‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കളുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: സൗബിന്‍ ഷാഹിറിനെ ചോദ്യം ചെയ്ത് ഇഡി

കേരളത്തിനകത്തും പുറത്തും സൂപ്പര്‍ഹിറ്റായ, റെക്കോര്‍ഡുകള്‍ ഭേദിച്ച ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുടെ നിര്‍മാതാവും നടനുമായ സൗബിന്‍ ഷാഹിറിനെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കഴിഞ്ഞ ദിവസം ഇ.ഡിയുടെ കൊച്ചിയിലെ ഓഫിസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.

സിനിമയുടെ സാമ്പത്തിക വിജയത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയെ തുടര്‍ന്നാണ് പ്രാഥമിക തെളിവ് ശേഖരണത്തിനു ശേഷം ഇഡി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. സൗബിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് വിവരം.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സിനിമയുടെ മറ്റൊരു നിര്‍മാതാവ് ഷോണ്‍ ആന്റിണിയേയും വിതരണക്കാരന്‍ കെ.സുജിത്തിനെയും ചോദ്യം ചെയ്തിരുന്നു. നേരത്തേ സിനിമയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തയിലും പറവ ഫിലിംസിനെതിരെ കേസുണ്ട്.

ഏഴുകോടി രൂപ സിനിമയ്ക്കായി മുടക്കിയാല്‍ 40 % ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത ശേഷം വഞ്ചിച്ചെന്ന് കാട്ടി അരൂര്‍ സ്വദേശി സിറാജ് വലിയതറ ഹമീദ് നല്‍കിയ കേസില്‍ നിര്‍മാതാക്കള്‍ തട്ടിപ്പ് നടത്തിയെന്ന് കേസന്വേഷിച്ച മരട് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ അന്വേഷണം.

കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച് ഇഡി നേരത്തേ സിനിമ മേഖലയുമായി ബന്ധപ്പെട്ട നിര്‍മാണക്കമ്പനികളിലും മറ്റും റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് മഞ്ഞുമ്മല്‍ ബോയ്‌സുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നത്.

സിറാജ് ഹമീദിന്റെ പരാതിയില്‍ എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്.

അതേസമയം, പറവ ഫിലിംസിന്റെ ബാനറില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മിക്കാന്‍ ഏഴു കോടി രൂപ നല്‍കി വഞ്ചിതനായ അരൂര്‍ സ്വദേശി സിറാജ് വലിയതറ ഹമീദ് രംഗത്തുവന്നതോടെ മലയാള ചലച്ചിത്ര നിര്‍മാണരംഗത്ത് പണം മുടക്കി വഞ്ചിതരായ മറ്റു ചില പ്രൊഡ്യൂസര്‍മാരും ഇഡിയെ സമീപിച്ച് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട് എന്നാണ് ചില റിപ്പോര്‍ച്ചുകള്‍.

Vijayasree Vijayasree :