നടൻ ശ്രീനാഥ് ഭാസിയെ അറസ്‌റ്റ് ചെയ്‌ത് പോലീസ്. വാഹനം ഇടിച്ചിട്ട് നിർത്താത്ത പോയെന്ന പരാതിയിലാണ് നടപടി. മട്ടാഞ്ചേരി സ്വദേശി നൽകിയ പരാതിയിന്മേലാണ് നടനെ അറസ്റ്റ് ചെയ്തത്. നടന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയ പോലീസ് പിന്നീട് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. നടനെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നായിരുന്നു പുറത്ത് വന്നിരുന്ന വിവരം. എന്നാൽ ഗുരുതരമായ വകുപ്പുകൾ ഒന്നും ചുമത്തിയിട്ടില്ലെന്നാണ് പോലീസുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. സാധാരണ നടപടി ക്രമങ്ങളുടെ ഭാഗമായി നടനെ സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയും ശേഷം അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌തുവെന്നാണ് ലഭ്യമായ വിവരം.
നേരത്തെ ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിലും നടന്റെ അറസ്റ്റ് ഉണ്ടായേക്കുമെന്ന് വിവരമുണ്ടായിരുന്നു. കേസിൽ ശ്രീനാഥ് ഭാസിയെയും നടിയായ പ്രയാഗ് മാർട്ടിനെയും പോലീസ് ചോദ്യം ചെയ്‌തിരുന്നു. ഇരുവരുടെയും മൊഴിയെടുത്ത ശേഷം പോലീസ് സംഭവത്തിൽ ഇവർക്ക് പങ്കില്ലെന്നാണ് അറിയിച്ചത്.
അഞ്ച് മണിക്കൂറോളമാണ് ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്തത്. ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് ഭാസി പോലീസിനോട് പറഞ്ഞത്. മുറിയിലെത്തിയത് ബിനു ജോസഫിനൊപ്പമാണെന്നും ബിനു ജോസഫ് തന്റെ സുഹൃത്താണെന്നും ശ്രീനാഥ് അറിയിച്ചു.
ബിനു ജോസഫുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നും ശ്രീനാഥ് ഭാസി അറിയിച്ചിട്ടുണ്ട്. നേരത്തെ ലഹരികടത്ത് കേസിൽ അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓംപ്രകാശിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും പേരുൾപ്പെട്ടിരിക്കുന്നത്.