ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് മണിക്കുട്ടന്. വളരെ കുറഞ്ഞ സമയം കൊണ്ട് ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരം ഒന്‍പതര കോടി വോട്ടിനാണ് ടൈറ്റില്‍ വിന്നറായത്. വിജയസാധ്യതയുള്ള മത്സരാര്‍ത്ഥികളിലൊരാളായി തുടക്കം മുതലേ മണിക്കുട്ടനെ വിശേഷിപ്പിച്ചിരുന്നു
ബിഗ് ബോസിന്റെ ടൈറ്റില്‍ വിന്നറായ മണിക്കുട്ടന് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. ബിഗ് ബോസില്‍ ആയിരിക്കുമ്പോള്‍ തന്നെ മണിക്കുട്ടന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പലരും ചര്‍ച്ച ചെയ്തത്. ഷോ യില്‍ വെച്ചുള്ള പ്രണയാഭ്യര്‍ഥന താരം നിരസിച്ചതൊക്കെ വലിയ വാര്‍ത്തയായിരുന്നു. ഇനി വിവാഹം ഉടനെ ഉണ്ടാവുമോ എന്ന് ചോദിച്ചാല്‍ മണിക്കുട്ടന് പറയാന്‍ ചില കാര്യങ്ങളുണ്ട്. ഒരു ഷോയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് വിവാഹത്തെ കുറിച്ചും കരിയറിനെ കുറിച്ചുമൊക്കെയുള്ള കാര്യങ്ങള്‍ താരം പറഞ്ഞത്.

മണികുട്ടന്റെ വാക്കുകളിലേക്ക്…
‘ബിഗ് ബോസിന്റെ ഒന്നും രണ്ടും സീസണില്‍ വിളിച്ചെങ്കിലും സിനിമകളുടെ തിരക്ക് കാരണം പോകാന്‍ സാധിച്ചില്ല. മൂന്നാം തവണ വിളിച്ചപ്പോള്‍ കോവിഡ് കാരണം ഇരിക്കുമ്പോഴാണ്. അങ്ങനെ പോവാമെന്ന് വിചാരിച്ചു. ബിഗ് ബോസ് ഞാനങ്ങനെ സ്ഥിരമായി കണ്ടിട്ടില്ല. ആദ്യം ഇന്റര്‍വ്യൂന് വിളിച്ചത് സൂം മീറ്റിങ്ങിലൂടെ ആയിരുന്നു. ഇവിടെ വരുന്നവരെല്ലാം മത്സരാര്‍ഥികളാണ്. അവരുടെ ഇടയില്‍ എങ്ങനെ പിടിച്ച് നില്ക്കാന് പറ്റുമെന്നാണ് അവര്‍ ആദ്യം ചോദിച്ചത്. ‘പതിനഞ്ച് വര്‍ഷമായി സിനിമയില്‍ പൊരുതി നില്‍ക്കുകയാണ്. അതിലും വലിയ സംഘട്ടനം ഒന്നും ഉണ്ടാവില്ല.
ലാലേട്ടന്റെ കൂടെ നാല് സിനിമകളിലെ അഭിനയിച്ചിട്ടുള്ളു. ബിഗ് ബോസിലേക്ക് വരുമ്പോള്‍ എല്ലാ മത്സരാര്‍ഥികള്‍ക്കും കൊടുത്ത പിന്തുണ മാത്രമേ എനിക്കും തന്നിട്ടുള്ളു. അല്ലാതെ ഞാനൊരു നടനാണെന്ന പരിഗണന ഒന്നും ഇല്ലായിരുന്നു. ഞാന്‍ തെറ്റ് ചെയ്താല്‍ എന്നെ വഴക്ക് പറയും. ഞാന്‍ ചെയ്തത് ശരിയാണെങ്കില്‍ കൊള്ളാം എന്നും പറയും. സിസിഎല്ലിന്റെ ക്യാപ്റ്റന്‍ ലാലേട്ടനായിരുന്നു. സിനിമ ചെയ്യുന്നതിനെക്കാളും കൂടുതല്‍ എനിക്ക് അദ്ദേഹത്തിന്റെ കൂടെ സമയം ചെലവഴിക്കാന്‍ അങ്ങനൊരു അവസരം ലഭിച്ചിരുന്നു.

എന്റെ അടുത്ത് കുറേ പേര് വിവാഹാഭ്യര്‍ഥന നടത്തിയിട്ടുണ്ട്. അവരോട് വളരെ സ്നേഹത്തോടെ തന്നെ ഞാന്‍ നിരസിച്ചിട്ടുമുണ്ട്. കാരണം അവരോട് എനിക്ക് ഒന്നും തോന്നാത്തത് കൊണ്ടാണ്. എനിക്കങ്ങോട്ട് തോന്നി പറഞ്ഞവരൊക്കെ അതിനെക്കാളും മോശമായി നിരസിച്ചിട്ടുണ്ട്. പ്രണയത്തിന്റെ കാര്യത്തില്‍ അത്രയും നല്ല എക്സീപിരിയന്‍സ് അല്ല എനിക്ക് ഉണ്ടായിട്ടുള്ളത്. നമുക്ക് പറഞ്ഞിട്ടുള്ള ആളെ ഞാന്‍ നോക്കുകയാണ്. നമ്മുടെ പ്രൊഫഷനെ കുറിച്ചും കുടുംബത്തെ കുറിച്ചും അറിയുന്ന ആളായിരിക്കണം. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

ബിഗ് ബോസിനെ കുറിച്ച് പറയുകയാണെങ്കില്‍ ആദ്യ രണ്ട് സീസണുകളിലും മത്സരാര്‍ഥികള്‍ തമ്മില്‍ വഴക്കുകളായിരുന്നു. പക്ഷേ നമുക്ക് ഒത്തൊരുമിച്ച് പോവാം എന്നതാണ് ഈ സീസണില്‍ എല്ലാവരും പറഞ്ഞിരുന്നത്. ഏത് വീട്ടിലും വഴക്ക് ഉണ്ടാകുന്നത് പോലെയേ ഇത്തവണ ഉണ്ടായിട്ടുള്ളു. അതുകൊണ്ടാണ് ഒന്നാം സീസണ് കണ്ടതിനെക്കാളും കൂടുതല്‍ ആളുകള്‍ മൂന്നാം സീസണില്‍ ഉണ്ടായത്. ബിഗ് ബോസില്‍ നിന്ന് താന്‍ അന്ന് ഇറങ്ങി പോയിരുന്നെങ്കില്‍ ഒമ്പതരക്കോടി ആളുകളുടെ സ്നേഹം നഷ്ടപ്പെടുത്തുമായിരുന്നു എന്നും മണിക്കുട്ടന് പറയുന്നു.
ഈ പ്ലാറ്റ്ഫോമിലേക്ക് എത്തി കഴിഞ്ഞിട്ട് ആളുകളുടെ വെറുപ്പ് സമ്പാദിക്കാതെ ഇരിക്കുക എന്ന് മാത്രമേ ചിന്തിച്ചിരുന്നുള്ളു. ഒരോ ദിവസവും എങ്ങനെ അവിടെ നിന്ന് പോകും എന്ന് മാത്രമേ കരുതിയിട്ടുള്ളു. 96 ദിവസത്തിന് ശേഷമാണ് ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങുന്നത്. പക്ഷേ പുറത്ത് വന്നതിന് ശേഷം ഒരാഴ്ചത്തെ വോട്ടിങ് ആയിരുന്നു. ആ സമയത്ത് ഈ സീസണില്‍ ഉണ്ടായിരുന്ന മത്സരാര്ഥികളും മറ്റ് താരങ്ങളുമൊക്കെ അവര്‍ക്ക് ഇഷ്ടപ്പെട്ട മത്സരാര്‍ഥികള്‍ക്ക് പിന്തുണയുമായി വന്നു. അവരുടെ പ്രിയ മത്സരാര്‍ഥിയെ കുറിച്ച് പറയുന്നതൊക്കെ ശരിയാണ്. പക്ഷേ ഞാന്‍ അതിന് അര്‍ഹനല്ല എന്ന് പറഞ്ഞത് ഏറെ വേദനിപ്പിച്ചു. അത് എന്റെ സ്വന്തം ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളവരും ഉണ്ടായിരുന്നു എന്നതാണ് കൂടുതല്‍ വേദന നല്‍കിയത്. മറ്റൊരു മത്സരാര്‍ഥിക്കും അങ്ങനൊരു അവസരം വന്നിട്ടില്ലെന്നും നടൻ പറയുന്നു