ഉത്സവ പരിപാടിയിൽ ഇന്നസന്റിനെ അനുകരിച്ച് ദിലീപ്; വിഡിയോ വൈറൽ

പൊതുപരിപാടികളും ഉദ്‌ഘാടങ്ങളിലും സജീവമാണ് ജനപ്രിയ നായകൻ ദിലീപ്. ഇന്നസന്റിനെ അനുകരിച്ച് പ്രേക്ഷകരുടെ കയ്യടി നേടിയിരിക്കുകയാണ് ഇപ്പോൾ ദിലീപ്. പടിഞ്ഞാറ്റിൻകര മഹാദേവർക്ഷേത്രത്തിൽ ഉത്രട്ടാതി ഉത്സവത്തിന് അതിഥിയായി എത്തിയതായിരുന്നു താരം. പ്രസംഗത്തിനിടെ ദിലീപ് പാട്ടു പാടണമെന്നായിരുന്നു കാണികളുടെ ആവശ്യം. പാട്ടും പ്രസംഗവും തനിക്കറിയില്ലെന്നു പറഞ്ഞെങ്കിലും പ്രേക്ഷകർ വിടാൻ തയാറായില്ല. അങ്ങനെയെങ്കിൽ ഒരു മിമിക്രിയെങ്കിലും കാണിക്കൂ എന്നായി.

ഇതോടെ ഇന്നസന്റിനെ അനുകരിക്കാമെന്ന് ദിലീപ് പറയുകയായിരുന്നു. പിന്നാലെ കാണികളില്‍ നിന്ന് ഹര്‍ഷാരവം ഉയര്‍ന്നു.

ദിലീപ് നായകനാകുന്ന ബാന്ദ്ര സിനിമയുടെ നിര്‍മാതാവ് വിനായക അജിത് കുമാറായിരുന്നു ഉത്സവത്തിന്റെ ഉപദേശകസമിതി പ്രസിഡന്റ്. പാവപ്പെട്ടവര്‍ക്കായുള്ള ചികിത്സാധനസഹായവും പഠനോപകരണങ്ങളും ദിലീപ് വിതരണം ചെയ്തു.ഉപദേശകസമിതി സെക്രട്ടറി ചെങ്ങറ സുരേന്ദ്രന്‍, നഗരസഭാധ്യക്ഷന്‍ എസ്.ആര്‍.രമേശ്, ഉപാധ്യക്ഷ വനജാ രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു. ചലച്ചിത്ര പിന്നണിഗായകന്‍ നജിം അര്‍ഷാദിന്റെ ഗാനമേളയും അരങ്ങേറി.

Noora T Noora T :