ലാലേട്ടന് മുന്നേ ഈ രംഗം ശോഭന ചെയ്‌തു; ആഘോഷിക്കപ്പെടാതെ പോയ ഹിറ്റ്ലറിലെ ആ രംഗം

അടിക്കാൻ വരുന്നവന്റെ കഴുത്തിൽ കാൽ വച്ചു ചവുട്ടി സ്റ്റൈലിൽ നിൽക്കുന്ന മോഹൻലാലിന്റെ മാസ് ആക്‌ഷൻ രംഗങ്ങൾ .. ലൂസിഫറിലെ ആ രംഗങ്ങൾ ഇപ്പോഴും കണ്ടാൽ വിസിലടിച്ച് ആഘോഷമാക്കുന്നവരാണ് മലയാളികൾ. എന്നാൽ ലൂസിഫറിലെത് പോലെ സമാനമായൊരു രംഗം നടി ശോഭനയും അവതരിപ്പിച്ചിരുന്നു.
മമ്മൂട്ടി നായകനായെത്തിയ ഹിറ്റ്ലർ എന്ന ചിത്രത്തിൽ. ജോസ്മോൻ വാഴയിൽ എന്ന സിനിമാപ്രേമിയുടേതാണ് രസകരമായ കണ്ടെത്തൽ. നൃത്തം മാത്രമല്ല അസാമാന്യമായ മെയ്്‍വഴക്കത്തോടെ ആക്‌ഷൻ രംഗങ്ങളും ചെയ്യാൻ കെൽപ്പുള്ള നടിയാണ് ശോഭനയെന്ന് തെളിയിക്കുന്നതാണ് ഹിറ്റ്ലറിലെ രസകരമായ ആ രംഗങ്ങൾ.

അവിചാരിതമായി കണ്ട ശോഭനയുടെ കിടിലൻ ആക്‌ഷൻ രംഗത്തെപ്പറ്റി ജോസ്മോൻ ഫെയ്സ്ബുക്കിലെ സിനിമാപ്രേമികളുടെ ഗ്രൂപ്പായ എംത്രീഡിബിയിൽ പങ്കുവച്ചതിങ്ങനെ:

ചുമ്മാ ഒരു രസത്തിനു ഹിറ്റ്ലർ സിനിമ വീണ്ടും കണ്ടിരിക്കുമ്പോഴാണ്‌ ഈ ഒരു സീൻ ശ്രദ്ധയിൽ പെട്ടത്‌. ഇന്നസെന്റും കൊച്ചിൻ ഹനീഫയും കൂടി ശോഭനയെ പിടിച്ചു കൊണ്ട്‌ വന്നിട്ട്‌ അവസാനം ബലമായി തിരിച്ചു കൊണ്ടുപോയി വിടാൻ ശ്രമിക്കുമ്പോൾ, ഞാൻ വരില്ലാ എന്നും പറഞ്ഞ്‌ ശോഭന എതിർത്തുകൊണ്ടുള്ള ഈ സീൻ.

രണ്ടു പേരും ചേർന്ന്‌ വലിക്കുമ്പോൾ വാതിലിന്റെ കട്ടിളപ്പടിയിൽ ചവിട്ടിപ്പിടിച്ചൊരു പ്രകടനം… അതും ഇന്നസെന്റിന്റെ കഴിത്തിനൊപ്പം ആണ്‌ ശോഭന കാലുകൊണ്ട്‌ ചവിട്ടിപ്പിടിച്ചിരിക്കുന്നത്‌ എന്ന്‌ കണ്ടപ്പോ അന്തം വിട്ടു. രണ്ട്‌ മൂന്ന്‌ തവണ കണ്ടു നോക്കി, ഇത്ര ഈസിയായിട്ട്‌ അത്ര ഉയരത്തിൽ ചവിട്ടിപ്പിടിച്ചിരിക്കുന്ന ആ മെയ്വ്വഴക്കം…! ശരിയാണ്‌, ശോഭനയുടെ ഡാൻസിലൂടെ ഈ മെയ്‌വഴക്കം പലതവണ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്‌. നമ്മൾ കണ്ടിട്ടുള്ളതാണ്‌. എന്നാൽ മലയാളസിനിമയിൽ ഈ ഒരു കഴിവിനെ ഉപയോഗിച്ചിട്ടില്ല എന്ന്‌ തോന്നുന്നു. ശെരിയല്ലെ?

Noora T Noora T :