എന്തിനാ മുത്തശ്ശി കരയുന്നത്, എന്ത് പറ്റിയെന്ന് ചോദിച്ച് എല്ലാവരും ഓടി വന്നു; ദിലീപ് പറ്റിച്ച പണിയെ കുറിച്ച് സുബ്ബുലക്ഷ്മി മുമ്പ് പറഞ്ഞത്

മലയാള സിനിമയുടെ മുത്തശ്ശിയായിരുന്നു സുബ്ബലക്ഷ്മിയമ്മ. കഴിഞ്ഞ ദിവസമായിരുന്നു താരം വിട വാങ്ങിയത്. മുത്തശ്ശിവേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി നന്ദനം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേയ്ക്ക് എത്തുന്നത്. അവിടുന്നിങ്ങോട്ട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു.

നടിയുടെ വിയോഗ വാര്‍ത്ത വന്നത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ നടി പറഞ്ഞ കഥകളും സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരണങ്ങളും നിറയുകയാണ്. മുന്‍പ് തന്റെ സിനിമാ ജീവിതത്തിലെ ചില രസകരമായ സംഭവങ്ങള്‍ സുബ്ബലക്ഷ്മി തന്നെ പങ്കുവെച്ചിട്ടുണ്ട്. അത്തരത്തില്‍ ഒരു സിനിമാ ലൊക്കേഷനില്‍ ദിലീപ് തന്നെ കരയിപ്പിച്ച സംഭവത്തെ കുറിച്ച് പറഞ്ഞ നടിയുടെ വാക്കുകള്‍ വൈറലാവുകയാണ്.

കല്യാണരാമന്‍ എന്ന സിനിമയിലൂടെയാണ് ദിലീപും സുബ്ബലക്ഷ്മിയും ഒരുമിച്ച് അഭിനയിക്കുന്നത്. ആ സിനിമ തന്റെ മൂന്നാമത്തെ പടമായിരുന്നു എന്നാണ് സുബ്ബലക്ഷ്മി പറയുന്നത്. ‘ചിത്രത്തില്‍ വളരെ സീരിയസായ ഒരു ഷോട്ട് എടുത്ത് കൊണ്ടിരിക്കുകയാണ് സംവിധായകന്‍ ഷാഫി. ഞാന്‍ തുടക്കക്കാരിയാണെന്ന് അറിയാവുന്ന ദിലീപ് എന്റെ അടുത്ത് വന്ന് വളരെ ഗൗരവത്തില്‍ ഒരു കാര്യം പറഞ്ഞു. സംവിധായകന്‍ ആക്ഷന്‍ എന്ന് പറയുമ്പോള്‍ സുബ്ബു പൊട്ടി കരയണമെന്ന്.

വേറൊന്നും അറിയാത്തത് കൊണ്ട് ദിലീപ് പറഞ്ഞത് അപ്പാടെ ഞാന്‍ അനുസരിച്ചു. ഡയറക്ടര്‍ ആക്ഷന്‍ എന്ന് പറഞ്ഞതും ഞാന്‍ ഉറക്കെയങ് കരഞ്ഞു. ഞാന്‍ കരയുന്നത് കണ്ടതോടെ സെറ്റിലുണ്ടായിരുന്ന എല്ലാവരും ഞെട്ടിപ്പോയി. എന്തിനാ മുത്തശ്ശി കരയുന്നത്, എന്ത് പറ്റിയെന്ന് ചോദിച്ച് എല്ലാവരും ഓടി വന്നു. എന്നോട് കരയാന്‍ പറഞ്ഞത് കൊണ്ടാണ് ഞാന്‍ കരഞ്ഞതെന്ന് അവരോട് പറഞ്ഞു.

അപ്പോഴാണ് അങ്ങനെ ആരാ പറഞ്ഞതെന്ന് സംവിധായകന്‍ ചോദിക്കുന്നത്. ദിലീപാണെന്ന് ഞാന്‍ പറഞ്ഞതോടെ സംവിധായകന്‍ ദിലീപിനോട് ചോദിച്ചു. എന്താ ദിലീപേ ഇങ്ങനെയെന്ന് ചോദിച്ചപ്പോള്‍ ദിലീപ് പറയുകയാണ് സുബ്ബിവിന്റെ മൂന്നാമത്തെ പടമാണ്. എല്ലാം നന്നായി ചെയ്ത് കൈയടി വാങ്ങുകയാണ്. അപ്പോള്‍ ഇത്തിരി കരയട്ടേ എന്ന് വിചാരിച്ചതാണെന്ന്. ഇപ്പോള്‍ കാണുമ്പോഴും ദിലീപ് ഇത് തന്നെ പറയുമെന്നും’, മുന്‍പ് സുബ്ബലക്ഷ്മി പറഞ്ഞിരുന്നു.

അറുപത്തിയാറാമത്തെ വയസിലായിരുന്നു സുബ്ബലക്ഷ്മി സിനിമയിലേയ്ക്ക് എത്തുന്നത്. നന്ദനത്തിലെ വേശാമണിയമ്മ എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. സിനിമയിലെത്താന്‍ വൈകിയെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നാണ് നടി പറഞ്ഞിട്ടുള്ളത്. സിദ്ദിഖും രഞ്ജിത്തും കൂടി എന്നെ നന്ദനത്തിലേയ്ക്ക് ക്ഷണിക്കുമ്പോള്‍ സിനിമയെ കുറിച്ച് ഒന്നുമറിയില്ലായിരുന്നു.

കുട്ടിക്കാലത്ത് നായികമാരെ കാണുമ്പോള്‍ എനിക്ക് അവരെ പോലെ അഭിനയിക്കണം. മേക്കപ്പ് ചെയ്യണം, മിനുക്കു പാവാടകളെല്ലാം ഇടണം എന്നൊക്കെ തോന്നിയിട്ടുണ്ട്. പക്ഷേ സിനിമയിലേക്ക് വരുമെന്ന് കരുതിയില്ല. ആദ്യ കാലത്ത് വിളിച്ചാല്‍ ചിലപ്പോള്‍ ഞാന്‍ പോകില്ലായിരുന്നു എന്നും സുബ്ബലക്ഷ്മി പറഞ്ഞിരുന്നു. കുട്ടികള്‍, കുടുംബം, അതൊന്നും വിട്ട് പോകാന്‍ തനിക്കാവില്ലായിരുന്നു. എന്നാല്‍ ആദ്യ സിനിമയില്‍ മേക്കപ്പ് ഒന്നുമില്ലാതെ മുഷിഞ്ഞ വസ്ത്രം ധരിച്ചിട്ടുള്ള കഥാപാത്രം ചെയ്തപ്പോള്‍ കുറച്ച് വിഷമം തോന്നിയിരുന്നു. മേക്കപ്പ് ഇടണമെന്നുള്ള ആഗ്രഹമൊന്നും നടക്കാത്തത് കൊണ്ടാണ് അന്ന് വിഷമിച്ചത് എന്നും താരം പറഞ്ഞിരുന്നു.

അടുത്ത കാലത്തായി അഭിനയത്തില്‍ അത്ര സജീവമല്ലാതിരുന്ന സുബ്ബലക്ഷ്മി, മകള്‍ താര കല്യാണും കൊച്ചുമകള്‍ സൗഭാഗ്യ വെങ്കിടേഷും പങ്കുവയ്ക്കുന്ന വിഡിയോകളിലൂടെയാണ് ആരാധകര്‍ക്ക് മുന്നിലേക്ക് എത്തിയിരുന്നത്. തന്റെ എണ്‍പതുകളിലും ഒറ്റയ്ക്ക് ജീവിക്കാനായിരുന്നു സുബ്ബലക്ഷ്മിക്ക് ഇഷ്ടം. ചെറുപ്പകാലത്തും താന്‍ തനിച്ചായിരുന്നു എന്ന് മുന്‍പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ സുബ്ബലക്ഷ്മി പറഞ്ഞിട്ടുണ്ട്.

‘കൊച്ചു നാള്‍ തുടങ്ങി കഷ്ടത തുടങ്ങി. സമയദോഷം വരുമ്പോള്‍ അത് കഴിയും പോകും എന്ന് പറയും എന്നാല്‍ എന്റെ ജീവിതത്തില്‍ മുഴുവനും കഷ്ടതകള്‍ തന്നെ ആയിരുന്നു. വലിയ കുടുംബത്തില്‍ ആയിരുന്നു ജനിച്ചത്. അച്ഛന്‍ വലിയ പൊസിഷനില്‍ ഉള്ള ആളായിരുന്നു. ദീവാന്‍ സര്‍ സി പി രാമസ്വാമി അയ്യര്‍ വന്ന് കല്യാണം കഴിപ്പിച്ചു കൊടുത്തതാണ് എന്റെ അമ്മയെ. അത്ര നല്ല ബാക്ക്ഗ്രൗണ്ടില്‍, നല്ലൊരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്.

ആ വീട്ടിലെ ആദ്യത്തെ പെണ്‍കുട്ടി ആയിരുന്നു ഞാന്‍. അതുകൊണ്ട് വളരെ ലാളിച്ചാണ് എന്നെ വളര്‍ത്തിയത്. എന്നാല്‍ 28 വയസുള്ളപ്പോള്‍ അമ്മ മരിച്ചു. ഈ കാലത്ത് 28 ആം വയസ്സില്‍ ആണ് കല്യാണം തന്നെ നടക്കുന്നത്. അമ്മ മരിക്കുമ്പോള്‍ എനിക്ക് അപ്പോള്‍ പതിനൊന്ന് വയസ്സ് പോലുമായിരുന്നില്ല. എനിക്ക് താഴെ ഒരു അനുജത്തിയും അനുജനും ഉണ്ടായിരുന്നു. തോട്ടിലില്‍ അവരെ കിടത്തി ആട്ടി കൊണ്ടിരിക്കുന്ന ആ പ്രായം, അപ്പോഴാണ് അമ്മ മരിക്കുന്നത് എന്നും സുബ്ബലക്ഷ്മി പറഞ്ഞിരുന്നു.

Vijayasree Vijayasree :