കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ പുരസ്‌കാരം മോഹൻലാലിന്. ഇന്ന് വൈകിട്ട് 5.30-ന് നിശാഗന്ധിയിൽ നടക്കുന്ന ‘ശ്രീമോഹനം’ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം മോഹൻലാലിന് കൈമാറും.
സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ, ശ്രീകുമാരൻ തമ്പി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. ചടങ്ങിൽ ശ്രീകുമാരൻ തമ്പിയെ ആദരിക്കും. പരിപാടിയുടെ ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. പുരസ്‌കാരജേതാവ് മോഹൻലാലിന് ശ്രീകുമാരൻ തമ്പി മംഗളപത്രം വായിച്ച് സമർപ്പിക്കും.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജിചെറിയാൻ ശ്രീകുമാരൻ തമ്പിയെ ആദരിക്കും. മാത്രമല്ല, ഗായകൻ എം ജി ശ്രീകുമാറിന്റെ നേതൃത്വത്തിൽ, പ്രശസ്ത ഗായകർ അണിനിരക്കുന്ന ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനസന്ധ്യയും അരങ്ങേറും. സിനിമയിലെ സമഗ്രസംഭാവനയ്ക്ക് കല്ലിയൂർ ശശിക്കും ഗാനാലാപന മത്സരത്തിലെ മികച്ച രണ്ടുകുട്ടികൾക്കും മോഹൻലാൽ ഉപഹാരങ്ങൾ നൽകും.
അതേസമയം, സിനിമാ വിവാദങ്ങൾക്കിടെ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും. തിരുവനന്തപുരത്ത് വെച്ച് വാർത്താസമ്മേളനം നടത്തുമെന്നാണ് അറിയിച്ചത്. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ആദ്യമായിട്ടാണ് മോഹൻലാൽ മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്.
കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ കെസിഎൽ ലോഞ്ചിംഗിനായി എത്തുന്ന താരം ഉച്ചയ്ക്ക് 12 മണിയോടെ ഹോട്ടൽ ഹയാത്തിൽ വച്ചാവും മാധ്യമങ്ങളെ കാണുക. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ ‘അമ്മ’ സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈം ഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മോഹൻലാൽ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു.
മോഹൻലാൽ റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാത്തതിനെതിരേയും വ്യാപക വിമർശനമുയർന്നിരുന്നു. കൂട്ടരാജിക്ക് ശേഷവും നിലപാട് അറിയിക്കാതെ ഒളിച്ചോടി എന്ന രീതിയിൽ മോഹൻലാൽ വലിയ വിമർശനമാണ് നേരിടുന്നതിനിടെയാണ് ഇന്ന് മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്. നടൻ മമ്മൂട്ടിയും ഇതുവരെയും പ്രതികരിച്ചിട്ടില്ല.