പത്ത് ഭാഗങ്ങളുള്ള സീരിസ് ആയിട്ട് ആയിരിക്കും സിനിമ ഒരുക്കുക, തന്റെ സ്വപ്‌ന പദ്ധതിയെ കുറിച്ച് എസ്എസ് രാജമൗലി

തെന്നിന്ത്യയിലെ മുന്‍ നിര സംവിധായകരില്‍ ഒരാളാണ് എസ്എസ് രാജമൗലി. ഇപ്പോഴിതാ തന്റെ സ്വപ്‌ന പദ്ധതിയായ മഹാഭാരതം സിനിമയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍. ഇതുവരെ ഇറങ്ങിയിട്ടുള്ള എല്ലാ പതിപ്പുകളും സമഗ്രമായി പഠിച്ചതിന് ശേഷമായിരിക്കും ചിത്രം ഒരുക്കുക എന്നാണ് സംവിധായകന്‍ പറയുന്നത്.

പത്ത് ഭാഗങ്ങളുള്ള സീരിസ് ആയിട്ട് ആയിരിക്കും സിനിമ ഒരുക്കുക. താന്‍ നിര്‍മ്മിക്കുന്ന ഓരോ സിനിമയില്‍ നിന്നും പുതിയ പാഠങ്ങള്‍ പഠിക്കുകയാണ്. ഓരോ ചിത്രവും തന്റെ സ്വപ്ന പദ്ധതിയായ മഹാഭാരതിലേക്കുള്ള ചുവടുവയ്പ്പാണ് എന്നാണ് രാജമൗലി പറയുന്നത്.

തന്റെ മഹാഭാരത്തിലെ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ ഇതുവരെ കണ്ടതില്‍ നിന്നും വായിച്ചതില്‍ നിന്നും വ്യത്യസ്തരായിരിക്കും. തന്റെ മഹാഭാരതം തികച്ചും വേറിട്ട് നില്‍ക്കുന്നതായിരിക്കും. കഥയില്‍ വ്യത്യാസങ്ങളുണ്ടാകില്ലെങ്കിലും കഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ ആഴം ഉണ്ടായിരിക്കും എന്നാണ് ഒരു പരിപാടിക്കിടെ രാജമൗലി പറഞ്ഞത്.

തുടര്‍ച്ചയായി ബിഗ് ബജറ്റില്‍ വിജയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്റെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ‘ആര്‍ആര്‍ആര്‍’ ആണ് രാജമൗലിയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ഓസ്‌കര്‍ അടക്കം നിരവധി അന്താരാഷ്ട്ര അവാര്‍ഡുകള്‍ ചിത്രം നേടിയിരുന്നു.

അതേസമയം മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന രാജമൗലി തന്റെ 29ാം ചിത്രം പ്രഖ്യാപിച്ചിരുന്നു. ഹനുമാനില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട നായക കഥാപാത്രമാണെന്നാണ് റിപ്പോര്‍ട്ട്. ‘എസ്എസ്എംബി 29’ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്.

Vijayasree Vijayasree :