കാലമെത്ര കഴിഞ്ഞാലും ജനപ്രീതിയിൽ ഇടിവ് തട്ടാതെ സ്പടികം!

കാലമെത്ര കഴിഞ്ഞാലും ജനപ്രീതിയിൽ ഇടിവ് തട്ടാതെ സ്പടികം

കാലമെത്ര കടന്നാലും ജനപ്രീതിയില്‍ ഇടിവ് തട്ടാതെ നില്‍ക്കുന്ന ചില ചിത്രങ്ങളുണ്ട്. അതിൽ ഒന്നാണ് മോഹൻ ലാൽ ആടുതോമയായി അഭിനയിച്ച സ്പടികം എന്ന ചിത്രം. പുതിയ തലമുറയ്ക്ക് ചിത്രം തിയറ്ററില്‍ കാണാൻ അവസരമൊരുക്കുകയാണ് ഇപ്പോൾ അതിന്റെ അണിയറപ്രവർത്തകർ. 4 കെ റീമാസ്റ്ററിംഗ് നടത്തി എത്തുന്ന ചിത്രത്തിന്‍റെ റിലീസ് ഫെബ്രുവരി 9 ന് ആണ്. റിലീസിന് മുന്നോടിയായുള്ള പ്രൊമോഷന്‍റെ ഭാഗമായി ചിത്രത്തിലെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ അണിയറക്കാര്‍ പുറത്തുവിടുന്നുണ്ട്.

“സിനിമയുടെ റീ റിലീസിനായി ജ്യോമെട്രിക്സ് എന്ന കമ്പനി രൂപീകരിച്ചിട്ടുണ്ട്. സിനിമയുടെ തനിമ നഷ്ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിംഗ് ആണ് നടത്തുക. പുതിയ സാങ്കേതിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുനര്‍നിര്‍മ്മിക്കുകയാണ്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ണ്ണായക രംഗങ്ങള്‍ക്കായി ക്യാമറ ചലിപ്പിക്കുന്നു എന്നതും പ്രത്യേകതയാണ്. പ്രസാദ് ലാബിലാണ് റെസ്റ്റൊറേഷന്‍ ജോലികള്‍ പുരോഗമിക്കുന്നത്. അമേരിക്കയിലും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ചെന്നൈയിലെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് ശബ്ദമിശ്രണം. സിനിമയുടെ നിര്‍മ്മാതാവ് ആര്‍ മോഹനില്‍ നിന്ന് വീണ്ടും റിലീസ് ചെയ്യാനുള്ള അവകാശം വാങ്ങിയിട്ടുണ്ട്. രണ്ട് കോടിയോളം മുതല്‍മുടക്കിലാണ് റീ റിലീസിംഗ്”, റീമാസ്റ്ററിംഗിനെക്കുറിച്ച് ഭദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.

സ്പടികത്തിന്റെ ജോലികൾ പുരോഗമിക്കുന്നതിനിടയിൽ ഇനി ആടുതോമമാര്‍ സൃഷ്ടിക്കപ്പെടാതിരിക്കട്ടെ, ചാക്കോ മാഷുമാരുണ്ടാകാതിരിക്കട്ടെ’; അദ്ധ്യാപികയുടെ വാക്കുകൾ പങ്കുവെച്ച് ഭദ്രൻ ഒരു ഫേസ്ബുക് കുറിപ്പിട്ടിരുന്നു .

”സ്ഫടികം ഒരു സിനിമയല്ല, അനേകം അധ്യായങ്ങളുള്ള ബൃഹത്തായ ഒരു ഗ്രന്ഥമാണ്. ആടുതോമ അതിലെ ആദ്യ അധ്യായമാണ്. വരികൾക്കിടയിലൂടെ രക്ഷിതാക്കളും അധ്യാപകരും വായിച്ച് വ്യാഖ്യാനിക്കേണ്ടൊരു അധ്യായം. രണ്ടാമത്തെ അധ്യായം ചാക്കോ മാഷ്. ഇങ്ങനെ അനേകം അധ്യായങ്ങൾ ചേരുന്നൊരു ബൃഹത് ഗ്രന്ഥമാണ് സ്ഫടികം. ഇനി ആടുതോമമാര്‍ സൃഷ്ടിക്കപ്പെടാതിരിക്കട്ടെ, ചാക്കോ മാഷുമാരുണ്ടാകാതിരിക്കട്ടെ’, പറയുന്നത് ഒരു ടീച്ചറാണ്. ഞാൻ കൂടി ഭാഗമായൊരു ചടങ്ങിലായിരുന്നു അവരിതു പറഞ്ഞത്, യാദൃശ്ചികമായി കഴിഞ്ഞ ദിവസം ആ വീഡിയോ എനിക്ക് മൊബൈലിൽ ലഭിച്ചപ്പോൾ ഏറെ അ‍ർത്ഥവത്തായ ആ വരികൾ നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് തോന്നി, ടീച്ചറെ പ്രണാമം”

Kavya Sree :