ഞങ്ങളെ പെങ്ങളെ കുട്ടികളെ പൊന്നു പോലെ നോക്കണേ…നിര്‍മ്മലിന്‍റെ കമന്‍റ് സോഷ്യൽ മീഡിയയിൽ വൈറല്‍

വടകര ലോകനാർ കാവ്‌ ക്ഷേത്രത്തിൽ വെച്ച് ഇന്നലെയായിരുന്നു സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ്
അധ്യാപികയായ പ്രതിഭയെ വിവാഹം കഴിച്ചത്. അടുത്ത ബന്ധുക്കള്‍ പങ്കെടുത്ത ചടങ്ങ് തീര്‍ത്തും ലളിതമായിരുന്നു. സജീഷിന്‍റെ മക്കളായ റിതുൽ, സിദ്ധാർത്ഥ്‌ എന്നിവര്‍ ചടങ്ങില്‍ ഉണ്ടായിരുന്നു.

സോഷ്യല്‍ മീഡിയ വളരെ ആവേശത്തോടെയാണ് ഈ വാര്‍ത്തയെ ഏറ്റെടുത്തത്. ഇപ്പോഴിതാ നടന്‍ നിർമൽ പാലാഴി സജീഷ് പ്രതിഭ വിവാഹത്തിന്‍റെ ഒരു വീഡിയോയ്ക്ക് ഇട്ട കമന്‍റാണ് ഇപ്പോള്‍ വൈറലാകുന്നത്. പെങ്ങളെ…ഞങ്ങളെ(മലയാളികളുടെ)പെങ്ങളെ കുട്ടികളെ പൊന്നു പോലെ നോക്കണേ എന്നാണ് വീഡിയോക്ക് താഴെ നിര്‍മ്മല്‍ എഴുതിയത്. ഒരുപാട് പേർ നിര്‍മ്മലിന്‍റെ കമന്‍റിന് ലൈക്ക് നല്‍കിയിട്ടുണ്ട്. മക്കളെ പൊന്നുപോലെ നോക്കണേ എന്നാണ് കമന്റുകൾ കൂടുതലും.

നേരത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സജീഷ് വിവാഹകാര്യം ലോകത്തെ അറിയിച്ചത്. ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക്‌ കാലെടുത്ത്‌ വെയ്ക്കുകയാണെന്ന് സജീഷ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്നും സജീഷ് കുറിച്ചു.

നിപ മഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റര്‍ ലിനി വിടവാങ്ങിയിട്ട് നാല് വര്‍ഷമായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലിനിക്ക് നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് വൈറസ് ബാധയേറ്റത്. അർപ്പണ ബോധത്തോടെ രോഗബാധിതരെ ശുശ്രൂഷിച്ച ലിനി ആരോഗ്യ പ്രവർത്തകർക്കാകെ മാതൃകയായി മാറിയിരുന്നു. നൊമ്പരത്തോടെയും എന്നാല്‍ അതിലേറെ സ്നേഹത്തോടെയും മലയാളികള്‍ ഓര്‍ക്കുന്ന പേരാണ് സിസ്റ്റര്‍ ലിനിയുടേത്.

Noora T Noora T :