ആര്‍ആര്‍ആറിന് പ്രചോദനം ‘ചെഗുവേര’; ചിത്രത്തെ കുറിച്ച് രാജമൗലി മുമ്പ് പറഞ്ഞത്

ബ്രഹ്മാണ്ഡ സംവിധായകന്‍ എസ്എസ് രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചിരിക്കുകയാണ്. നേരത്തെ ഇതേ വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും നാട്ടു നാട്ടു നേടിയിരുന്നു.

ബ്രിട്ടീഷ് രാജിനെതിരെ പോരാടിയ സീതാരാമ രാജുവിന്റെയും ഹൈദരാബാദ് നിസാമിനെതിരെ പോരാടിയ ഭീമിന്റെയും ജീവിതത്തെക്കുറിച്ച് വായിച്ചപ്പോഴാണ് ‘ആര്‍ആര്‍ആര്‍’ എന്ന സിനിമയുടെ ആശയം തന്റെ മനസില്‍ ഉദിച്ചതെന്ന് രാജമൗലി മുന്‍പ് പറഞ്ഞിരുന്നു. ‘അല്ലൂരി സീതാരാമ രാജുവിനെയും കോമരം ഭീമിനെയും കുറിച്ച് വായിച്ചപ്പോളാണ് അവരുടെ കഥയില്‍ ചില സമാനതകളുണ്ടെന്ന് മനസിലായത്. അവര്‍ ഒരിക്കലും പരസ്പരം കണ്ടിട്ടില്ല.

എന്നാല്‍ അവര്‍ കണ്ടുമുട്ടിയിരുന്നെങ്കിലോ എന്നും അവര്‍ പരസ്പരം പ്രചോദനം ഉള്‍ക്കൊണ്ടിരുന്നെങ്കിലോ എന്നും താന്‍ ആലോചിച്ചു. അതാണ് ‘ആര്‍ആര്‍ആര്‍’. ഇത് തികച്ചും സാങ്കല്‍പികമാണ്. അതിനായി ഒരുപാട് ഗവേഷണം നടത്തേണ്ടി വന്നു. വേഷവിധാനങ്ങള്‍, അവരുടെ ഭാഷ, ജീവിതരീതി എന്നിവയൊക്കെ അറിയാന്‍ നിരവധി പഠനങ്ങള്‍ നടത്തി”, എന്ന് 2019 ലെ ഒരു പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.

രണ്ട് തെലുങ്ക് വിപ്ലവകാരികളും ഗോത്രവര്‍ഗക്കാരുടെ നേതാക്കളായിരുന്നു. ഭീം ഗോണ്ട് സമുദായത്തില്‍ പെട്ടയാളായിരുന്നു. ഇരുവരും ചെറുപ്പത്തിലേ മരിച്ചു. പക്ഷേ കൊളോണിയലിസത്തിനെതിരെ പോരാടിയതിനു ശേഷമായിരുന്നു ഇവരുടെ മരണം. ഇതിഹാസങ്ങളാകുന്നതിന് മുമ്പേ ഇതിഹാസം സൃഷ്ടിച്ചവരുടെ കഥയാണ് ‘ആര്‍ആര്‍ആര്‍’ എന്നും രാജമൗലി പറഞ്ഞിരുന്നു.

അര്‍ജന്റീനിയന്‍ സ്വദേശിയായ മാര്‍ക്‌സിസ്റ്റ് വിപ്ലവ നേതാവ് ചെഗുവേര പ്രശസ്തനാകുന്നതിന് മുമ്പുള്ള കാലഘട്ടം പശ്ചാത്തലമാക്കിയൊരുക്കിയ അദ്ദേഹത്തിന്റെ ജീവചരിത്ര കഥയെന്നു പറയാവുന്ന ‘ദി മോട്ടോര്‍സൈക്കിള്‍ ഡയറീസ്’ (2004) ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആര്‍ആര്‍ആറിന്റെ തിരക്കഥ ഒരുക്കിയത് എന്നും രാജമൗലി പറഞ്ഞിരുന്നു. ആശയം തന്റേതായിരുന്നു.

മോട്ടോര്‍ സൈക്കിള്‍ ഡയറീസിലെ കഥാപാത്രം ചെഗുവേരയാണെന്ന് ഒടുവിലാണ് വെളിപ്പെടുന്നത്. ആര്‍ആര്‍ആറിലും അവസാനം മാത്രം ഇരുവരും ഭാവിയില്‍ ആരായിത്തീര്‍ന്നു എന്ന് വെളിപ്പെടുത്തിയാലോ എന്ന ആശയം തനിക്ക് തോന്നിയത് അങ്ങനെയാണെന്നും രൗജമൗലി പറഞ്ഞിരുന്നു.

Vijayasree Vijayasree :