എസ് പി ബാലസുബ്രഹ്‍മണ്യം അവസാനമായി ആലപിച്ച ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. സിരുത്തൈ ശിവയുടെ രജനി ചിത്രമായ അണ്ണാത്തെയിലെ ഗാനമാണ് പുറത്തുവിട്ടത്. ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍കൊണ്ട് പാട്ട് സൂപ്പര്‍ ഹിറ്റ് ആയി മാറിയിരിക്കുകയാണ്. വളരെ വൈകാരികമായിട്ടായിരുന്നു ഗാനം പുറത്തുവിട്ടപ്പോള്‍ രജനികാന്ത് സാമൂഹ്യമാധ്യമത്തില്‍ പ്രതികരിച്ചത്.
എസ് പി ബി തനിക്ക് വേണ്ടി പാടുന്ന അവസാനത്തെ പാട്ടായിരിക്കും ഇതെന്ന് കരുതിയില്ലെന്ന് രജനികാന്ത് ട്വീറ്റ് ചെയ്തു. ’45 വര്‍ഷങ്ങള്‍ എന്റെ ശബ്ദമായി ജീവിച്ച എസ് പി ബി അണ്ണാത്തെ ചിത്രത്തില്‍ എനിക്ക് വേണ്ടി പാടിയ പാട്ടിന്റെ ഷൂട്ടിംഗ് സമയത്ത് ഇത് അവന്‍ എനിക്ക വേണ്ടി പാടുന്ന അവസാനത്തെ പാട്ടായിരിക്കും ഇതെന്ന് ചിന്തിച്ചിട്ടില്ല. എന്റെ സ്‌നേഹം ശബ്ദം വഴി എന്നും ജീവിച്ചുകൊണ്ടിരിക്കും’രജനീകാന്ത് കുറിച്ചു.
പതിനാറ് മണിക്കൂറുകൊണ്ട് ഇരുപത് ലക്ഷത്തിന് മുകളില്‍ പ്രേക്ഷകരാണ് പാട്ട് ഏറ്റെടുത്തിരിക്കുന്നത്. വേഷ്ടിയും ഷര്‍ട്ടും ധരിച്ച് ഗ്രാമീണ ഉത്സവത്തിന്റെ പശ്ചാത്തലത്തിലാണ് പാട്ട്. വിവേകയുടെ വരികള്‍ക്ക് ഡി ഇമ്മനാണ് സംഗീതം നല്‍കിയിരിക്കുന്നത്.
ചിത്രം നവംബര്‍ 4ന് ദീപാവലി റിലീസായി തീയേറ്ററുകളില്‍ എത്തും. ദര്‍ബാറിന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. രജനികാന്തും സംവിധായകന്‍ ശിവയും ആദ്യമായി ഒന്നിക്കുന്ന ‘അണ്ണാത്തെ’ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. പടയപ്പാ, അരുണാചലം പോലെ ഒരു മാസ്സ് ചിത്രമായിരിക്കും അണ്ണാത്തെ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.