നടൻ കാർത്തിയുടെ പുതിയ ചിത്രമായ സർദാർ-2വിന്റെ ചിത്രീകരണത്തിനിടെ സ്റ്റണ്ട് മാൻ മരണപ്പെട്ടു. സ്റ്റണ്ട് മാൻ ഏഴുമലൈയാണ് മരിച്ചത്. 54 വയസായിരുന്നു. ആക്ഷൻ സീൻ ഷൂട്ടു ചെയ്യുന്നതിനിടെ 20 അടി ഉയരത്തിൽ നിന്നും വീണാണ് ദാരുണാന്ത്യം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഏഴുമലൈയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ് തലച്ചോറിൽ രക്തം കട്ടപിടിച്ചെന്നാണ് വിവരം. ചെന്നൈ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകടത്തെത്തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചിരിക്കുകയാണ്. നിരവധി പേരാണ് ഏഴുമലൈയ്ക്ക് അനുശോചനം രേഖപ്പെടുത്തിയെത്തിയിരുന്നത്.
അതേസമയം, ജൂലൈ 15ന് ചെന്നൈ സാലിഗ്രാമിലെ പ്രസാദ് സ്റ്റുഡിയോയിലാണ് ‘സർദാർ 2’ന്റെ ചിത്രീകരണം ആരംഭിച്ചത്. പി എസ് മിത്രനാണ് സംവിധായകൻ. പ്രിൻസ് പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ ലക്ഷ്‌മൺ കുമാറാണ് നിർമാണം. സർദാർ 2വിന്റെ ആദ്യ ഭാഗമായ സർദാർ 100 കോടി കളക്ഷൻ നേടിയിരുന്നു.
സർദാർ 2വിന്റെ സംഗീതം ഒരുക്കുന്നത് ജി വി പ്രകാശ് കുമാറാണ്. ഛായാഗ്രഹണം ജോർജ് സി വില്യംസ്. ചങ്കി പാണ്ഡെ, ലൈല, യൂകി സേതു, ദിനേഷ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ് അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തി, ആതിരാ പാണ്ടിലക്ഷ്മി, സഹാന വാസുദേവൻ, ശ്യാം കൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.