2018 ലെ മലയാള സിനിമയിലെ സ്ലീപ്പർ ഹിറ്റുകൾ !!

2018 ലെ മലയാള സിനിമയിലെ സ്ലീപ്പർ ഹിറ്റുകൾ !!

മലയാള സിനിമ ലോകത്ത് വിവാദങ്ങളുടെയും വിടപറയലുകളുടെയും ഒരു വർഷമാണ് കടന്നു പോയത്. സംഭവ ബഹുലമായ 2018 ൽ 156 ചിത്രങ്ങളാണ് മലയാളത്തിൽ പ്രദർശനത്തിന് എത്തിയത്. മുൻ വർഷത്തെ അപേക്ഷിച്ച് സിനിമകളുടെ എണ്ണത്തിൽ കാര്യമായ വളർച്ചയുണ്ടെന്നതല്ലാതെ വിജയ ചിത്രങ്ങളുടെ പട്ടികയെടുത്താൽ കുറവാണ്. ‘അമ്മ – ഡബ്ള്യു സി സി ചേരി തിരിവും ദിലീപ് പ്രശനവുമൊക്കെ കലുഷിതമാക്കിയ മലയാളത്തിൽ പതുക്കെയെങ്കിലും വിജയം നേടിയ കലാമൂല്യമുള്ള കുറച്ച് ചിത്രങ്ങളുണ്ട്.

വലിയ ഹൈപ്പ് നൽകി എത്തിയ ചിത്രങ്ങൾ വാണിജ്യ വിജയം പോലും നേടാതെ മടങ്ങിയപ്പോൾ ആരുമറിയാതെ ,വലിയ പ്രചാരണങ്ങളോ താരങ്ങളോ ഇല്ലാതെ എത്തി പതുക്കെ പതുക്കെ ഹിറ്റായി മാറിയ ചില ചിത്രങ്ങളുണ്ട്. അതിൽ ആദ്യം പറയേണ്ട ചിത്രമാണ് ക്വീൻ . പുതുമുഖങ്ങൾ മാത്രം അണിനിരന്ന സിനിമയിൽ ക്യാമ്പസ് പശ്ചാത്തലത്തിൽ സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്.

സൗഹൃദത്തിനപ്പുറം സമൂഹ മനസാക്ഷിയോട് കുറെ ചോദ്യങ്ങൾ ചോദിക്കാനും കയ്യടി നേടാനും ഈ ചിത്രത്തിനായി. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത സിനിമയിൽ ധ്രുവൻ , സാനിയ ഇയ്യപ്പൻ തുടങ്ങിയവരാണ് വേഷമിട്ടത്. ചിന്നു എന്ന കഥാപാത്രവും സിനിമയിലൂടെ ശ്രദ്ധിക്കപെട്ടു. മോഹൻലാലിനെ പറ്റിയുള്ള ലാലേട്ടൻ എന്ന ഗാനം ഇപ്പോളും കേരളത്തിൽ തരംഗമാണ്.

മാർച്ചിൽ റിലീസ് ചെയ്ത സുഡാനി ഫ്രം നൈജീരിയയും അത്തരത്തിൽ മെല്ലെ വിജയം നേടിയ ചിത്രമാണ്. സൗബിൻ ഷാഹിർ നായകനായ ചിത്രത്തിൽ ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ രസകരമായ ചില ജീവിത ബന്ധങ്ങളാണ് കാണിക്കുന്നത്. നൈജീരിയയിൽ നിന്നും ചിത്രത്തിലഭിനയിക്കാനെത്തിയ സാമുവേൽ അബിയോള റോബിൻസൺ സിനിമയിലൂടെ മലയാളികളുടെ സുടുമോനായി മനസിൽ ചേക്കേറി. തുടക്കത്തിൽ വലിയ തരംഗമൊന്നുമായില്ലെങ്കിലും മെല്ലെ സുഡാനി ഫ്രം നൈജീരിയ തിയേറ്ററിൽ ആളെ നിറച്ചു.

ഈ മ യു എന്ന ചിത്രത്തെ പറ്റി ഒന്നും പറയേണ്ട കാര്യമില്ല. കാരണം അത്രയധികം പുരസ്‌കാരങ്ങൾ ചിത്രം വാരിക്കൂട്ടിക്കഴിഞ്ഞു. എന്നാൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ചെമ്പൻ വിനോദ് ജോസും വിനായകനും ദിലീഷ് പോത്തനും അണിനിരന്ന ചിത്രം തുടക്കത്തിൽ ഒരനക്കവും സൃഷ്ടിച്ചില്ല. കലാമൂല്യമുള്ള ചിത്രങ്ങളെ വൈകിയെങ്കിലും തിരിച്ചറിയപ്പെടാൻ കേരളത്തിൽ അവസരമുള്ളത് കൊണ്ട് ഈ മ യു ഇരുളിൽ മറഞ്ഞില്ല .

പിന്നീട് എത്തിയ കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ജീൻ മാർക്കോസ് ചിത്രം സുരാജ് വെഞ്ഞാറമൂടിന്റെ വെത്യസ്ഥമായൊരു കഥാപാത്രമാണ് കുട്ടൻപിള്ളയുടെ ശിവരാത്രിയിൽ ആവിഷ്കരിക്കപ്പെട്ടത് . സുരാജിനൊപ്പം നാല്പതോളം പുതുമുഖങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്. അതിൽ ഒട്ടുമിക്കവരും മലയാള സിനിമയിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു.

ലില്ലി എന്ന ത്രില്ലർ ചിത്രം മലയാള സിനിമാക്കൊരു മുതൽക്കൂട്ടാണ്. ഒരു വ്യത്യസ്തമായൊരു അനുഭവമാണ് ലില്ലി സൃഷ്ടിച്ചത് .ലില്ലിയിലൂടെ പ്രശോഭ് വിജയൻ സംയുക്ത മേനോൻ എന്ന നല്ലൊരു നടിയെ മലയാളത്തിന് സമ്മാനിച്ചു . പക്ഷെ , സിനിമ ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കാൻ അണിയറക്കാർക്ക് സാധിച്ചില്ല എന്ന് മാത്രമാണ് കുറവ്. പക്ഷെ മെല്ലെ ലില്ലിയും മികച്ച വിജയചിത്രങ്ങളുടെ ഭാഗമായി.

വർഷാവസാനത്തിലാണ് ജോസഫ് എത്തിയത്. ജോജു ജോർജ് നായകനായ ചിത്രം ഒരു തരത്തിലുള്ള മാര്കറ്റിങ്ങും ഇല്ലാതെയാണ് തിയേറ്ററുകളിൽ എത്തിയത്. എന്നാൽ തുടക്കത്തിൽ ഒഴിഞ്ഞു കിടന്ന കസേരകൾ നിറയ്ക്കാൻ മെല്ലെ ചിത്രത്തിന് സാധിച്ചു. എം. പദ്മകുമാർ സംവിധാനം ചെയ്ത സിനിമ 2018 ലെ മികച്ച വിജയങ്ങളിലൊന്നാണ്.

sleeper hits of 2018

Sruthi S :