പ്രമുഖ അമേരിക്കന്‍ ഡാന്‍സറും കൊറിയോഗ്രാഫറും നടനുമായ സ്റ്റീഫന്‍ ട്വിച്ച് ബോസ്(40) അന്തരിച്ചു. ലോസ് ആഞ്ചലസിലെ ഹോട്ടല്‍ മുറിയില്‍ തലയ്ക്ക് വെടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 12നാണ് ഒരു രാത്രി തങ്ങുന്നതിനായി താരം ഹോട്ടലില്‍ എത്തുന്നത്.
താരത്തിന്റെ വീട്ടില്‍ നിന്ന് ഒരു മൈലില്‍ താഴെ മാത്രമാണ് ഈ ഹോട്ടലിലേക്കുള്ള ദൂരം. അടുത്ത ദിവസം ചെക് ഔട്ട് സമയമായിട്ടും താരത്തെ കാണാതിരുന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ റൂം പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്.
തലയ്ക്ക് വെടിയേറ്റ നിലയില്‍ റൂമിലെ ബാത്ത്റൂമിലാണ് സ്റ്റീഫന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. വെടിവെക്കുന്നതിന്റെ ശബ്ദം ആരും കേട്ടില്ല എന്നാണ് ജീവനക്കാര്‍ പറയുന്നത്. സ്വയം തലയില്‍ വെടിവച്ചതാണ് മരണകാരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രശസ്തമായ എലന്‍ ഷോയില്‍ ഡിജെ ആയിരുന്നു ബോസ്. 2014ല്‍ ഷോയുടെ ഭാഗമായ ബോസ് ഈ വര്‍ഷം ഷോ അവസാനിക്കുന്നതുവരെ ഉണ്ടായിരുന്നു. സോ യു തിങ്ക് യു കാന്‍ ഡാന്‍സ് എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലും താരം എത്തിയിരുന്നു. സ്റ്റെപ് അപ്, മാജിക് മൈക്ക് തതഘ എന്ന സിനിമകളിലും അഭിനയിച്ചു. ആലിസണ് ഹോല്‍കര്‍ ആണ് ഭാര്യ. മൂന്ന് മക്കളുണ്ട്.
