‘കൊടുക്കുന്ന കാശിന് കടക്കാരനായി ജീവിക്കുന്ന മനുഷ്യന്‍’ ; ട്രോളിന് മറുപടിയുമായി സൈജു കുറുപ്പ്

ഒരു ആരാധകൻ സൈജു കുറുപ്പിന്റെ കഥാപാത്രത്തെ കുറിച്ച് നടത്തിയ നിരീക്ഷണവും അതിന് നടൻ പറഞ്ഞ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മലയാള സിനിമയില്‍ ഒരു ‘ഡെബ്റ്റ് സ്റ്റാര്‍’ ഉള്ളതില്‍ നമുക്ക് അഭിമാനിക്കാം. കൊടുക്കുന്ന കാശിന് കടക്കാരനായി ജീവിക്കുന്ന മനുഷ്യന്‍’ എന്ന ട്രോളാണ് സൈജുവിന് നേരെ എത്തിയത്.

സൈജു വേഷമിട്ട ‘മാളികപ്പുറം’, ‘മേപ്പടിയാന്‍’, ‘ട്വല്‍ത് മാന്‍’, ‘തീര്‍പ്പ്’, ‘സാറ്റര്‍ഡേ നൈറ്റ്‌സ്’, ‘ഒരുത്തീ’, ‘മേ ഹൂം മൂസ’ എന്നീ സിനിമകളില്‍ എല്ലാം നടന്റെ കഥാപാത്രങ്ങള്‍ കടക്കെണിയില്‍ പെട്ട് നട്ടം തിരിയുന്നവരാണ്. ഇജാസ് അഹമ്മദ് എന്ന പ്രേക്ഷകനാണ് താരത്തിന് ‘ഡെബ്റ്റ് സ്റ്റാര്‍’ എന്ന പട്ടം നല്‍കി ട്രോളുമായി എത്തിയത്.

ഇതോടെ ട്രോളിന് മറുപടിയുമായി സൈജുവും രംഗത്തെത്തി. ജീവിതത്തില്‍ ആരോടും കടം വാങ്ങിയിട്ടില്ലെങ്കിലും സിനിമയിലെ കഥാപാത്രങ്ങളെല്ലാം കടക്കാരനായി മാറിയത് ആകസ്മികായാണ് എന്നായിരുന്നു സൈജു കുറുപ്പിന്റെ മറുപടി.

”അത് വളരെ നല്ല ഒരു നിരീക്ഷണം ആയിരുന്നു ഇജാസ് അഹമ്മദ്. ജീവിതത്തില്‍ അച്ഛനോടും അമ്മായിഅച്ഛനോടും അല്ലാതെ ആരോടും കടം മേടിച്ചിട്ടില്ല. പക്ഷേ ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ ഇഷ്ടം പോലെ കടം മേടിച്ചു. ഇത്തരത്തില്‍ ഒരു കണ്ടെത്തലിന് ഇജാസ് നന്ദി” എന്നാണ് സൈജു ട്രോള്‍ പങ്കുവച്ച് മറുപടി കൊടുത്തിരിക്കുന്നത്.

അതേസമയം സൈജു കുറുപ്പ് വീണ്ടും നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണ ജോലികള്‍ പുരോഗമിക്കുകയാണ്. നവാഗതനായ സിന്റോ സണ്ണിയുടെ സംവിധാനത്തിലുള്ള ചിത്രത്തിലാണ് സൈജു കുറുപ്പ് നായകനാകുന്നത്. സിന്റോ സണ്ണി തന്നെ തിരക്കഥയും എഴുതുന്നു. സൈജു കുറുപ്പിന്റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ലയാണ് നിർമ്മിക്കുന്നത്. ‘മേ ഹൂം മുസ’ എന്നീ ചിത്രത്തിനു ശേഷം തോമസ് തിരുവല്ല നിർമ്മിക്കുന്നതാണ് ഇത്. ദര്‍ശന, ജഗദീഷ്, ജോണി ആന്റണി, കോട്ടയം നസീർ, ശ്രിന്ധ, ജോളി ചിറയത്ത്, ശരൺ രാജ്, ജിബു ജേക്കബ്, എന്നിവർക്കൊപ്പം ‘കടത്തൽക്കാരൻ’ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ ഷിജു മാടക്കരയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. കലാസംവിധാനം വിനോദ് പട്ടണക്കാടൻ ആണ്.

Noora T Noora T :