ആദ്യഷോ കഴിയുന്നതിനു മുന്‍പേ നെഗറ്റീവ് റിവ്യൂകള്‍, കയ്യോടെ പിടിച്ചപ്പോള്‍ വയറ്റിപിഴപ്പിന് ചെയ്യുന്നതാണെന്ന്; സുഭാഷ് ലളിത സുബ്രഹ്മണ്യന്‍

കുറച്ച് ദിവസങ്ങളായി മലയാളെ സിനിമ റിവ്യൂകളെ പറ്റിയുള്ള ചര്‍ച്ചകളാണ് എങ്ങും സജീവമായിക്കൊണ്ടിരിക്കുന്നത്. സംവിധായകനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും പണം തരില്ല എന്ന് ഉറപ്പായപ്പോള്‍ ആ സിനിമയ്‌ക്കെതിരെ നെഗറ്റീവ് റിവ്യൂ പറയുകയും ചെയ്തതിന് കഴിഞ്ഞ ദിവസമാണ് കൊച്ചി സിറ്റി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇപ്പോഴിതാ ‘ചാള്‍സ് എന്റര്‍െ്രെപസസ്’ എന്ന സിനിമയുടെ സംവിധായകന്‍ സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ ശ്രദ്ധേയമായ ഒരു അഭിപ്രായവുമായി രംഗത്തു വന്നിരിക്കുകയാണ്.
ബിസിനസ് എന്ന രീതിയില്‍ നോക്കുമ്പോള്‍ നവമാധ്യമ നിരൂപകര്‍ ചെയ്യുന്നത് ഒരിക്കലും സിനിമയ്ക്ക് സഹായകരമായ കാര്യമല്ല എന്നാണ് സുഭാഷ് പറയുന്നത്.

തന്റെ സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ എഴുതിയവരെ പോയി കണ്ടപ്പോള്‍ വയറ്റിപിഴപ്പിന് വേണ്ടിയാണ് അങ്ങനെ ചെയ്യേണ്ടി വന്നത് എന്നവര്‍ പറഞ്ഞുവെന്ന് സുഭാഷ് ഓര്‍മ്മിക്കുന്നു.

‘ഞങ്ങളുടെ സിനിമ ചാള്‍സ് എന്റര്‍െ്രെപസസ് ആദ്യഷോ കഴിയുന്നതിനു മുന്‍പേ നെഗറ്റീവ് റിവ്യൂകള്‍ വന്നിരുന്നു. അത് ശ്രദ്ധയില്‍ പെടുകയും അവരെ തിരക്കി പോകുകയും ചെയ്തപ്പോള്‍ വയറ്റിപിഴപ്പിന് ചെയ്യുന്നതാണെന്നും ഇനി ആവര്‍ത്തിക്കില്ല എന്ന ദയനീയ ഉത്തരമാണ് ലഭിച്ചത്. പിന്നീടവര്‍ അത് ചെയ്തതായി കാണുകയും ചെയ്തിട്ടില്ല.

റിലീസിന് മുന്‍പ് ഒ.ടി.ടി റൈറ്റ്‌സ് വിറ്റതിനാല്‍ ഞങ്ങളുടെ പ്രൊഡ്യൂസര്‍ സാമ്പത്തികമായി വലിയ നഷ്ടങ്ങള്‍ സംഭവിക്കാതെ രക്ഷപ്പെടുകയായിരുന്നു. അല്ലെങ്കില്‍ ഇത്തരം റിവ്യൂകള്‍ പടച്ചുവിടുന്നത് കൊണ്ട് ഒരു ഒ.ടി.ടി പ്ലാറ്റ്‌ഫോമോ ചാനലുകളോ സിനിമ വാങ്ങില്ലായിരുന്നു. വരുംകാലങ്ങളില്‍ ഇതൊക്കെ മുന്നില്‍ കണ്ടുള്ള സിനിമകള്‍ ഉണ്ടാക്കാന്‍ തന്നെയാണ് വ്യക്തിപരമായി ശ്രമിക്കുന്നത്’ എന്നും സുഭാഷ് പറയുന്നു.

Vijayasree Vijayasree :