കന്നഡയില്‍ നിന്നെത്തി നിരവധി പേരില്‍ നിന്നും പ്രശംസ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു കാന്താര. നിരവധി റെക്കോര്‍ഡുകളാണ് ചിത്രം തകര്‍ത്തെറിഞ്ഞത്. റിഷഭ് ഷെട്ടി സംവിധാനം ചെയ്ത് പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ഇന്ത്യയിലെങ്ങും തരംഗമായി മാറി. ഇതിനിടെ കാന്താര കണ്ട സൂപ്പര്‍ സംവിധായകന്‍ എസ്എസ് രാജമൗലിയുടെ അഭിപ്രായം പുറത്തുവന്നിട്ടുണ്ട്.
‘വലിയ ബജറ്റുകള്‍ എന്തോ സംഭവമാണ് എന്ന അവസ്ഥയിലായിരുന്നു. പെട്ടെന്ന് കാന്താര വന്നു. അത് ഉണ്ടാക്കുന്ന പണത്തിന്റെ കണക്കുകള്‍ നോക്കുക. അതായത് വലിയ വിജയം നേടാന്‍ നിങ്ങള്‍ക്ക് വലിയ ബജറ്റ് സിനിമകള്‍ ആവശ്യമില്ല. കാന്താര പോലൊരു ചെറിയ ചിത്രത്തിന് പോലും അത് ചെയ്യാന്‍ കഴിയും’ എന്ന് എസ്എസ് രാജമൗലി പറഞ്ഞു.
‘പ്രേക്ഷകര്‍ എന്ന നിലയില്‍ ഇത് ആവേശകരമായ കാര്യമാണ്, പക്ഷേ സിനിമ സംവിധായകന്‍ എന്ന നിലയില്‍, നമ്മള്‍ ഇപ്പോള്‍ എന്താണ് ചെയ്യുന്നത് എന്ന് വീണ്ടും പരിശോധിക്കേണ്ടതുണ്ട്.’ രാജമൌലി പറഞ്ഞു.
കന്താര കന്നഡയിലും ഹിന്ദിയിലും യഥാക്രമം സെപ്റ്റംബര്‍ 30നും ഒക്ടോബര്‍ 14നുമാണ് റിലീസ് ചെയ്തത്. റിഷഭ് ഷെട്ടിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഹോംബാലെ ഫിലിംസിന് കീഴില്‍ വിജയ് കിരഗന്ദൂരും ചലുവെ ഗൗഡയും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ റിഷഭ് ഷെട്ടി, സപ്തമി ഗൗഡ, കിഷോര്‍ കുമാര്‍ ജി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഹിന്ദി പതിപ്പ് ആഴ്ചകളില്‍ നിരവധി ബോളിവുഡ് റിലീസുകളെ കടത്തി വെട്ടി. 400 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രം നിരവധി ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തിട്ടുണ്ട്. ഇപ്പോള്‍ ചിത്രം ഒടിടിയിലും റിലീസ് ചെയ്തിട്ടുണ്ട്.