അനധികൃതമായി പാടം നികത്തിയെന്ന പരാതിയില്‍ പൃഥ്വിരാജ് ചിത്രം ‘ഗുരുവായൂരമ്പല നടയില്‍’ എന്ന സിനിമയുടെ സെറ്റ് നിര്‍മ്മാണം തടഞ്ഞ് പെരുമ്പാവൂര്‍ നഗരസഭ. അനധികൃതമായി മണ്ണിട്ട് നികത്തിയ സ്ഥലത്തെ സിനിമ സെറ്റ് നിര്‍മ്മാണത്തിനെതിരെ സോപ്പ് മെമ്മോ നല്‍കിയിരിക്കുകയാണ് നഗരസഭ.
ഗുരുവായൂര്‍ അമ്പലത്തിന്റെ മാതൃകയില്‍ സെറ്റ് നിര്‍മ്മിക്കാനാണ് പാടം അനധികൃതമായി മണ്ണിട്ട് നികത്തിയത്. സെറ്റ് നിര്‍മ്മാണത്തിന് അനുമതിയില്ലെന്നാണ് നഗരസഭ പറയുന്നത്. എന്നാല്‍ അനുമതിക്കായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അത് പരിഗണിക്കുമെന്നുമാണ് അറിയിച്ചിരുന്നത് എന്നാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. ബേസില്‍ ജോസഫും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
നിഖില വിമലും മമിത ബൈജുവുമാണ് ചിത്രത്തിലെ നായികമാര്‍. ദീപു പ്രദീപാണ് രചന. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.