മരണത്തിനപ്പുറം മാത്രമായിരിക്കും ലോകം തന്നെ തിരിച്ചറിയുക എന്ന ദീര്‍ഘവീക്ഷണമുണ്ടായിരുന്ന കലാകാരനായിരുന്നു ലോഹിതദാസ്; ഓര്‍മ്മകള്‍ പങ്കുവച്ച്‌ സംവിധായകന്‍ വി.എ ശ്രീകുമാര്‍

സംവിധായകന്‍ ലോഹിതദാസിന്റെ പതിനൊന്നാം ചര്‍മവാര്‍ഷികത്തില്‍ ഓര്‍മ്മകള്‍ പങ്കുവച്ച്‌ സംവിധായകന്‍ വി.എ ശ്രീകുമാര്‍. മരണത്തിനപ്പുറം മാത്രമായിരിക്കും ലോകം തന്നെ തിരിച്ചറിയുക എന്ന ദീര്‍ഘവീക്ഷണമുണ്ടായിരുന്ന കലാകാരനായിരുന്നു ലോഹിതദാസെന്ന് ശ്രീകുമാര്‍ കുറിച്ചിരിക്കുന്നത്.

വി.എ ശ്രീകുമാറിന്റെ കുറിപ്പ്:

ലോഹിയേട്ടന്റെ എല്ലാ ചിത്രങ്ങളും കണ്ടിട്ടുണ്ട് – തനിയാവര്‍ത്തനം മുതല്‍ കസ്തൂരിമാന്‍ വരെയുള്ള എല്ലാ കഥകളും വളരെ പ്രിയത്തോടെ ആസ്വദിച്ചിട്ടുണ്ട്. സാധാരണക്കാരന്റെ കഥകള്‍ വളരെ സാധാരണക്കാരനായ ഒരു കലാകാരന്‍ പറഞ്ഞു തന്നു. കഥയുടെ അവതരണത്തില്‍ എന്ന പോലെ കഥകളുടെ പേരിലുമുണ്ടായിരുന്നു ആ ലോഹിതദാസ് ടച്ച്‌. ദശരഥം, മൃഗയ, അമരം, കമലദളം, പാഥേയം.. ഈ പേരുകള്‍ക്ക് വരെ ഇന്നും ഒരു വേദന സൃഷ്ടിക്കാന്‍ കഴിയുന്നതാണ് ലോഹിതദാസ് എന്ന വിസ്മയം.

പാവക്കൂത്തും കഥകളിയും കാണാന്‍ അദ്ദേഹം പുത്തൂര്‍ വരുമായിരുന്നു. ഒറ്റമുണ്ടും ഉടുത്ത് ആള്‍ക്കൂട്ടത്തില്‍ ഒരാളായി എവിടെയെങ്കിലും ഉണ്ടാകുമായിരുന്നു. ഒരിക്കല്‍ ആളെ തിരിച്ചറിഞ്ഞപ്പോള്‍ വളരെയധികം നിര്‍ബന്ധിച്ചാണ് ഞങ്ങള്‍ക്ക് ലോഹിയേട്ടനെ വേദിയില്‍ എത്തിച്ചു ആദരിക്കാനായത്. മരണത്തിനപ്പുറം മാത്രമായിരിക്കും ലോകം തന്നെ തിരിച്ചറിയുക എന്ന ദീര്‍ഘവീക്ഷണമുണ്ടായിരുന്ന കലാകാരന്‍- അങ്ങനെയുള്ളവര്‍ വേഗം മടങ്ങും, പ്രതീക്ഷിക്കാതെ..

Noora T Noora T :