കൊവിഡിന്റെ രണ്ടാം വരവില്‍ സമൂഹത്തിന് കൈത്താങ്ങായ താരമാണ് സോനു സൂദ്. രോഗികൾക്ക് ഓക്സിജനും മരുന്നുകളും എത്തിക്കുന്നതിന് മുന്നിൽ തന്നെ ഉണ്ട് സോനുവും കൂട്ടരും. രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് സോനു സൂദ് ഫൗണ്ടേഷന്‍ ഇപ്പോൾ.
18 ഓക്‌സിജന്‍ പ്ലാന്റുകളാണ് താരം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി സ്ഥാപിക്കാന്‍ പോകുന്നത്. ക്രിപ്‌റ്റോ റിലീഫിന്റെ സഹായത്തോടെയാണ് സോനു സൂദ് ഫൗണ്ടേഷന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുക.
ആന്ധ്ര പ്രദേശിലെ കുര്‍നൂല്‍, നെല്ലൂര്‍ എന്നീ പ്രദേശങ്ങളിലാണ് താരം ആദ്യ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള കാര്യങ്ങള്‍ ചെയ്തത്. അതിന് ശേഷം മങ്കലാപുരത്തും കര്‍ണ്ണാടകയിലും പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തി. തമിഴ്‌നാട്, കര്‍ണ്ണാടക, പഞ്ചാബ്, ഉത്തകാഖണ്ട്, തെലങ്കാന, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ് എന്നിങ്ങനെ നിരവധി സംസ്ഥാനങ്ങളില്‍ പ്ലാന്റുകള്‍ സ്ഥാപിക്കും.
’കഴിഞ്ഞ കുറച്ച് മാസങ്ങളായ രാജ്യത്ത് ഓക്‌സിജന്റെ ക്ഷാമമാണ് കണ്ട് വരുന്നത്. അതിനാല്‍ ഞാനും എന്റെ ടീമും ഓക്‌സിജന്‍ പ്രശ്‌നം വേരോടെ തീര്‍ക്കണമെന്ന് തീരുമാനിച്ചു. അതിന് ഓക്‌സിജന്‍ പ്ലാന്റുകള്‍ വിവധ സ്ഥലങ്ങളിലായി സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പാവപ്പെട്ട ജനങ്ങളെ ചികിത്സിക്കുന്ന ആശുപത്രികളിലാണ് ഓക്‌സജിന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പോകുന്നത്. രാജ്യത്തെ എല്ലാവര്‍ക്കും ഓക്‌സിജന്‍ ലഭിക്കണമെന്നും ആരും ഓക്‌സിജന്‍ ഇല്ലാതെ മരണപ്പെടരുതെന്നുമാണ് ഇതിലൂടെ ഞങ്ങള്‍ ലക്ഷ്യം വെക്കുന്നത്’, എന്ന് സോനു പറഞ്ഞു. നിലവില്‍ 750 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഫൗണ്ടേഷന്‍ നല്‍കി കഴിഞ്ഞു.