ഒരു സ്ഥലത്ത് പോകുമ്പോൾ അവിടെ ക്രിമിനലുകൾ ഉണ്ടോയെന്ന് അന്വേഷിക്കാൻ പറ്റില്ലല്ലോയെന്ന് പ്രയാ​ഗ മാർട്ടിൻ; ലഹരി ഉപയോ​ഗിച്ചിട്ടില്ലെന്ന് ശ്രീനാഥ് ഭാസി; ചോദ്യം ചെയ്യൽ പൂർത്തിയായി

കൊച്ചിയിൽ നടന്ന ലഹരിപ്പാർട്ടിയ്ക്ക് പിന്നാലെ നടൻ ശ്രീനാഥ് ഭാസിയെയും നടി പ്രയാഗ മാർട്ടിനെയും ചോദ്യം ചെയ്തു. എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനിലേയ്ക്ക് വിളിച്ച് വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ലഹരിപ്പാർട്ടി നടന്ന ഹോട്ടലിൽ സുഹൃത്തുക്കളെ കാണാനാണ് പോയത് എന്നാണ് പ്രയാ​ഗ പറയുന്നത്.

ഹോട്ടലിൽ പല സുഹൃത്തുക്കളുമുണ്ടായിരുന്നു. അവിടെ ഓംപ്രകാശുണ്ടെന്ന് അറിയില്ലായിരുന്നു. പോലീസ് പല കാര്യങ്ങളും ചോദിച്ചു. ഗൂഗിൾ ചെയ്ത് നോക്കിയാണ് ഓംപ്രകാശ് ആരാണെന്ന് മനസ്സിലാക്കുന്നത്. ഒരു സ്ഥലത്ത് പോകുമ്പോൾ അവിടെ ക്രിമിനലുകൾ ഉണ്ടോയെന്ന് അന്വേഷിക്കാൻ പറ്റില്ലല്ലോ.

പോലീസിന് നൽകിയ ഉത്തരങ്ങൾ ആവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല. എല്ലാ കാര്യങ്ങളും മാധ്യമങ്ങളോടും പറയാനാവില്ല. വാർത്താ വന്ന ശേഷം രണ്ട് ഫോണുകളും അടിക്കാൻ തുടങ്ങിയിട്ട് നിന്നിട്ടില്ല എന്നും പ്രയാഗ മാധ്യമങ്ങളോട് പറഞ്ഞു. ഭാസിയെ ചോദ്യം ചെയ്തതിന് ശേഷമാണ് പ്രയാഗയെ പോലീസ് ചോദ്യം ചെയ്തത്.

പ്രയാഗയുടെ മൊഴി തൃപ്തികരമാണ് എന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത് എന്നാണ് വിവരം. ഓം പ്രകാശ് കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും പ്രയാഗയുടെ വാദം സാധൂകരിക്കുന്ന പ്രതികരണമായിരുന്നു നടത്തിയിരുന്നത്. ഇന്നലെ ചോദ്യം ചെയ്യലിലും ഇതേ നിലപാടാണ് പ്രയാഗ ആവർത്തിച്ചത്.

സംഭവ ദിവസം പുലർച്ചെ നാല് മണിക്കാണ് പ്രയാഗ ഹോട്ടലിൽ എത്തുന്നത്. ഹോട്ടലിലെ പാർട്ടിയിൽ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ലഹരി ഉപയോഗിച്ചുവെന്നത് സാധൂകരിക്കുന്ന തെളിവുകളൊന്നുമില്ല. അതേസമയം ലഹരി പരിശോധനയ്ക്ക് സാംപിളുകൾ ശേഖരിക്കാൻ സന്നദ്ധരാണ് എന്ന് ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ചോദ്യം ചെയ്യലിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.

നിലവിൽ പരിശോധന വേണ്ടെന്ന നിലപാടിലാണ് പൊലീസ്. പ്രയാഗ മാർട്ടിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കേണ്ടതില്ല എന്ന നിലപാടിലാണ് അന്വേഷണ സംഘം. എന്നാൽ ശ്രീനാഥ് ഭാസിയുടെ കാര്യത്തിൽ മൊഴി വിശദമായി പരിശോധിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുന്നത്. അഞ്ച് മണിക്കൂറോളമാണ് ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്തത്. ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് ഭാസി പോലീസിനോട് പറഞ്ഞത്. മുറിയിലെത്തിയത് ബിനു ജോസഫിനൊപ്പമാണെന്നും ബിനു ജോസഫ് തന്റെ സുഹൃത്താണെന്നും ശ്രീനാഥ് അറിയിച്ചു.

ബിനു ജോസഫുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നും ശ്രീനാഥ് ഭാസി അറിയിച്ചിട്ടുണ്ട്. നേരത്തെ ലഹരികടത്ത് കേസിൽ അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓംപ്രകാശിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും പേരുൾപ്പെട്ടിരിക്കുന്നത്. കൊച്ചിയിലെ ഹോട്ടലിൽ നടന്നത് ലഹരിപ്പാർട്ടി തന്നെയാണെന്നും, പാർട്ടി സംഘടിപ്പിച്ചത് ഓംപ്രകാശിന്റെ സുഹൃത്തുക്കളാണെന്നുമാണ് പോലീസിന് ലഭിച്ച വിവരം. ബിനു ജോസഫാണ് താരങ്ങളെ ഓംപ്രകാശിന് പരിചയപ്പെടുത്തിയത്.

കൊച്ചിയിലെ സെവൻ സ്റ്റാർ ഹോട്ടലിൽ ഓംപ്രകാശുണ്ടായിരുന്ന മുറിയിൽ താരങ്ങളെ കൂടാതെ ഇരുപത് പേർ വേറെയുമുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഇവരുടെ എല്ലാം മൊഴിയെടുക്കും. ഹോട്ടലിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. തുടരന്വേഷണത്തിന്റെ ഭാഗമായിട്ടാണ് പ്രയാഗയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് നൽകിയത്.

കൊച്ചി ബോൾഗാട്ടിയിൽ അലൻ വാക്കറുടെ ഡിജെ ഷോയിൽ പങ്കെടുക്കാൻ എന്ന പേരിൽ സെവൻ സ്റ്റാർ ഹോട്ടലിൽ മുറി എടുത്താണ് ലഹരി ഉപയോഗമെന്നാണ് പോലീസ് പറയുന്നത്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക്‌ചെയ്തിരുന്നത്. ഓംപ്രകാശിന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പോലീസ് അറിയിച്ചു.

Vijayasree Vijayasree :