ഭഗവാന് മുന്നിൽ ഇരുന്ന് രണ്ടു പാട്ട് പാടിയാൽ എങ്കിലും ആരെങ്കിലും എന്തെങ്കിലും തരുമല്ലോ..?; തനിച്ചുള്ള ജീവിതത്തെ കുറിച്ച് സുബ്ബലക്ഷ്‌മി!

മുത്തശ്ശി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷക ഹൃദയം കീഴടക്കിയ നർത്തകിയാണ് നടി സുബ്ബലക്ഷ്മി. നന്ദനം, കല്യാണ രാമൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സുബ്ബലക്ഷ്മിയുടെ ഏറ്റവും ഹിറ്റായ സിനിമ കല്യാണരാമനായിരിക്കണം.

എൺപത്തിയാറുകാരിയായ സുബ്ബലക്ഷ്മി ഇപ്പോഴും ചെറിയ വേഷങ്ങളൊക്കെ ചെയ്ത് സിനിമയിൽ സജീവമാണ്. മലയാളത്തിൽ മാത്രമല്ല തെലുങ്കിലും ഹിന്ദിയിലും തമിഴിലുമെല്ലാം സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയുടെ സ്വന്തം മുത്തശ്ശി ആയിട്ടാണ് നടിയെ പ്രേക്ഷകർ വിശേഷിപ്പിക്കാറുള്ളത്. നിരവധി സിനിമകളിൽ മുത്തശ്ശി വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട് സുബ്ബലക്ഷ്മി. സിനിമാ സീരിയൽ താരമായ താര കല്യാണിന്റെ അമ്മ കൂടിയായ സുബ്ബലക്ഷ്മി ഒരു നർത്തകിയും സംഗീതജ്ഞയും ഒക്കെയാണ്.

ഇപ്പോഴിതാ, തനിച്ചുള്ള ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് സുബ്ബലക്ഷ്‌മി. ജീവിച്ചിരിക്കുന്ന കാലത്തോളം ആരെയും ബുദ്ധിമുട്ടിക്കാതെ ആർക്ക് മുന്നിലും കൈനീട്ടാതെ ജീവിക്കാനാണ് തന്റെ ആഗ്രഹമെന്ന് പറയുകയാണ് അവർ. പ്രമുഖ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നടി മനസുതുറക്കുന്നത്.

‘എന്നെ പോലെയുള്ളവർ ലോകത്ത് ഒരുപാട് ഉണ്ട്. എന്നാൽ പഴയത് പോലുള്ള ദുഃഖങ്ങൾ ഒന്നും ഇന്ന് എനിക്കില്ല. കഷ്ടപ്പാടുകൾ ഒന്നും പറയാനും ഇല്ല. എന്റെ ഭർത്താവ് മരിച്ചതിൽ പിന്നെ ഞാൻ ഒറ്റയ്ക്കാണ്. മക്കളെയെല്ലാം വിവാഹം കഴിച്ചു വിട്ട ശേഷം ഞങ്ങൾ രണ്ടുപേരും മാത്രമായിരുന്നു. 2009 ൽ അദ്ദേഹം പോയതിൽ പിന്നെ ഒറ്റപ്പെട്ട ജീവിതമാണ്. അത് കൂടുതൽ ആലോചിച്ചിട്ട് കാര്യമില്ല.

‘നമുക്ക് ഉള്ളത് കൊണ്ട് സന്തോഷിക്കുകയും തൃപ്തിപ്പെടുകയും ചെയ്യും. ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം എന്റെ കാര്യം നോക്കി, ആരെയും കഷ്ടപ്പെടുത്താതെ ആരോടും കൈനീട്ടാതെ ജീവിക്കും. നമ്മുടെ കാര്യങ്ങൾ നമ്മുക്ക് പറ്റുന്ന കാലം വരെ ചെയ്യുക. അതാണ് വേണ്ടത്. ഇതൊക്കെ എന്റെ ആഗ്രഹമാണ്. എന്തൊക്കെ സംഭവിക്കുമെന്ന് ദൈവത്തിനെ അറിയൂ,’

‘അത്രമാത്രം അമ്മമാർ വിഷമിക്കുന്നുണ്ട് ഇപ്പോൾ. വയസായവർക്ക് ഇക്കാലത്ത് ഒരു വിലയുമില്ല. ഒരു ഗുരുസ്ഥാനവും തരുന്നില്ല. എന്തോ വെയ്സ്റ്റ് പോലെ ആയിട്ടാണ് ഇപ്പോൾ കാണുന്നത്. അതൊക്കെ കാണുമ്പോൾ വിഷമമുണ്ട്. എന്തുകൊണ്ടാണ് അവരെ അങ്ങനെ കാണുന്നത്, അവരുടെ ആരോഗ്യം നശിച്ചത് കൊണ്ട്. പൈസ ഇല്ലാത്തത് കൊണ്ടും അവർക്ക് പോകാൻ സ്ഥലമില്ലാത്തത് കൊണ്ടുമാണ് അങ്ങനെ സംഭവിക്കുന്നത്,’

‘അതുകൊണ്ടാണ് ഞാൻ പറയുന്നത് നമ്മളെ പോലെ കുറച്ചു പേരെങ്കിലും അത് വെല്ലിവിളയായി ഏറ്റെടുത്ത് ഓരോന്ന് ചെയ്ത് കാണിക്കണം. ഒന്നില്ലെങ്കിൽ ഭഗവാന് മുന്നിൽ ഇരുന്ന് രണ്ടു പാട്ട് പാടിയാൽ എങ്കിലും ആരെങ്കിലും എന്തെങ്കിലും തരുമല്ലോ. ഈ മുത്തശ്ശിമാർക്ക് അത് ചെയ്തൂടെ. വയ്യെന്ന് പറഞ്ഞു ഇരിക്കുന്നത് കൊണ്ടാണ് ഓരോന്ന് പറയുന്നത്. അല്ലെങ്കിൽ വീട്ടിലെ എങ്കിലും എന്തെങ്കിലും പണി ചെയ്യുക. അങ്ങനെയൊക്കെ ചെയ്താൽ ആരെങ്കിലും അവിടെയും ഇവിടെയും കൊണ്ടുപോയി തള്ളുമോ,’

‘നമ്മുടെ ഭാഗത്തും തെറ്റുകൾ ഉണ്ടല്ലോ. ചിലരെ കണ്ടിട്ടില്ലേ 60 വയസാകുമ്പോൾ റിട്ടയർ ചെയ്ത് വന്ന് വീട്ടിൽ ഒരു കിടപ്പായിരിക്കും. റിട്ടയർമെന്റ് വെറുതെ ഇരിക്കാൻ അല്ല. അത് കോടികണക്കിന് ജനങ്ങൾ ഉള്ളിടത് എല്ലാവര്ക്കും ജോലി കിട്ടാൻ വേണ്ടി ഉള്ള സംവിധാനം ആണ്. റിട്ടയർ ആയാൽ എന്തോ അവശത വന്നത് പോലെയാണ് പലർക്കും. അപ്പോഴാണ് കുറെ കൂടി ഉന്മേഷത്തോടെ കാര്യങ്ങൾ ചെയ്യേണ്ടത്,’ സുബ്ബലക്ഷ്മി പറഞ്ഞു.

about subbalekshmi

Safana Safu :