എല്ലാം അവസാനിച്ചു എന്നിടത്തുനിന്ന് എല്ലാം തുടങ്ങുകയായിരുന്നു എന്റെ ജീവിതം.’ ‘ദൈവത്തിന് നന്ദി; സൂരജ് സൺ

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് സൂരജ് സണ്‍. പാടാത്ത പൈങ്കിളി എന്ന സീരിയല്‍ നേടി കൊടുത്ത പ്രശസ്തിയാണ് നടന്റെ മുന്നോട്ടുള്ള കരിയറിന് തന്നെ ഗുണമായത്. നിലവില്‍ സീരിയലില്‍ നിന്ന് മാറി സിനിമയില്‍ ചുവടുറപ്പിച്ചിരിക്കുകയാണ് താരം. ഇടയില്‍ ആല്‍ബങ്ങളും ചെയ്ത് വരുന്നു..ചില വ്യക്തിപരമായ കാരണങ്ങളാൽ താരം സീരിയലിൽ നിന്ന് വിട്ട് നിന്നപ്പോഴും ഏവരും ഒപ്പം നിന്നു. മോട്ടിവേഷണൽ വീഡിയോയും മറ്റുമായി സോഷ്യൽമീഡിയയിലും സജീവമാണ് സൂരജ്. സിനിമയാണ് എന്നും സൂരജിന്റെ ലക്ഷ്യം.

സീരിയലിൽ അഭിനയിക്കുന്ന സമയത്തും സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്യാൻ സൂരജ് ശ്രമങ്ങൾ നടത്തിയിരുന്നു. അങ്ങനെ മലയാളത്തിൽ നിരവധി സിനിമകൾ സമ്മാനിച്ച ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത മൃദു ഭാവേ ദൃഢ കൃത്യേ എന്ന സിനിമയിൽ സൂരജ് നായകനായി. സുരേഷ് കൃഷ്ണ, ദിനേശ് പണിക്കർ, അനിൽ ആന്റോ, സീമ ജി. നായർ, മായാ മേനോ൯, ജീജ സുരേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഹൃദയം, ആറാട്ടുമുണ്ടൻ, പ്രൈസ് ഓഫ് പൊലീസ് എന്നീ ചിത്രങ്ങുടെയും ഭാഗമായിരുന്നു സൂരജ്.‍‍‌ ഹൃദയത്തിൽ വളരെ ചെറിയ വേഷമായിരുന്നു സൂരജ് ചെയ്തത്. എങ്കിലും ഇത്രത്തോളം വലിയൊരു സിനിമയിൽ വിനീത് ശ്രീനിവാസനൊപ്പം പ്രവർത്തിക്കാൻ സാധിച്ചുവെന്നതായിരുന്നു സൂരജിന്റെ ഏറ്റവും വലിയ സന്തോഷം.

ഇപ്പോഴിതാ വീണ്ടും ഒരു നായകവേഷം ചെയ്യാനുള്ള അവസരം സൂരജിനെ തേടി എത്തിയിരിക്കുകയാണ്. സിനിമയുടെ പൂജ കഴിഞ്ഞ സന്തോഷം പുതിയ സോഷ്യൽമീഡിയ പോസ്റ്റിലൂടെ സൂരജ് പങ്കുവെച്ചു. ‘എല്ലാം അവസാനിച്ചു എന്നിടത്തുനിന്ന് എല്ലാം തുടങ്ങുകയായിരുന്നു എന്റെ ജീവിതം.’


‘ദൈവത്തിന് നന്ദി… കഴിഞ്ഞ വർഷം ഈ സമയം ഞാൻ നായക കഥാപാത്രം ചെയ്യുന്ന മൃദു ഭാവേ ദൃഢ കൃത്യേ എന്ന സിനിമയുടെ പൂജയായിരുന്നു. ഒരു വർഷം പൂർത്തിയാകുമ്പോഴേക്കും വീണ്ടും നായക കഥാപാത്രത്തിൽ എത്തുന്ന ആവണി എന്ന സിനിമയുടെ പൂജ. വളരെ വലിയ പ്രതീക്ഷയോടെ മുന്നോട്ട് പോകുന്നു. നിങ്ങൾ കൂടെയുണ്ടാകും എന്നതാണ് പ്രതീക്ഷ’, എന്നാണ് സിനിമയുടെ പൂജ ചടങ്ങിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് സൂരജ് കുറിച്ചത്.

സൂരജിന്റെ കുറിപ്പ് വൈറലായതോടെ താരത്തിന്റെ ആരാധകർ അടക്കം നിരവധി പേർ ആശംസകളുമായി എത്തി. ‘എല്ലാം ശരിയായി വരട്ടെ… എല്ലാവിധ ആസംസകളും, ഒരു നായകന്‍ അല്ലെങ്കില്‍ ഒരു സിനിമയില്‍ വലിയ സൂപ്പര്‍സ്റ്റാറാകുന്നത് ഇങ്ങനെയാണ് ഇനിയും ഒരുപാട് ഉയരങ്ങളിലെത്തുമെന്നായിരുന്നു’, ആരാധകര്‍ കുറിച്ചത്.

സൂരജിന്റെ ആദ്യ സിനിമയുടെ സംവിധായകനായ ഷാജൂണ്‍ കാര്യാലും താരത്തിന്റെ സഹപ്രവർത്തകരുമെല്ലാം ആശംസയുമായെത്തിയിരുന്നു. പാടാത്ത പൈങ്കിളി സീരിയൽ എഴുന്നൂറോളം എപ്പിസോഡുകൾ‌ പിന്നിട്ടശേഷമാണ് അവസാനിച്ചത്. ദേവയായി അഭിനയിച്ച ശേഷം ഉണ്ടായ മാറ്റം ചെറുതൊന്നുമല്ല എന്ന് സൂരജ് സണ്‍ പറഞ്ഞിരുന്നു.

നടൻ ദിനേശ് പണിക്കർ പാടാത്ത പൈങ്കിളി സീരിയലിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ കേട്ടപ്പോൾ സന്തോഷം തോന്നിയെന്നും താരം പറഞ്ഞിരുന്നു. ‘വർഷങ്ങൾ കഴിഞ്ഞ് ദിനേശേട്ടന്റെ യുട്യൂബ് വീഡിയോ മുഴുവൻ ഞാൻ കണ്ടു. ഓരോ വാക്കുകളും പ്രചോദനങ്ങളാണ് ആസ്വാദനമാണ് അനുഗ്രഹമാണ്.”

നമ്മളെക്കുറിച്ച് നല്ലത് പറയുന്നത് കേൾക്കാനാണ് ഏറ്റവും ജീവിതത്തിൽ പ്രയാസം. ഈ കേട്ടത് തനിക്ക് വലിയ അവാർഡാണ്’, എന്നാണ് സൂരജ് പറഞ്ഞത്. എന്തുകൊണ്ട് പാടാത്ത പൈങ്കിളിയിലെ നായകന്മാരിൽ‌ മാറി എന്നതിനെ കുറിച്ചെല്ലാമായിരുന്നു ദിനേശ് പണിക്കരുടെ വീഡിയോ.

നടൻ, മോട്ടിവേറ്റർ, സാമൂഹ്യപ്രവർത്തകൻ എന്നീ നിലകളിലെ സൂരജിന്റെ സംഭാവന പരി​ഗണിച്ച് അടുത്തിടെ ഇന്‍റര്‍നാഷണൽ തമിഴ് യൂണിവേഴ്സിറ്റിയുടെ ഹ്യുമാനിറ്റി അച്ചീവ്‍മെന്‍റ്സ് വിഭാഗത്തിൽ സൂരജിന് ഒരു ഹോണററി ഡോക്ടറേറ്റും ലഭിച്ചിരുന്നു.

AJILI ANNAJOHN :