‘ലേലു അല്ലു, ലേലു അല്ലു, ലേലു അല്ലു എന്നെ അഴിച്ചുവിട്.. ദൃശ്യം ലൊക്കേഷനിൽ എന്റെ അവസ്ഥ’; വീഡിയോയുമായി നവ്യ നായർ

‘ദൃശ്യം 2’ ലൊക്കേഷനിലെ വിഡിയോ പങ്കുവച്ച് നവ്യ നായർ. ലൊക്കേഷനിലിരുന്ന് കന്നഡ ഡയലോഗ് പഠിക്കുന്നതാണ് വിഡിയോയിൽ കാണാനാകുക. ‘ലേലു അല്ലു, ലേലു അല്ലു, ലേലു അല്ലു എന്നെ അഴിച്ചുവിട് ..ദൃശ്യം ലൊക്കേഷനിൽ എന്റെ അവസ്ഥ’, എന്നാണ് വിഡിയോയുടെ അടിക്കുറിപ്പ്. ഏറെ പ്രയാസപ്പെട്ടാണ് താരം കന്നഡ ഡയലോഗ് പഠിക്കുന്നതെന്ന് വിഡിയോ കാണുമ്പോൾ വ്യക്തം. ദൃശ്യം 2 വിന്റെ കന്നഡ റീമേക്ക് ആയ ‘ദൃശ്യ’യിലാണ് നവ്യ ഇപ്പോൾ അഭിനയിക്കുന്നത്

2014ൽ ദൃശ്യം കന്നഡയിലേക്ക് റീമേക്ക് ചെയ്തപ്പോൾ മലയാളത്തിൽ മീന ചെയ്ത ‘റാണി’ എന്ന കഥാപാത്രം ‘സീത’ എന്ന പേരിൽ നവ്യയാണ് അഭിനയിച്ചത്. അതേ കഥാപാത്രത്തെ തന്നെയാണ് ദൃശ്യ 2 വിലും നവ്യ അവതരിപ്പിക്കുന്നത്. മലയാളത്തിൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം കന്നഡയിൽ സംവിധാനം ചെയുന്നത് പി. വാസുവാണ്. മോഹൻലാലിന്റെ ജോർജ്കുട്ടി എന്ന കഥാപാത്രത്തെ കന്നഡ നടനായ രവിചന്ദ്രനാണ് അവതരിപ്പിക്കുന്നത്. ‘രാജേന്ദ്ര പൊന്നപ്പ’ എന്നാണ് കഥാപാത്രത്തിന്റെ പേര്. സിനിമയിൽ ആശ ശരത്ത് മലയാളത്തിലെ അതേ റോളിൽ എത്തുന്നുണ്ട്. സിദ്ദിഖിന്റെ കഥാപാത്രത്തെ പ്രഭുവാണ് അവതരിപ്പിക്കുന്നത്. ചിത്രം ഡിസംബർ 10ന് റിലീസ് ചെയ്യും.

‘ദൃശ്യ’ ത്തിന് പുറമെ വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ നായർ.

Noora T Noora T :