കുഞ്ഞിനെ കാണാനോ മകളെ വാരിപ്പുണര്‍ന്ന് ഉമ്മകള്‍ നല്‍കാനോ ആഗ്രഹിച്ചിരുന്ന നിധിന്‍ ഇന്നില്ല; ഹൃദയം നുറുങ്ങുന്ന വേദനയോടെ ആദരാഞ്ജലികൾ അർപ്പിച്ച് വിഎ ശ്രീകുമാര്‍

പ്രവാസി മലയാളി നിതിന്‍ ചന്ദ്രന്റെ മരണം മലയാളികള്‍ക്കിടയില്‍ തീരാ വേദനയായി മാറിയിരിക്കുകയാണ്. നിധിന്റെ ഭാര്യ ആതിര ഇന്ന് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ കുഞ്ഞിനെ കാണാനോ മകളെ വാരിപ്പുണര്‍ന്ന് ഉമ്മകള്‍ നല്‍കാനോ ആഗ്രഹിച്ചിരുന്ന നിധിന്‍ ഇന്നില്ല. നിധിന്റെ വിയോഗത്തില്‍ പ്രമുഖരടക്കം നിരവധി പേരാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ രംഗത്തെത്തിയത്.

നിധിനേ നിനക്ക് ഒരു മകളാണ് പിറന്നതെന്ന വാര്‍ത്ത കേട്ടു, ആ മകളെ ഈ ലോകത്തേയ്ക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ആതിര ഇനിയും വിയോഗം അറിഞ്ഞിട്ടില്ല. നിതിന്‍ ചെയ്ത നന്മകളെല്ലാം ചുറ്റുപാടു നിന്നും കേള്‍ക്കുമ്ബോള്‍, ഒരിക്കലെങ്കിലും അച്ഛനെ ഒന്നു കണ്ടിരുന്നെങ്കില്‍ എന്ന് വളരുന്തോറും മകള്‍ ആഗ്രഹിക്കില്ലേ, ഓര്‍ക്കുന്തോറും സങ്കടം കൂടുന്നതേയുള്ളൂ നിതിന്‍..

മരിക്കുമ്ബോള്‍ കരയുന്നവരുടെ എണ്ണം ഒരു ജന്മത്തിന്റെ മഹത്വത്തെ വിളിച്ചോതുമെന്നു കേട്ടിട്ടുണ്ട്. നിതിന്‍, താങ്കളുടെ വിയോഗത്തില്‍ ഞങ്ങളെല്ലാം വേദനിക്കുന്നു; നേരിലറിയാവുന്നവരും ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്തവരുമെല്ലാം… നിതിന്റേത് നന്മയേറിയ ഹൃദയാമിരുന്നു. ആ ഹൃദയമാണ് നിലച്ചതെന്ന് ശ്രീകുമാര്‍ പറയുന്നു.

കുറിപ്പിന്റെ പൂർണ്ണ രൂപം

നിതിനേ,
നിനക്ക് ഒരു മകളാണ് പിറന്നതെന്ന വാര്‍ത്ത ഇപ്പോള്‍ കേട്ടു… ഇതെഴുതിക്കൊണ്ടിരിക്കെ. ആ മകളെ ഈ ലോകത്തേയ്ക്ക് സ്വാഗതം ചെയ്യുന്നു.

നിതിനെയും ആതിരയെയും കുറിച്ച് ഇന്നലെ മുതല്‍ കൂടുല്‍ വായിക്കുകയായിരുന്നു. കേള്‍ക്കുകയായിരുന്നു. മുന്‍പ് വാര്‍ത്തകളില്‍ ഇരുവരേയും ശ്രദ്ധിച്ചിരുന്നു. പലരും ഷെയര്‍ ചെയ്ത നിതിന്റെ ചിത്രങ്ങള്‍ പലപ്പോഴായി കാണുകയായിരുന്നു. ആ നല്ല മനസിന്റെ എല്ലാ പ്രസാദാത്മകതയുമുള്ള ചിരി. സ്‌നേഹം വായിച്ചെടുക്കാവുന്ന മുഖം.

വിദേശങ്ങളിലുള്ള ഗര്‍ഭിണികള്‍ക്ക് നാട്ടിലേയ്ക്കു വരാനുള്ള പോരാട്ടം സുപ്രീംകോടതിയില്‍ നടത്തിയത് ആതിരയും നിതിനുമാണ്. ആ പോരാട്ടത്തിന്റെ വിജയത്തിലാണ് വന്ദേഭാരത് മിഷനില്‍ ഗര്‍ഭിണികള്‍ക്ക് ആദ്യ വിമാനങ്ങളില്‍ ഇടം കിട്ടിയത്. ആ യാത്രയില്‍ നിതിനുണ്ടായിരുന്ന ടിക്കറ്റ്, മറ്റൊരത്യാവശ്യക്കാരന് വിട്ടു നില്‍കി. യൂത്ത്‌കോണ്‍ഗ്രസിന്റെ യൂത്ത്‌കെയറിന്റെ ഭാഗമായി മറ്റു രണ്ടുപേര്‍ക്ക് വിമാനടിക്കറ്റ് നല്‍കി. യുവാക്കളില്‍ ഇന്നില്ലെന്നു കുറ്റപ്പെടുത്തുന്ന പ്രതിബദ്ധതയും സഹജീവിസ്‌നേഹവും രാഷ്ട്രീയ ബോധ്യവുമുള്ള നിതിന്‍ ഒരു മാതൃക തന്നെയാണ്.

ജോലിയും അതുകഴിഞ്ഞാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നിതിന്‍ ദുബായിയില്‍ തങ്ങുകയായിരുന്നു. രക്തദാന പ്രവര്‍ത്തനങ്ങളും പ്രവാസി കേണ്‍ഗ്രസ് സംഘാടനവുമായി സജീവമായിരുന്ന 29 വയസുകാരന്‍ എഞ്ചിനീയര്‍. സഹജീവികളോട് സഹാനുഭൂതിയുണ്ടായിരുന്ന മനുഷ്യന്‍. എല്ലാവരുടേയും സ്‌നേഹിതന്‍.

ആതിര ഇനിയും വിയോഗം അറിഞ്ഞിട്ടില്ല. നിതിന്‍ ചെയ്ത നന്മകളെല്ലാം ചുറ്റുപാടു നിന്നും കേള്‍ക്കുമ്പോള്‍, ഒരിക്കലെങ്കിലും അച്ഛനെ ഒന്നു കണ്ടിരുന്നെങ്കില്‍ എന്ന് വളരുന്തോറും മകള്‍ ആഗ്രഹിക്കില്ലേ… ഓര്‍ക്കുന്തോറും സങ്കടം കൂടുന്നതേയുള്ളൂ നിതിന്‍…

മരിക്കുമ്പോള്‍ കരയുന്നവരുടെ എണ്ണം ഒരു ജന്മത്തിന്റെ മഹത്വത്തെ വിളിച്ചോതുമെന്നു കേട്ടിട്ടുണ്ട്. നിതിന്‍, താങ്കളുടെ വിയോഗത്തില്‍ ഞങ്ങളെല്ലാം വേദനിക്കുന്നു; നേരിലറിയാവുന്നവരും ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്തവരുമെല്ലാം… നിതിന്റേത് നന്മയേറിയ ഹൃദയാമിരുന്നു. ആ ഹൃദയമാണ് നിലച്ചത്.

സ്‌നേഹാഞ്ജലികള്‍ സ്‌നേഹിതാ…

Noora T Noora T :