മലയാളികള്‍ എല്ലാക്കാലത്തും ഓര്‍ത്തിരിക്കുന്ന ഒരുപിടി മികച്ച ഗാനങ്ങളുടെ രചയിതാവാണ് ശ്രീകുമാരന്‍ തമ്പി. അദ്ദേഹത്തിന്റെ ഒരു പാട്ടെങ്കിലും ജീവിതത്തിലെപ്പോഴെങ്കിലും മൂളാത്ത മലയാളികളില്ല. പി. ഭാസ്‌ക്കരനും വയലാറുമൊക്കെ ബുദ്ധിജീവി പടങ്ങള്‍ക്ക് പാട്ടുകളെഴുതിയപ്പോള്‍ തന്നെ സിനിമയില്‍ പിടിച്ചുനിര്‍ത്തിയത്, ഇടിപ്പടങ്ങളായിരുന്നുവെന്ന് പ്രശസ്ത ഗാനരചയിതാവായ ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
പാട്ടിന്റെ വഴിയില്‍ എന്ന പരിപാടിയില്‍ സംവിധായകന്‍ ഹരിഹരന്‍ നല്കിയ പുരസ്‌കാരം ഏറ്റുവാങ്ങികൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ പിറന്ന വഴിയും, തിരഞ്ഞെടുത്ത 25 മികച്ച ഗാനങ്ങളുടെ വിശേഷങ്ങളും പങ്കുവെച്ചാണ് ഗുരുവായൂരില്‍ പരിപാടി അരങ്ങേറിയത്.
മലയാളികള്‍ക്ക് പ്രിയങ്കരനായ കവിയും ഗാന രചയിതാവുമായ റഫീഖ് അഹമദും, മാധ്യമപ്രവര്‍ത്തകന്‍ എം.പി സുരേന്ദ്രനുമാണ് പാട്ട് സംവാദം മുന്നോട്ട് കൊണ്ടുപോയത്.
1966 ല്‍ ‘കാട്ടുമല്ലിക’ എന്ന സിനിമയിലൂടെയാണ് ശ്രീകുമാരന്‍ തമ്പി സിനിമാലോകത്തേക്ക് ഗാനരചയിതാവായി കടന്നുവരുന്നത്. പിന്നീട് ഒരുപാട് ഗാനങ്ങള്‍ ശ്രീകുമാരന്‍ തമ്പിയുടെ തൂലികയിലൂടെ മലയാളത്തില്‍ പിറന്നു. സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട വാര്‍ത്തകളിലും ശ്രീകുമാരന്‍ തമ്പി ഈയിടെ നിറഞ്ഞു നിന്നിരുന്നു.