‘ബാബുവിന്റെ ജീവിതം സിനിമയാക്കുന്നത് പരിഗണനയിൽ, നായകനായി പ്രണവ് മോഹന്‍ലാൽ’; ട്രോളിനോട് പ്രതികരിച്ച് ഒമർ ലുലു

ഇക്കഴിഞ്ഞ രണ്ട് ദിവസം കേരളം ഒന്നടങ്കം 23 കാരനായ ബാബുവെന്ന യുവാവിന്റെ ജീവിന് വേണ്ടിയുള്ള പ്രാർഥനയിലായിരുന്നു. ഒടുവിൽ മലയാളികളുടെ ആ പ്രാർത്ഥന ഫലം കാണുകയും ചെയ്തു. പാലക്കാട് മലമ്പുഴ ചെറാട് മലയിൽ കയറവേ കാൽവഴുതി 46 മണിക്കൂർ പാറയിടുക്കിൽ കുടുങ്ങി കിടക്കേണ്ടിവന്ന ബാബുവിനെ ഒടുവിൽ സൈന്യത്തിൻറെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്.

ഇത്രയേറെനേരം ഭക്ഷണമോ വെള്ളമോ ഇല്ലാതെ ചൂടിനെയും തണുപ്പിനെയും നേരിട്ട് ധൈര്യത്തോടെ പിടിച്ച് നിന്ന ബാബുവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.

ഒമര്‍ ലുലു ബാബുവിന്റെ കഥ സിനിമയാക്കാന്‍ പോകുന്നുവെന്ന തരത്തില്‍ പല കഥകളും ഇതിനോടകം പ്രചരിച്ചിരുന്നു. അക്കൂട്ടത്തിലൊന്നാണ് ബാബുവിന്റെ കഥ ഒമര്‍ ലുലു സിനിമയാക്കാന്‍ പോകുന്നുവെന്ന തരത്തിലുള്ള ട്രോളുകളായിരുന്നു. ഒമര്‍ ലുലു മാത്രമല്ല ട്രോളിലുള്ളത് സിനിമയിലെ നായകനായി പ്രണവ് മോഹന്‍ലാലിനേയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആളുകള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ട്രോളിന് ലഭിച്ചിരുന്നത്. ഇപ്പോഴിതാ അതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒമര്‍ ലുലു. ട്രോള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഒമര്‍ലുലുവിന്റെ പ്രതികരണം.

‘ഇങ്ങനെ ഒരു ട്രോള്‍ പരക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഞാന്‍ ഇപ്പോ പവര്‍സ്റ്റാര്‍ എന്ന സിനിമയുടെയും എന്റെ ആദ്യ ബോളിവുഡ് സിനിമ എന്ന സ്വപ്നത്തിന്റെയും പുറകെയാണ്. ബാബുവിന്റെ ജീവിതം സിനിമയെടുക്കുന്നതിനെ പറ്റി ഞാന്‍ ചിന്തിച്ചിട്ട് പോലും ഇല്ല. ബാബുവിന് എല്ലാവിധ നന്മകള്‍ നേരുന്നു,’ അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Noora T Noora T :