തന്റെ അടുത്ത ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ട് എത്തുന്നതോടെ നടന്‍ സിജു വിത്സന്‍ സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ത്തപ്പെടുമെന്ന് സംവിധായകൻ വിനയൻ അടുത്തിടെ പറഞ്ഞിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്.
നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന നായക വേഷത്തിലാണ് ചിത്രത്തില്‍ സിജു വിത്സന്‍ എത്തുന്നത്. ഇപ്പോഴിതാ സിജുവിന് എതിരെ വന്ന ഒരു കമന്റിന് മറുപടി കൊടുത്തിരിക്കുകയാണ് വിനയന്‍.
”എല്ലാം കൊള്ളാം ബട്ട് പടത്തിലേ നായകന്‍ താങ്കള്‍ എത്ര കടിപ്പിച്ചാലും ആ മുഖത്ത് ഒന്നും വരാന്‍ പോകുന്നില്ല” എന്നാണ് സിജുവിനെ ഇകഴ്ത്തി കൊണ്ടുള്ള ഒരു കമന്റ്. എന്നാല്‍ സംവിധായകന്‍ എന്ന നിലയില്‍ നടനിലുള്ള തന്റെ ആത്മവിശ്വാസം വെളിപ്പെടുത്തുന്ന രീതിയിലാണ് വിനയന്റെ കമന്റ്.
”ഈ സിനിമ കണ്ടു കഴിയുമ്പോള്‍ മാറ്റിപ്പറയും.. രഞ്ജിത് സിജുവിന്റെ ഫാനായി മാറും ഉറപ്പ്..” എന്നാണ് വിനയന്‍ കമന്റിന് നല്‍കിയിരിക്കുന്ന മറുപടി. വിനയന്റെ മറുപടിക്കും പിന്തുണയ്ക്കും ആശംസകള്‍ അറിയിച്ചും കൈയ്യടിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
കയാദു ലോഹര്‍ ആണ് ചിത്രത്തിലെ നായിക. ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ബിജു പപ്പന്‍, ബൈജു എഴുപുന്ന, മീന, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങി നിരവധി അഭിനേതാക്കളും വിദേശ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അതേസമയം, ഒരു അഭിമുഖത്തില്‍ വിനയന്‍ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. ബാഹുബലി എന്ന ചിത്രം വന്ന ശേഷമാണ് പ്രഭാസിന് സൂപ്പര്‍താര പരിവേഷം കൈവരുന്നത്. അതുപോലെ തന്നെ ഈ ചിത്രം സിജുവിന്റെ കരിയര്‍ മാറ്റി എഴുതും. താന്‍ കൊണ്ടുവന്ന വലിയ താരനിരയിലേക്ക് ഉയര്‍ന്ന മറ്റാരേക്കാളും മുകളിലാകും സിജു എന്നാണ് തന്റെ വിശ്വാസം എന്ന് വിനയന്‍ പറഞ്ഞിരുന്നു.