേസിൽ ടെഹൽക്കയിലെ ആഷിസ് കേതൻ നടത്തിയ sting ഓപ്പറേഷനിൽ ബാബു ബജ്റംഗിയും മായാ കൊഡ്നാനിയും നടത്തിയ കറ്റ സമ്മതം Special Investigation team വഴി സെഷൻസ് കോടതി മുമ്പാകെ ഹാജരാക്കിതിലൂടെയാണ് ഗുജറാത്ത് വംശ ഹത്യയിൽ 91 പേർ കൊല്ലപ്പെട്ട കേസിൽ അവരുടെ (പ്രതികളുടെ) ശിക്ഷ ഉറപ്പാക്കിയത്.
ഇവിടെ, ബഹുമാനപ്പെട്ട കോടതി മുമ്പാകെ അന്വേഷണ ഉദ്യോഗസ്ഥൻ തുടർ അന്വേഷണത്തിനുള്ള അനുമതിക്കായി അപേക്ഷ സമർപ്പിക്കുമോ?
ഇനി അന്വേഷണ ടീം തുടർ അന്വേഷണം ആവശ്യപ്പെടുന്നില്ലെങ്കിൽ, അതി ജീവിത ആവശ്യപ്പെടുമോ? അങ്ങിനെ അപേക്ഷ സമർപ്പിച്ചാൽ, പൾസർ സുനി എന്തു നിലപാടു സ്വീകരിക്കും? ദീലിപും മറ്റു പ്രതികളും ആ ഹർജിയുടെ ആവശ്യത്തെ എതിർക്കുമോ? ബഹു സെഷൻസ് കോടതി എന്തു തീരുമാനം കൈകൊള്ളും?
തുടർ അന്വേഷണം അനുവദിച്ചാൽ, നിലവിൽ വെളിവായ കാര്യങ്ങൾ വെച്ച് പ്രതി പട്ടികയിൽ പുതിയ ആളുകൾ വരുമോ? എവിടെയാണ് റിക്കാർഡ് ചെയ്ത മൊബൈൽ ഫോൺ ഉള്ളത്? ദിലീപിനും ബന്ധുക്കൾക്കും ഈ മൊബൈൽ ഫോണിലേക്കുള്ള ദൂരം എത്ര ആയിരുന്നു?
ക്വട്ടേഷൻ തുകയിൽ 70 ലക്ഷം ആര് , എപ്പോൾ, എങ്ങിനെ കൈമാറി? ആ പണം കൈമാറിയവരിലേക്ക് എങ്ങിനെ വന്നു? കോടതി മുമ്പാകെ വിചാരണ നടന്നു കൊണ്ടിരിക്കുന്ന ഒരു കേസിൽ, ആ കേസിൽ വലിയ രീതിയിൽ സ്വാധീനം ചൊലുത്താവുന്ന ഒരു കാര്യം ഇങ്ങിനെ ഒരു ടെലിവിഷൻ ചാനൽ പ്രക്ഷേപണം ചെയ്യാമോ?
ക്രിമിനൽ കോടതി അലക്ഷ്യം ഈ കാര്യത്തിൽ എന്താണ് പറയുന്നത്? മാധ്യമങ്ങളോട് സംസാരിക്കരുതെന്ന നിബന്ധനയിൽ പുറത്തിറങ്ങിയ പൾസർ സുനിയുടെ ജാമ്യം റദാക്കുവാൻ പ്രോസിക്യൂഷൻ അപേക്ഷ നൽകുമോ? അങ്ങിനെ അപേക്ഷ നൽകിയാൽ അതു എട്ടാം പ്രതിയെ സഹായിക്കുവാൻ ചെയ്തതാണെന്ന രീതിയിൽ വ്യാഖ്യാനിക്കില്ലെ? ഇനി സ്വയം കോടതിജാമ്യം റദ്ദു ചെയ്യുമോ? ഏതായാലും ലോക ചരിത്രത്തിൽ അപൂർവ്വ സംഗതിയാകും ബലാൽസംഗത്തിനു ഒരാൾ ക്വട്ടേഷൻ കൊടുക്കുന്നത്.
മനുഷ്യരുടെ മറവിയിലേക്ക് ആ ഭീകരവും മനുഷ്യത്വ വിരുദ്ധവുമായ സംഭവത്തെ തള്ളിവിടാതെ കൃത്യമായ ഇടവേളകളിൽ ഓർമ്മിപ്പിക്കുന്നത് തീർച്ചയായും സാമൂഹിക പ്രവർത്തനമാണ്. ഈ കാര്യങ്ങൾ പലതും അതി ജീവിതയിൽ നിന്നും നേരിട്ടു കേട്ടിട്ടുണ്ട്, ആ നടുക്കം മാറുന്നില്ല.
ആ ധീരയോട് ഒരിക്കൽ കൂടി ഐക്യപ്പെടുന്നുവെന്നുമാണ് ഷുക്കൂർ വക്കീൽ പറയുന്നത്.
അതേസമയം ഇപ്പോഴത്തെ വെളിപ്പെടുത്തൽ ദിലീപിന് ഗുണകരമാകുമെന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ച കൂടി സാഹചര്യത്തിൽ. കേസിൽ ഏപ്രിൽ 11 ഓടെ വിചാരണ പൂർത്തിയാകും. ഉടൻ തന്നെ വിധി പ്രഖ്യാപികുകയും ചെയ്യു. ഈ ഘട്ടത്തിൽ കേസിലൊരു തുടരന്വേഷണം അതിജീവിത ആഗ്രഹിക്കുന്നില്ലെന്നാണ് നടിയുടെ അഭിഭാഷക കൂടിയായ അഡ്വ ടിബി മിനി ചൂണ്ടിക്കാട്ടിയത്. പൾസർ സുനിയുടെ വെളിപ്പെടുത്തലിൽ തുടരന്വേഷണം നടന്നാൽ അത് ഗുണം ചെയ്യുകയ ദിലീപിനാണെന്നും അവർ പറഞ്ഞു.
. ദിലീപിന് വേണ്ടി സുനി ബോധപൂർവ്വം നടത്തിയതാണ് ഇതെല്ലാമെന്നാണ് ടിബി മിനി പറയുന്നത്. സുനിയുടെ വെളിപ്പെടുത്തൽ അതിജീവിതയ്ക്കല്ല, മറിച്ച് ദിലീപിന് തന്നെയാണ് ഗുണം ചെയ്യുകയെന്നും മിനി പറഞ്ഞു.
വെളിപ്പെടുത്തൽ നടത്തിയത് ഒന്നാം പ്രതിയാണ്. ഈ കേസിൽ ആരൊക്കെ സ്വയം വെള്ളപൂശാൻ നടത്തിയാലും പൾസർ സുനിയാണ് ഈ കുറ്റകൃത്യം നടത്തിയത്. അയാളെ എത്ര ശുദ്ധീകരിക്കാൻ ശ്രമിച്ചാലും അയാളാണ് യഥാർത്ഥ കുറ്റവാളി. അതുകൊണ്ട് അയാൾ സ്വയം എത്ര ന്യായീകരിച്ചാലും അയാളെ ശുദ്ധീകരിക്കാൻ കഴിയില്ല. പ്രോസിക്യൂഷനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള ഒരുപാട് കാര്യങ്ങൾ അയാൾ വെളിപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ റിപ്പോർട്ടർ ചാനലിലൂടെയുള്ള പൾസർ സുനിയുടെ വെളിപ്പെടുത്തൽ ദിലീപിന് വേണ്ടിയുള്ള ബോധപൂർവ്വമായ വെളിപ്പെടുത്തലാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കഴിഞ്ഞ ദിവസം ദിലീപ് ഈ കേസിൽ ഒരു ഹർജി നൽകിയിരുന്നു. കേസിൽ തുടരന്വേഷണം വേണമെന്നും സി ബി ഐ അന്വേഷിക്കണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്. ദിലീപ് ഹർജിയിൽ പ്രധാനമായും ഉന്നയിച്ച വാദം ഒരു ഫോൺ കണ്ടെടുക്കാൻ ഉണ്ടെന്നതാണ്. അത് ഏഴാം തീയതിലേക്ക് കൂടുതൽ വാദത്തിനായി ഹൈക്കോടതി മാറ്റി വെച്ചിരിക്കുകയാണ്.
അതിനിടയിലാണ് പൾസർ സുനിയുടെ വെളിപ്പെടുത്തൽ വരുന്നത്. ഇരയെ സംബന്ധിച്ച് ഈ വെളിപ്പെടുത്തൽ വിശ്വസനീയമേ അല്ല. കാരണം അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും ഈ ഫോണിനെ സംബന്ധിച്ച് കൃത്യമായി അന്വേഷണം നടക്കുകയും പൾസർ സുനിയുടെ വക്കീൽ ആ ഫോൺ സുനി നശിപ്പിച്ചുവെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകുകയും ചെയ്തതാണ്. ആ വക്കീൽ ഇപ്പോൾ പൂർമായും പാരലൈസ്ഡ് ആയി കിടക്കുകയാണ്.
നടി കേസിന്റെ വിചാരണ ഏപ്രിൽ 11 ഓടെ പൂർത്തിയാകും എന്നാണ് കരുതുന്നത്. വിധിയും ഉടനെ വരും. ഈ കേസിൽ നിലനിൽ തുടരന്വേഷണം ആവശ്യമേ ഇല്ല. ഈ കേസിൽ തുടരന്വേഷണം ആഗ്രഹിക്കുന്ന ഏക വ്യക്തി ദിലീപ് മാത്രമാണ്. അതുകൊണ്ട് പൾസർ സുനി നിങ്ങളെ ചതിച്ചതാണോ എന്ന് പരിശോധിക്കണം. പൾസർ സുനിക്ക് സത്യം പറയണം എന്നുണ്ടായിരുന്നുവെങ്കിൽ പല അവസരങ്ങളിലും അയാൾക്ക് അത് പറയാമായിരുന്നു. ഈ അവസാന നിമിഷം ഇങ്ങനെ വന്ന് സംസാരിച്ചത് ഈ കേസിൽ തുടരന്വേഷണം നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ്.
ഈ കേസിൽ എത്ര ശ്രമിച്ചാലും മായ്ച്ചുകളയാൻ സാധിക്കാത്ത തരത്തിൽ തെളിവുകൾ ഉണ്ടെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് കേസിൽ വിധി പറയണം. ഇനിയും തുടരന്വേഷണത്തിലേക്ക് പോകുന്നത് അതിജീവിതയ്ക്ക് ഗുണം ചെയ്യില്ല. എട്ടാം പ്രതിയ്ക്കാണ് ഇത് ഗുണം ചെയ്യുക എന്നുമാണ് അഡ്വ മിനി പറയുന്നത്.
കഴിഞ്ഞ ദിവസം കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് നടനും എട്ടാം പ്രതിയുമായ ദിലീപ് സമർപ്പിച്ച ഹർജിയിൽ നടനെതിരെ രൂക്ഷമായ ഭാഷയിലുള്ള പ്രതികരണമായിരുന്നു ഹൈകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസിന്റെ യഥാർത്ഥ വസ്തുതയും കേസ് രജിസ്റ്റർ ചെയ്യാൻ കാരണമായ ഗൂഢാലോചനയും വെളിച്ചത്ത് കൊണ്ടുവരാൻ നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും അതിന് സി ബി ഐ വരണമെന്നുമാണ് ദിലീപിന്റെ വാദം.