ഹരിഹരനും താനുമായുണ്ടായ അകല്‍ച്ച വലിയ നഷ്ടങ്ങള്‍ വരുത്തി!

പി. ഭാസ്‌കരന്‍ പുരസ്‌കാരം ഹരിഹരന് സമ്മാനിക്കവെ വികാര ഭരിതനായി ശ്രീകുമാരൻ തമ്പി.ഹരിഹരനും താനുമായുണ്ടായ അകല്‍ച്ച മലയാളസിനിമയ്ക്കും തങ്ങള്‍ രണ്ടുപേര്‍ക്കും വലിയ നഷ്ടങ്ങള്‍ വരുത്തിയെന്ന് തുറന്നു പറയുകയാണ് അദ്ദേഹം.

സിനിമയ്ക്കായി താന്‍ ആദ്യമെഴുതിയ പാട്ടുകളൊക്കെ കവിതകളാണെന്നു പറഞ്ഞ് സംവിധായകര്‍ മാറ്റിവെച്ച കാലത്ത് തന്റെ പാട്ടുകള്‍ കൊള്ളാം എന്നു പറഞ്ഞ ആദ്യയാളായിരുന്നു ഹരിഹരന്‍. അന്ന് തുടങ്ങിയ ആത്മബന്ധം ഇടക്കാലത്തുവെച്ച്‌ മുറിയുകയായിരുന്നു. ഹരിഹരന്റെ സിനിമയ്ക്ക് ഇനി താന്‍ പാട്ട് എഴുതില്ല എന്നുവരെ തീരുമാനിച്ച കാലഘട്ടം. ആ കാലഘട്ടത്തില്‍ താന്‍ ‘ജയിക്കാനായ് ജനിച്ചവന്‍’ എന്ന പേരില്‍ സിനിമയെടുത്തപ്പോള്‍ ‘ഹരിഹരന്‍ തോല്‍ക്കാന്‍ എനിക്ക് മനസ്സില്ല’ എന്ന പേരില്‍ സിനിമയെടുത്ത് തന്നെ ഞെട്ടിച്ചുവെന്നും തമ്ബി പറഞ്ഞു.

ഹരിഹരനുമായുണ്ടായ അകല്‍ച്ചയുടെ കാരണക്കാരന്‍ താന്‍തന്നെയാണെന്ന് പി. ഭാസ്‌കരന്റെ സ്മരണകള്‍ നിറഞ്ഞുനില്‍ക്കുന്ന ഈ വേദിയില്‍വെച്ച്‌ ആദ്യമായി തുറന്നുപറയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ തിരക്കഥയും സൂക്ഷ്മതയോടെ പഠിച്ച്‌ കൈകാര്യം ചെയ്യുന്നതും മറ്റുള്ളവരെ തിരുത്താന്‍ നില്‍ക്കാതെ സ്വയം തിരുത്തി മുന്നേറിയതുമാണ് ഹരിഹരന് മലയാളസിനിമയില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തതെന്നും ശ്രീകുമാരന്‍തമ്ബി പറഞ്ഞു.

sreekumaran thampi

Vyshnavi Raj Raj :