മലയാളികളുടെ പ്രിയ താരമാണ് അപർണ ബാലമുരളി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പ്രൊഫൈലിലൂടെ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പമുള്ള ചിത്രമാണ് താരം ഷെയർ ചെയ്തത്. ‘ഫാൻ ഗേൾ മൊമന്റ്. വിത്ത് വൺ ആന്ഡ് ഒൺലി’ എന്നാണ് അപർണ ചിത്രത്തിനു താഴെ കുറിച്ചത്. താരങ്ങളായ രമേഷ് പിഷാരടി, മാന്യ നായിഡു, അനൂപ് ശങ്കർ, ആര്യ ബഡായ്, കൃഷ്ണപ്രഭ എന്നിവർ ചിത്രത്തിനു താഴെ കമന്റു ചെയ്തിട്ടുണ്ട്.
ഭാഗ്യം എന്നു പറഞ്ഞ് കേട്ടിട്ടേയുള്ളൂ, എനിക്ക് അസൂയ തോന്നുന്നു തുടങ്ങിയ കമന്റുകളും ചിത്രത്തിനു താഴെ നിറയുന്നുണ്ട്. ‘ജെയിലർ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കൊച്ചിയിലാണിപ്പോൾ രജനികാന്ത്. കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ പകർത്തിയ ചിത്രമെന്നാണ് വ്യക്തമാകുന്നത്.
രജനികാന്ത് കൊച്ചിയിൽ വന്നിറങ്ങുന്നതിന്റെ വീഡിയോയും ബുധനാഴ്ച വൈറലായിരുന്നു. ‘അദ്ദേഹത്തിന്റെ സ്വാഗ് നോക്കൂ’ എന്നാണ് ആരാധകർ വീഡിയോയ്ക്ക് താഴെ കുറിച്ചത്.
നെൽസൻ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ജെയിലർ.’ ആക്ഷൻ കോമഡി ഴോണറിലൊരുങ്ങുന്ന ചിത്രത്തിൽ ശിവ രാജ്കുമാർ, തമന്ന, രമ്യ കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. കലാനിധി മാരൻ ആണ് ചിത്രത്തിന്റെ നിർമാണം.