ചെറിയ വേഷത്തിൽ ആണെങ്കിലും നസീർ സാറുമായും ജയൻ സാറുമായും ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞു; സന്തോഷം പങ്കുവെച്ച് നടൻ; മിനിസ്ക്രീൻ താരത്തെ മനസ്സിലായോ?

ബാലനടനായി അഭിനയ ജീവിതം ആരംഭിച്ച നടൻ രാജീവ് രംഗൻ ഇന്ന് മലയാള സിനിമയിലും സീരിയലിലും തന്റേതായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്. 1977 ൽ ‘വിടരുന്ന മൊട്ടുകൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു രാജീവിന്റെ അരങ്ങേറ്റം.പിന്നീട് ഹൃദയത്തിന്റെ നിറങ്ങൾ, നായാട്ട് തുടങ്ങിയ സിനിമകളിലും ബാലതാരമായി രാജീവ് വേഷമിട്ടു. ‘നായാട്ട്’ എന്ന ചിത്രത്തിൽ പ്രേംനസീറിനും ജയനുമൊപ്പം ഒന്നിച്ച് അഭിനയിച്ചതിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് ഇപ്പോൾ രാജീവ്. ചിത്രത്തിൽ രാജീവിന്റെ അച്ഛനും ഒരു ചെറിയ വേഷം ചെയ്തിരുന്നു.

“ചെറിയ വേഷത്തിൽ ആണെങ്കിലും, മലയാള സിനിമയിലെ മഹാരഥൻമാരായ നസീർ സാറുമായും ജയൻ സാറുമായും ഒരുമിച്ച് ഞാനും എന്റെ അച്ഛനും (അറസ്റ്റ് ചെയ്യാൻ വരുന്ന ഓഫിസർമാരിൽ ഒരാൾ ) ‘നായാട്ട്’ (1980) എന്ന അന്നത്തെ സൂപ്പർ ഹിറ്റ്‌ ചിത്രത്തിൽ അഭിനയിക്കുവാൻ കഴിഞ്ഞു എന്നതിൽ ഒരുപാട് അഭിമാനിക്കുന്നു,” എന്നാണ് രാജീവ് ഫേസ്ബുക്കിൽ കുറിച്ചത്.

തിരുവനന്തപുരം സ്വദേശിയാണ് രാജീവ്. ബാലതാരമായി എത്തിയ രാജീവ് ഒരു ഇടവേളയ്ക്കുശേഷം 1989ൽ മമ്മൂട്ടി നായകനായ ‘ചരിത്രം’ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തിയത്. അതിനുശേഷം ഹിസ് ഹൈനസ്സ് അബ്ദുള്ള, അർത്ഥന, സ്ത്രീധനം തുടങ്ങി ഇരുപത്തിയഞ്ചിലധികം സിനിമകളിൽ അഭിനയിച്ചു.

സിനിമകളിലേക്കാൾ കൂടുതൽ രാജീവിന് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത് ടെലിവിഷൻ സീരിയലുകളാണ്. നിരവധി സീരിയലുകളിലും രാജീവ് വേഷമിട്ടു. അഹം, ദശരഥം എന്നിവയുൾപ്പെടെ അഞ്ച് സിനിമകളുടെ സഹസംവിധാനവും രാജീവ് നിർവ്വഹിച്ചിട്ടുണ്ട്. 2014ൽ ‘മകൻ’ എന്ന ചിത്രത്തിലൂടെ രാജീവ് രംഗൻ സ്വതന്ത്ര സംവിധായകനായി മാറി. ഭിന്നശേഷിക്കാരനായ ഒരു കുട്ടിയുടെ കഥയാണ് ചിത്രം പറഞ്ഞത്. മികച്ചൊരു ഗായകൻ കൂടിയാണ് രാജീവ് രംഗൻ.

Noora T Noora T :