മമ്മൂട്ടിയെ ദുബായില്‍ സന്ദര്‍ശിച്ച് മാധവന്‍; ചിത്രം വൈറൽ

മമ്മൂട്ടിയെ ദുബായില്‍ സന്ദര്‍ശിച്ച് തെന്നിന്ത്യന്‍ താരം ആര്‍. മാധവന്‍. ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പുതിയ സിനിമ ഒരുങ്ങുന്നുണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

സംവിധായകന്‍ പ്രജേഷ് സെന്‍ അടക്കമുള്ളവരാണ് മമ്മൂട്ടിയുടെയും മാധവന്റെയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.

അതേസമയം, മാധവന്റെ ആദ്യത്തെ സംവിധാന സംരംഭത്തിലെ സഹ സംവിധായകനാണ് പ്രജേഷ് സെന്‍. ‘റോക്കട്രി ദ നമ്പി ഇഫക്ട്’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ നമ്പി നാരായണനായി മാധവന്‍ സ്‌ക്രീനിലെത്തുന്നു. സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളാണ് മമ്മൂട്ടിയും മാധവനും പങ്കുവച്ചത്. ഈ ചിത്രത്തിൽ മമ്മൂട്ടിയും എത്തുന്നുണ്ടോ എന്നും പ്രേക്ഷകർ ചോദിക്കുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി മാധവൻ തന്നെയാണ് സ്ക്രീനിലെത്തുന്നത്.

ഭീഷ്മ പർവ്വമാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് അമൽ നീരദാണ്. ഫെബ്രുവരി 24ന് ഭീഷ്മപർവ്വം റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

ഇത്തവണത്തെ ദുബായി എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു മെഗാ സ്റ്റാറിന്റെ ദുബായി സന്ദര്‍ശനം.

Noora T Noora T :