നിങ്ങളുടെ നിഷ്കളങ്കയെ ഇല്ലാതാക്കുന്നതിനെയാണ് പക്വത എന്നു പറയുന്നതെന്ന് ടോവിനോ; മഞ്ഞിൽ കളിച്ച് താരം; വീഡിയോ ശ്രദ്ധ നേടുന്നു

കുടുംബത്തിനൊപ്പം ഫിൻലാൻഡിൽ അവധിയാഘോഷിച്ചിരിക്കുകയാണ് നടൻ ടൊവിനോ തോമസ്. താരത്തിന്റെ ഭാര്യയും മക്കളും മാത്രമല്ല അച്ഛനമ്മമാരും സഹോദരനും സഹോദരിയും അവരുടെ കുടുംബവുമൊക്കെ ഫിൻലാൻഡ് യാത്രയിലൊപ്പമുണ്ട്.

ഇപ്പോഴിതാ അവിടെ നിന്നും താരം മഞ്ഞിൽ കളിക്കുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കുട്ടികൾ മരത്തിനു താഴെ നിൽക്കുമ്പോൾ അതു ചെറുതായി അനക്കി തലയിൽ മഞ്ഞ് വീഴ്ത്തുകയാണ് ടൊവിനോ. ‘നിങ്ങളുടെ നിഷ്കളങ്കയെ ഇല്ലാതാക്കുന്നതിനെയാണ് പക്വത എന്നു പറയുന്നത്’ എന്നാണ് വീഡിയോയ്ക്ക് താഴെ താരം കുറിച്ചത്.

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ടൊവിനോ തന്റെ ഇൻസ്റ്റഗ്രാമിലൂടെ ഒരു കുടുംബചിത്രം പങ്കുവച്ചിരുന്നു. “ഒരുമിച്ചുള്ളപ്പോൾ എല്ലാം മികച്ചതായിരിക്കും” എന്നാണ് കുടുംബചിത്രത്തിനു താഴെ ടൊവിനോ കുറിച്ചത്. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള രസകരമായ ചിത്രങ്ങളും വീഡിയോയുമൊക്കെ ടൊവിനോ പങ്കുവയ്ക്കാറുണ്ട്. ഭാര്യ ലിഡിയയ്ക്കും മക്കൾക്കുമൊപ്പം പോയ ആഫ്രിക്കൻ ട്രിപ്പിന്റെ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.

ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘നീലവെളിച്ചം’ ആണ് ടൊവിനോയുടെ അവസാനം റിലീസിനെത്തിയ ചിത്രം. റിമ കല്ലിങ്കൽ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ജൂഡ് ആന്റണിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘2018’ ആണ് ടൊവിനോയുടെ ഇനി റിലീസിനെത്തുന്ന ചിത്രം. മെയ് 5ന് ചിത്രം തിയേറ്ററുകളിലെത്തും.

Noora T Noora T :