ഒരു പാട്ടിനെക്കുറിച്ചുള്ള നിര്‍മ്മാതാവിന്റെ വിചിത്രമായ ആവശ്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്. ദ ലവ് ലാഫ് ലിവ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. ഒരിക്കല്‍ തന്നോട് ഒരു നിര്‍മ്മാതാവ് ഇടുപ്പില്‍ വച്ച് ചപ്പാത്തി ചൂടാക്കുന്ന രംഗം പാട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞ സംഭവത്തെക്കുറിച്ചാണ് മല്ലികയുടെ തുറന്നു പറച്ചില്‍. എന്നാല്‍ താന്‍ അതിന് തയ്യാറായില്ലെന്നും മല്ലിക പറയുന്നു.
താരത്തിന്റെ വാക്കുകളിലേക്ക് …
ഭയങ്കര ചൂടന്‍ പാട്ടാണ്. കാഴ്ചക്കാര്‍ക്ക് എങ്ങനെയാണ് നിങ്ങള്‍ ഹോട്ടാണെന്ന് മനസിലാവുക? നിങ്ങളുടെ ഇടുപ്പില്‍ വച്ച് ചപ്പാത്തി ചൂടാക്കാന്‍ വരെ പറ്റും. അത്രയും ഹോട്ടാണ് നിങ്ങള്‍. അങ്ങനെ എന്തൊക്കയോ ആണ് പറഞ്ഞത്. നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ ഇങ്ങനെയുള്ള ചിന്തകള്‍? ഞാന്‍ പറഞ്ഞു, ഇല്ല, നമ്മള്‍ ഇങ്ങനെ ഒന്നും ചെയ്യാന്‍ പോണില്ല. പക്ഷെ പിന്നെ ചിന്തിച്ചപ്പോള്‍ അതൊരു തമാശയായാണ് എനിക്ക് തോന്നിയത്.
ഇന്ത്യയില്‍ ഹോട്ട് എന്നതിനെക്കുറിച്ചുള്ളത് വിചിത്രമായ കാഴ്ചപ്പാടാണെന്നും മല്ലിക പറയുന്നു.”അവര്‍ക്ക് സ്ത്രീകളുടെ കാര്യത്തില്‍ ഹോട്ട് എന്നതിനെക്കുറിച്ച് വളരെ വിചിത്രമായ കാഴ്ചപ്പാടാണുള്ളത്. അത് എനിക്ക് മനസിലാകില്ല. ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്. പക്ഷെ ഞാന്‍ കരിയര്‍ തുടങ്ങിയ സമയത്ത് വളരെ വിചിത്രമായിരുന്നു” എന്നാണ് താരം പറയുന്നത്. മര്‍ഡര്‍ പോലുള്ള മല്ലികയുടെ സിനിമകളിലെ രംഗങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയതായിരുന്നു. ബോള്‍ഡ്‌നെസിന്റെ പേരിലായിരുന്നു ഈ രംഗങ്ങള്‍ ചര്‍ച്ചയായി മാറിയത്.
ഒരു കാലത്ത് ബോളിവുഡിലെ തിരക്കേറിയ നടിയായിരുന്നു മല്ലിക ഷെറാവത്ത്. തന്റെ ബോള്‍ഡ് രംഗങ്ങളിലൂടെ ശ്രദ്ധ നേടിയ മല്ലിക പിന്നീട് ഹോളിവുഡിലും സാന്നിധ്യം അറിയിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമാവുകയാണ് മല്ലിക അഭിനയത്തില്‍.