അച്ഛന്റെ പേര് എന്താ ? പിഷു എന്ന് മകൻ; പിഷാരടിയ്ക്ക് കിടിലൻ പിറന്നാളാശംസകളുമായി മഞ്ജു വാര്യർ

നടനും സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടി ഇന്ന് നാൽപ്പതാം പിറന്നാൾ ആഘോഷിക്കുകയാണ്. താരങ്ങളും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് നടന് പിറന്നാളാശംസകളുമായി എത്തുന്നത്.

അക്കൂട്ടത്തിൽ, നടി മഞ്ജുവാര്യർ പങ്കുവച്ച വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. “നല്ല ജന്മദിനമായിരിക്കട്ടെ പിഷൂ…. ഞാൻ നിന്നെ സ്നേഹിക്കുന്നു,” എന്ന കുറിപ്പോടെയാണ് രസകരമായ വീഡിയോ മഞ്ജു ഷെയർ ചെയ്തിരിക്കുന്നത്.

പിഷാരടിയും മകനുമാണ് വീഡിയോയിൽ നിറഞ്ഞു നിൽക്കുന്നത്. മകനോട് അച്ഛാ എന്നു വിളിക്കാൻ പറയുമ്പോൾ പിഷൂ എന്നു വിളിക്കുകയാണ് കുഞ്ഞ്. അച്ഛന്റെ പേര് എന്താ എന്ന ചോദ്യത്തിനും പിഷു എന്നാണ് മോന്റെ ഉത്തരം.

മഞ്ജു പങ്കുവച്ച വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വീഡിയോയ്ക്ക് കമന്റുമായി ഗീതു മോഹൻദാസും പൂർണിമ ഇന്ദ്രജിത്തുമെല്ലാം രംഗത്തെത്തിയിട്ടുണ്ട്.

സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ രമേശ് പിഷാരടി 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചു.

2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.നവാഗതനായ നിതിൻ ദേവീദാസ് സംവിധാനം ചെയ്യുന്ന ‘നോ വേ ഔട്ട്” എന്ന ചിത്രത്തിലാണ് രമേശ് പിഷാരടി ഇനി അഭിനയിക്കുന്നത്. ചിത്രത്തിൽ നായകനായാണ് പിഷാരടി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കുഞ്ചാക്കോ ബോബനാണ് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.

Noora T Noora T :