ഒന്നായിട്ട് 2 വര്‍ഷം പൂർത്തിയാക്കുന്നു.. ആ സന്തോഷ വാർത്തയുമായി സ്‌നേഹയും ശ്രീകുമാറും; ആശംസകളുമായി സഹതാരങ്ങളും ആരാധകരും

വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സ്‌നേഹയും ശ്രീകുമാറും. മറിമായം എന്ന പരമ്പരയിലൂടെ ലോലിതനും മണ്ഡോദരിയുമായി മുന്നേറുന്നതിനിടയിലാണ് ഇരുവരും വിവാഹം കഴിക്കുന്നത്. സമകാലിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മറിമായം പരമ്പരയില്‍ ഹാസ്യാത്മകമായ അവതരണശൈലിയിലൂടെയാണ് രണ്ടാളും പ്രേക്ഷക ശ്രദ്ധ നേടിയത്. മറിമായത്തിലൂടെ ശ്രദ്ധേയനായ ശ്രീകുമാര്‍ നിരവധി സിനിമകളിലും സീരിയലുകളിലും ഭാഗമായിട്ടുണ്ട്.

2019 ഡിസംബര്‍ 11നായിരുന്നു ഇവരുടെ വിവാഹം. പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു പങ്കെടുത്തത്. ഇപ്പോഴിതാ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഇരുവരും. ഹാപ്പി ആനിവേഴ്‌സറി റ്റു അസ് എന്നായിരുന്നു സ്‌നേഹയും ശ്രീകുമാറും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. വിവാഹ വീഡിയോയും ചിത്രങ്ങളും ഇരുവരും പങ്കിട്ടിരുന്നു. അമല്‍ രാജ് ദേവ്, വരദ, റാഫി, ശ്രുതി രജനീകാന്ത്, സബിറ്റ ജോര്‍ജ്, അശ്വതി ശ്രീകാന്ത് തുടങ്ങി നിരവധി പേരാണ് ഇവര്‍ക്ക് ആശംസകള്‍ അറിയിച്ച് എത്തിയത്.

കലാകാരനായതിനാലാണ് താന്‍ ശ്രീയെ വിവാഹം ചെയ്തതെന്ന് സ്‌നേഹ വ്യക്തമാക്കിയിരുന്നു. തൊഴിലിനോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയും ബഹുമാനവും തന്നെ ആകര്‍ഷിച്ച കാര്യമാണ്. തന്റെ തൊഴിലിനെ അങ്ങേയറ്റം ബഹുമാനിക്കുന്നയാളാണ് അദ്ദേഹം. അതേ പോലെ തന്നെ എല്ലാ കാര്യത്തിനും തനിക്കൊപ്പം നില്‍ക്കുകയും ചെയ്യുന്നുണ്ട്. വിവാഹ ശേഷമായുള്ള സ്‌നേഹയുടേയും ശ്രീകുമാറിന്റേയും അഭിമുഖ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

അഭിനയത്തിന് പുറമെ കഥകളിയിലും ഓട്ടന്‍തുള്ളലിലും കഴിവ് തെളിയിച്ചിട്ടുണ്ട് സ്‌നേഹ. തമാശ കഥാപാത്രങ്ങള്‍ മാത്രമല്ല വില്ലത്തരവും വഴങ്ങുമെന്ന് തെളിയിച്ചയാളാണ് ശ്രീകുമാര്‍. മെമ്മറീസിലെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Noora T Noora T :