മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ സൗരവ് ഗാംഗുലിയുടെ ബയോപിക് വരുന്നു. ബോളിവുഡ് നടൻ രാജ്കുമാർ റാവു ആണ് ഗാംഗുലിയായി വേഷമിടുന്നത്. ഗാംഗുലി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഡേറ്റിന്റെ ചില പ്രശ്നങ്ങളാൽ ചിത്രം സ്ക്രീനുകളിൽ എത്താൻ ഒരു വർഷത്തിലധികം സമയമെടുക്കുമെന്നും ഗാംഗുലി പറയുന്നു.
എന്നാൽ ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ, ഷൂട്ടിങ് എന്നിവ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായിരുന്നു ഗാംഗുലി. അദ്ദേഹത്തിന്റെ നായകത്വത്തിൽ ഇന്ത്യൻ ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും നിരവധി ചരിത്ര വിജയങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യക്കായി 113 ടെസ്റ്റുകളും 311 ഏകദിനങ്ങളും ഗാംഗുലി കളിച്ചിട്ടുണ്ട്. 424 അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കുകയും 18575 റൺസ് നേടുകയും ചെയ്തു. 2000 ൽ ഒത്തുകളി വിവാദം ടീമിനെ പിടിച്ചു കുലുക്കിയപ്പോഴാണ് അദ്ദേഹം ക്യാപ്റ്റനായത്. ഇന്ത്യന് ക്രിക്കറ്റിന്റെ നായകസ്ഥാനം ഏറ്റെടുത്ത ഗാംഗുലി അഞ്ച് വര്ഷകാലം ടീമിനെ നയിച്ചു. ഇന്ത്യന് ക്രിക്കറ്റ് എക്കാലവും ഓര്ത്തിരിക്കുന്ന ഒട്ടേറെ നേട്ടങ്ങളിലേക്ക് ടീമിനെ കൈപിടിച്ചുയര്ത്താന് ആ അഞ്ച് വര്ഷം കൊണ്ട് സൗരവ് ഗാംഗുലിക്കായി.
1972 ജൂലൈ എട്ടിന് കൊല്ക്കത്തയിലാണ് സൗരവ് ഗാംഗുലിയുടെ ജനനം. ചന്ദിദാസിന്റെയും നിരുപ ഗാംഗുലിയുടെയും ഇളയ മകൻ ആയിരുന്നു സൗരവ് ഗാംഗുലി. വന്കിട പ്രിന്റിങ് പ്രസ് നടത്തിയിരുന്ന ആളാണ് ചന്ദിദാസ് ഗാംഗുലി. മികച്ച സാമ്പത്തിക പശ്ചാത്തലമുള്ള കുടുംബം, രാജകീയ സമാനമായ ബാല്യത്തിലൂടെയാണ് ഗാംഗുലി ക്രിക്കറ്റിൻ്റെ ലോകത്തേക്ക് കടന്നുവന്നത്.