അവൾക്ക് സ്നേഹമുള്ള രണ്ട് മുത്തശ്ശിമാരെയും ഒരു മുതുമുത്തശ്ശിയെയും നൽകി.. നാല് തലമുറ ഒന്നിച്ചു ചേരുന്ന അപൂർവ്വ ചിത്രം; വൈറലാകുന്നു

അർജുൻ സോമശേഖരനും സൗഭാഗ്യയ്ക്കും ഇരുവരും ആഗ്രഹിച്ചതുപോലെ കഴിഞ്ഞ ദിവസമാണ് ആദ്യ കണ്മണി പിറന്നത്. ആശുപത്രിയിൽ അഡ്മിറ്റ് ആയതിനുശേഷം സൗഭാഗ്യയുടെ എല്ലാ വിശേഷങ്ങളും തന്നെ ഈ ദമ്പതികൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. അർജുൻ തന്നെയാണ് ഈ സന്തോഷം സോഷ്യൽ മീഡിയയിലൂടെ ആദ്യം പുറത്തുവിട്ടത്.

ഇപ്പോഴിതാ തന്റെ മകൾക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോയും പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ.

സൗഭഗ്യയും അമ്മ താരാ കല്യാണും അവരുടെ അമ്മ സുബ്ബലക്ഷ്മിയും കുഞ്ഞാവയുമൊന്നിച്ചുള്ള ഒരു മനോഹരമായ ചിത്രമാണ് സൗഭാഗ്യ പങ്കുവച്ചത്. നാല് തലമുറ ഒന്നിച്ചു ചേരുന്ന ആ അപൂർവചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി ആരാധകരും എത്തി. ‘ഇത് അമൂല്യമായ ചിത്രമല്ലേ? ഒരു മുത്തച്ഛന്റെ സ്നേഹം അനുഭവിക്കാൻ എന്റെ കുഞ്ഞിന് ഭാഗ്യമില്ല. ഏകദേശം 4 വർഷം മുമ്പ് എനിക്ക് എന്റെ അച്ഛനെ നഷ്ടപ്പെട്ടു, എന്റെ ഭർത്താവിന് ഈ വർഷം പപ്പയെ നഷ്ടപ്പെട്ടു. ദൈവം എല്ലായ്‌പ്പോഴും എല്ലാ സൗഭാഗ്യങ്ങളും തരണമെന്നില്ല, പക്ഷേ അവൾക്ക് സ്നേഹമുള്ള രണ്ട് മുത്തശ്ശിമാരെയും ഒരു മുതുമുത്തശ്ശിയെയും നൽകി’ എന്ന ഹൃദ്യമായ കുറിപ്പിനൊപ്പമാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്.

മകൾക്കൊപ്പമുള്ള ആദ്യ ചിത്രത്തിനൊപ്പം സൗഭാഗ്യ കുറിച്ചത് ഇങ്ങനെയായിരുന്നു…

‘നിങ്ങളുടെ ആത്മാർഥമായ സ്നേഹത്തിനും പ്രാർഥനയ്ക്കും എല്ലാവർക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നു. ഭാവിയിലും ഞങ്ങൾക്ക് ഇത് ആവശ്യമാണ്. ഇവൾ സുദർശന അർജുൻ ശേഖർ’ മകൾക്കൊപ്പം ആശുപത്രി കിടക്കയിൽ നിന്നുമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സൗഭാഗ്യ കുറിച്ചതിങ്ങനെ. സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധിയാളുകളാണ് സൗഭാഗ്യയ്ക്കും കുഞ്ഞിനും ആശംസകൾ നേരുന്നത്.

അതോടൊപ്പം തന്നെ അർജുനും കുഞ്ഞിനുമൊപ്പമുള്ള ഒരു കുഞ്ഞു വിഡിയോയും സൗഭാഗ്യ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. കു‍ഞ്ഞിനെ നെഞ്ചോട് ചേർത്ത് കംഗാരു കെയറിങ് ചെയ്യുന്ന മറ്റൊരു ചിത്രം പങ്കുവച്ച് കംഗാരു കെയറിങ്ങിന്റെ ഗുണങ്ങളെ കുറിച്ചും സൗഭാഗ്യ കുറിച്ചു.

അർജുനും സൗഭാഗ്യയുടെ അമ്മയും നടിയുമായ താര കല്യാണുമാണ് സൗഭാഗ്യയ്ക്ക് കുഞ്ഞുണ്ടായ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. അച്ഛനായ വിവരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അർജുനും പങ്കുവച്ചിരുന്നു. കുഞ്ഞിനെ കയ്യിലെടുത്തുള്ള ഫോട്ടോയും അർജുൻ പങ്കുവച്ചിട്ടുണ്ടായിരുന്നു

Noora T Noora T :