സൂപ്പർതാരങ്ങൾക്ക് കിട്ടുന്ന കൈയടി, സംഭാഷണങ്ങൾ എഴുതിയ എം.ടിക്കും ലോഹിതദാസിനുമുള്ളതാണ്; സ്രഷ്ടാവ് ആണ് മുകളിൽ എന്ന് ശ്രീകുമാരൻ തമ്പി

കവി, ഗാനരചയിതാവ്, സംവിധായകൻ, നിർമ്മാതാവ്, സംഗീതസംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് ശ്രീകുമാരൻ തമ്പി. ഇപ്പോഴിതാ സിനിമയിലെ സാങ്കേതികവിദഗ്ധരുടെ ആദ്യ സംഘടനയായ ‘മാക്ട’യുടെ മുപ്പതാംവാർഷികാഘോഷച്ചടങ്ങിൽ പരമോന്നത ബഹുമതിയായ ലെജൻഡ് ഹോണർ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കവെ ശ്രീകുമാരൻ തമ്പി പറ‍ഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

ജീവിതത്തിൽ ഒരു അഭിനേതാവിന്റെ മുന്നിലും തലകുനിച്ചിട്ടില്ലെന്നും ഇനി തലകുനിക്കില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ദൃശ്യകലകളിൽ അതിന്റെ സ്രഷ്ടാവ് ആണ് എപ്പോഴും മുകളിൽ. അവതരിപ്പിക്കുന്നവർ സ്രഷ്ടാവിന് താഴെയാണ്. സ്രഷ്ടാക്കൾ ആരുമല്ല, അവതരിപ്പിക്കുന്നവർ മാത്രമാണ് പ്രധാനപ്പെട്ടവർ എന്ന തെറ്റായ ധാരണ സമൂഹത്തിൽ പടർന്നിട്ടുണ്ട്.

സ്രഷ്ടാവിന് മാത്രമാണ് പകർപ്പവകാശം. അവതരിപ്പിക്കുന്നവർക്ക് ഇല്ല. സൂപ്പർതാരങ്ങൾക്ക് കിട്ടുന്ന കൈയടി, സംഭാഷണങ്ങൾ എഴുതിയ എം.ടിക്കും ലോഹിതദാസിനുമുള്ളതാണ്. സൂപ്പർതാരം വരുമ്പോൾ പതിനായിരങ്ങൾ കൂടിയേക്കാം. എം.ടി.വന്നാൽ അയ്യായിരം പേരെ കാണൂ.

പക്ഷേ, സൂപ്പർതാരം ഔട്ടായാൽ ആരും തിരിഞ്ഞുനോക്കില്ല. അപ്പോഴും എം.ടി.വന്നാൽ അപ്പോഴും അയ്യായിരം പേരുതന്നെ കാണും. പുരസ്‌കാരമല്ല ഒരാളെ വലുതാക്കുന്നതെന്നും ആത്മവിശ്വാസമാണ് കലാകാരന്റെ അമൂല്യധനമെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. അതേസമയം, മലയാള സിനിമയെ തകർത്തത് താരാധിപത്യമാണെന്നും അദ്ദേഹം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു.

മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും പേരെടുത്ത് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. പത്രസമ്മേളനത്തിനിടയാണ് അദ്ദേഹം ഇതേ കുറിച്ച് സംസാരിച്ചത്. ആര് സംവിധാനം ചെയ്യണമെന്ന് സൂപ്പർ താരങ്ങളാണ് തീരുമാനിക്കുന്നത്. പഴയ നിർമാതാക്കളെ മുഴുവൻ പുറത്താക്കി. മമ്മൂട്ടിയും മോഹൻലാലും ആദ്യം ഒതുക്കിയത് എന്നെ ആണ്.

എന്നാൽ പുതിയ നടന്മാർ വന്നതോടെ പവർ ഗ്രൂപ്പ് തകർന്നു. താരമേധാവിത്വം തകർന്നു തുടങ്ങി. ഇനി പവർ ഗ്രൂപ്പൊന്നും സിനിമയിൽ ഉണ്ടാകില്ല. മലയാള സിനിമയെക്കുറിച്ച് ആധികാരികമായി സംസാരിക്കാൻ എനിക്ക് അവകാശമുണ്ട്. മാധ്യമങ്ങൾ മലയാള സിനിമയെ താറടിച്ചു കാണിക്കുകയാണ് ചെയ്യുന്നത്.

ഏറ്റവും കുറവ് സ്ത്രീ പീ ഡനം നടക്കുന്നത് മലയാള സിനിമയിലാണ്. മറ്റ് തെന്നിന്ത്യൻ ഭാഷകളിൽ നടക്കുന്ന അത്ര സ്ത്രീ പീ ഡനങ്ങൾ മലയാളത്തിൽ നടക്കുന്നില്ല. പ്രേംനസീർ, സത്യൻ, മധു എന്നിവർ തിളങ്ങി നിൽക്കുമ്പോഴാണ് ഞാൻ മലയാള സിനിമയിലേയ്ക്ക് വരുന്നത്. കാസ്റ്റിംഗ് കൗച്ച്, പവർ ഗ്രൂപ്പ് എന്നിവ ഉണ്ടോയെന്ന് എനിക്കറിയില്ല.

മമ്മൂട്ടി മോഹൻലാൽ എന്നിവർ വന്നതിന് ശേഷമാണ് സൂപ്പർസ്റ്റാർ, മെഗാസ്റ്റാർ വിളികൾ തുടങ്ങിയത്. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടാതെ പൂഴ്ത്തിവച്ചത് തെറ്റാണ്. അതിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്നതിൽ സർക്കാരാണ് മറുപടി പറയേണ്ടത്. ലൈം ഗീകാരോപണം നേരിടുന്ന മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും ശ്രീകുമാരൻ തമ്പി അഭിപ്രായപ്പെട്ടു.

Vijayasree Vijayasree :