മലയാളികളുടെ പ്രിയതാരം ഇന്ദ്രജിത്തിന്റെ പിറന്നാളാണ് ഇന്ന്. ആരാധകരും സഹപ്രവർത്തകരും സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി നിരവധി പേരാണ് ആശംസകൾ അറിയിക്കുന്നത്. ഇപ്പോഴിതാ അനുജൻ പൃഥ്വിരാജ് നൽകിയ ആശംസയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഇരുവരും ഒന്നിച്ചുള്ള കുട്ടിക്കാല ചിത്രത്തിനൊപ്പമാണ് പൃഥ്വിരാജ് ആശംസ അറിയിച്ചിരിക്കുന്നത്. ‘ഹാപ്പി ബർത്ത്ഡേ ചേട്ടൻ’ എന്നാണ് പൃഥ്വി ചിത്രത്തിനൊപ്പം കുറിച്ചത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ഇന്ദ്രജിത്തിന് ജന്മദിനമാശംസയുമായി രംഗത്തെത്തുന്നത്.
മകന് മല്ലിക നൽകിയിരിക്കുന്ന പിറന്നാളാശംസയും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട് . ഫേസ്ബുക്ക് പോസ്റ്റായാണ് ആശംസകൾ നേർന്നിരിക്കുന്നത്. ആദ്യത്തെ കണ്മണി ആണായിരിക്കണം, ഇന്ദ്രന് ജന്മദിനത്തിൽ അമ്മയുടെ പ്രാർത്ഥനകളും അനുഗ്രഹവും. മധുരമുള്ള ഒത്തിരി ഓർമ്മകളുമായി ഒരു ദിനം. പൊന്നുമോന് ജന്മദിനത്തിന് എല്ലാ മംഗളങ്ങളും. ദൈവം അനുഗ്രഹിക്കട്ടെ, മല്ലിക കുറിച്ചത്
‘പടയണി’ എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ താരം പിന്നീട് മലയാളികളുടെ ഇഷ്ട നടനായി മാറുകയായിരുന്നു. പടയണിക്ക് ശേഷം ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ’ എന്ന ചിത്രത്തിൽ വില്ലനായിട്ടായിരുന്നു ഇന്ദ്രജിത്തിന്റെ രണ്ടാം വരവ്. ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലെ ഈപ്പൻ പാപ്പച്ചി എന്ന വില്ലൻ കഥാപാത്രമാണ് ഇന്ദ്രജിത്തിനെ ആദ്യകാലത്ത് ശ്രദ്ധേയനാക്കിയ ചിത്രങ്ങളിൽ ഒന്ന്. പിന്നീടിങ്ങോട്ട് തിരശ്ശീലയിൽ നിറ സാന്നിധ്യമായി താരമുണ്ട്.
അതേസമയം, ‘നൈറ്റ് ഡ്രൈവ്’ എന്ന ചിത്രമാണ് ഇന്ദ്രജിത്തിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് എത്തുന്നത്. ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ‘നൈറ്റ് ഡ്രൈവെ’ന്ന ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത് സുനില്‍ എസ് പിള്ളയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.